India - 2024

മദര്‍ തെരേസയ്ക്കെതിരെയുള്ള ആരോപണം മാപ്പര്‍ഹിക്കാത്തത്: നെയ്യാറ്റിന്‍കര രൂപത

സ്വന്തം ലേഖകന്‍ 14-07-2018 - Saturday

നെയ്യാറ്റിന്‍കര: മദര്‍ തെരേസയ്ക്കെതിരെയുള്ള ആര്‍‌എസ്‌എസ് നേതാവിന്റെ പ്രസ്താവനയെ അപലപിച്ചു നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ അവഹേളിക്കുന്നതു മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് രൂപത വ്യക്തമാക്കി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മദറിന്റെ സേവനങ്ങള്‍ക്ക് രാജ്യം നല്‍കിയ ഭാരതരത്‌നം തിരിച്ച് വാങ്ങണമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് വഴി മദര്‍തെരേസയെ പരസ്യമായി അപമാനിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. മദര്‍ തെരേസയുടെ സന്യാസ സഭയായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും മാപ്പര്‍ഹിക്കുന്നതല്ല.

പരസ്പര വിരുദ്ധമായി സംഘപരിവാര്‍ സംഘടനകള്‍ മദറിനെതിരെ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു പറഞ്ഞു. എല്‍സിവൈഎം രൂപതാ പ്രസിഡന്റ് അരുണ്‍ തോമസ് പ്രസംഗിച്ചു. നാളെ എല്‍സിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മദര്‍ തെരേസയുടെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ നാളെ രാവിലെ 10 ന് പ്രതിഷേധ കൂട്ടായ്മ നടക്കും. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഉദ്ഘാടനം ചെയ്യും സഹവികാരി ഫാ.അലക്‌സ് സൈമണ്‍ മുഖ്യ സന്ദേശം നല്‍കും. അതേസമയം മദര്‍ തെരേസയെ നിന്ദിച്ചു സംസാരിച്ച ആര്‍‌എസ്‌എസ് നേതാവിന്റെ പ്രവര്‍ത്തിയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.


Related Articles »