India - 2024

മാര്‍ ഈവാനിയോസ് പ്രചരിപ്പിച്ചതു മനുഷ്യത്വം: കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ

സ്വന്തം ലേഖകന്‍ 15-07-2018 - Sunday

തിരുവനന്തപുരം: ഒരു നല്ല നേതാവ് എന്ന നിലയില്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പ്രചരിപ്പിച്ചതു മനുഷ്യത്വമാണെന്നും ദൈവത്തിന്റെ അമൂല്യ സമ്മാനമാണ് അദ്ദേഹമെന്നും ജര്‍മ്മനിയിലെ കൊളോണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65ാം ഓര്‍മപ്പെരുന്നാളിന്റെ സമാപനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഒരുമയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് മലങ്കര മക്കളെ ഒരു മഹത്തായ സമൂഹമാക്കി വളര്‍ത്തിയതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഇന്നലെ രാവിലെ പട്ടം സന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റിലെത്തിയ കര്‍ദ്ദിനാള്‍ വോള്‍ക്കിക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി. തുടര്‍ന്നു അംശ വസ്ത്രങ്ങള്‍ ധരിച്ച വൈദികരും മേല്‍പ്പട്ടക്കാരും കത്തീഡ്രല്‍ മദ്ബഹായിലേക്കു പ്രദക്ഷിണമായി നീങ്ങി. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി നടന്നു.

ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, വിന്‍സന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവരും വികാരി ജനറാള്‍മാര്‍, സുപ്പീരിയര്‍ ജനറല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, കോര്‍ എപ്പിസ്‌കോപ്പമാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കഴിഞ്ഞ ഒന്നിന് ആരംഭിച്ച 65ാം ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയായി.


Related Articles »