India - 2024

മിഷ്ണറീസ് ഓഫ് ചാരിറ്റിയെ അവഹേളിച്ച് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 18-07-2018 - Wednesday

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സേവനങ്ങളെ അവഹേളിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ നടപടി. രാജ്യത്തെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ മുഴുവന്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം രാജ്യത്തെ മറ്റു ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനയോ നടപടികളോ നിര്‍ദേശിച്ചിട്ടില്ലായെന്നത് സര്‍ക്കാരിന്റെ ഇരട്ടത്വം വ്യക്തമാക്കുകയാണ്.

കോണ്‍ഗ്രിഗേഷന്‍റെ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനങ്ങളെല്ലാം സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റിയുടെ (സിഎആര്‍എ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു മാസത്തിനുള്ളില്‍ ഉറപ്പുവരുത്തണമെന്നും ബി‌ജെ‌പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് സ്ഥാപനത്തില്‍ ഒരു കുട്ടിയെ വില്പന നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ മാത്രം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കോണ്‍ഗ്രിഗേഷനുമായി ബന്ധമില്ലാത്ത മറ്റൊരാളുടെ വ്യക്തിപരമായ നടപടിയുടെ പേരില്‍ ജുഡീഷല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളും പ്രചരിപ്പിക്കുന്നതില്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ ദുഃഖം പ്രകടിപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി. ബിജെപി സര്‍ക്കാര്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഇതിനെ ശരിവയ്ക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.


Related Articles »