India - 2024

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കെതിരെയുള്ള കേന്ദ്ര ഇടപെടല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായി

സ്വന്തം ലേഖകന്‍ 20-07-2018 - Friday

ന്യൂഡല്‍ഹി: മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഹേളനപരമായ നിലപാട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ലോക്‌സഭാ ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാല്‍. തങ്ങളുടെ രാഷ്ട്രീയത്തിന് അനിഷ്ടമായ ആശയങ്ങളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്നതിനു പുറമേ അന്വേഷണ ഏജന്‍സികളെ വിട്ടു റെയ്ഡ് നടത്തിക്കുന്നതാണു മോദിസര്‍ക്കാരിന്റെ ഇപ്പോഴത്തെ രീതിയെന്നും ഇതിന് ഉദാഹരണമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ പരാമര്‍ശം. ഒരേസമയം ആള്‍ക്കൂട്ട അതിക്രമങ്ങളെ അപലപിക്കുകയും കുറ്റവാളികളെ അനുമോദിക്കുകയും ചെയ്യുന്ന കാപട്യമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബി‌ജെ‌പി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ദേശീയ നേതാക്കള്‍ രംഗത്തെത്തിയിരിന്നു.


Related Articles »