India - 2024
പ്രളയക്കെടുതി: ജാതിമതഭേദമന്യേ എല്ലാവര്ക്കും അടിയന്തര സഹായമെത്തിക്കാന്‍ കര്‍ദ്ദിനാളിന്റെ ആഹ്വാനം
സ്വന്തം ലേഖകന്‍ 20-07-2018 - Friday
കൊച്ചി: സഭയുടെ വിവിധ തലങ്ങളില്‍നിന്ന് പ്രളയക്കെടുതിയില്‍ ക്ലേശമനുഭവിക്കുന്ന ജാതിമതഭേദമന്യേ എല്ലാവര്ക്കും അടിയന്തര സഹായമെത്തിക്കാന്‍ നടപടികളെടുക്കണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആഹ്വാനം. രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുതിയ വീടുകള്‍ നിര്‍മിക്കുക, കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കുക, രോഗാവസ്ഥയിലുള്ളവര്‍ക്കു ചികിത്സാസഹായം നല്‍കുക, കൃഷിനാശം സംഭവിച്ചവര്‍ക്കു സര്‍ക്കാര്‍ സഹായം എത്തിച്ചുകൊടുക്കാനുളള മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ ദുരിതനിവാരണ നടപടികളുമായി മുന്നോട്ടുപോകണം.
പ്രളയക്കെടുതിയില്‍ വേദനിക്കുന്ന എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. വീടും പുരയിടങ്ങളും കൃഷിയുമെല്ലാം നഷ്ടമായവരുടെ നികത്താനാവാത്ത വേദനയില്‍ പങ്കുചേരുന്നു. മഴക്കെടുതിയില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഹ്വാനങ്ങളോടും നിര്‍ദേശങ്ങളോടും ചേര്‍ന്നുനിന്നു സീറോ മലബാര്‍ സഭയിലെ സാമൂഹ്യസേവനവിഭാഗവും മറ്റു പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.