India - 2024

അടിച്ചമര്‍ത്തലും പീഡനവും സഭയെ തകര്‍ക്കുകയല്ല, വളര്‍ത്തുന്നു: മാര്‍ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 23-07-2018 - Monday

ഭരണങ്ങാനം: മതപീഡനങ്ങളും അടിച്ചമര്‍ത്തലുകളും സഭയെ തകര്‍ക്കുകയല്ല, സഭയുടെ വളര്‍ച്ചയ്ക്കു കാരണമാകുകയാണെന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ രൂപതയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ എസ്എംവൈഎം നേതൃത്വം കൊടുത്ത അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിലും സന്യസ്ത യുവജനസംഗമത്തിലും അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ കുത്തൊഴുക്കിലും ഭൗതികതയുടെ അതിപ്രസരത്തിലും ലോകം മുന്നോട്ടുപോകുമ്പോഴും സമര്‍പ്പണ സന്യാസ ജീവിതത്തിന് വളരെ പ്രസക്തിയുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

സന്യാസജീവിതം മരുഭൂമിയിലേക്കുള്ള യാത്രയാണെന്നും മരുഭൂമി ദൈവാനുഗ്രഹത്തിന്റെ ഇടമാണെന്നും അതിനാല്‍ മരുഭൂമിയിലെ മാലാഖമാരാകാന്‍ ഓരോ സമര്‍പ്പിതര്‍ക്കും കഴിയണമെന്നും മാര്‍ മുരിക്കന്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ പാലാ രൂപത എസ്എംവൈഎം നേതൃത്വം കൊടുത്ത അല്‍ഫോന്‍സാ തീര്‍ത്ഥാടനം അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാര മഠാങ്കണത്തില്‍ നിന്നുമാണ് ആരംഭിച്ചത്. ജപമാല പ്രദക്ഷിണത്തിലും സന്യസ്ത യുവജനസംഗമത്തിലും അഞ്ഞൂറിലധികം സന്ന്യാസിനികളും ആയിരത്തിലധികം യുവജനങ്ങളും പങ്കെടുത്തു.

രൂപതയുടെ 170 ഇടവകകളില്‍നിന്നും പങ്കെടുത്ത സമര്‍പ്പിതരെ എസ്എംവൈഎം പാലാ രൂപതാസമിതി ആദരിക്കുന്ന ചടങ്ങും ഇന്നലെ നടന്നു. രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറന്പില്‍ ആമുഖസന്ദേശം നല്‍കി. വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എസ്എംവൈഎം അസി. ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ഷൈനി ഡിഎസ്ടി, വൈസ് പ്രസിഡന്റ് ശീതള്‍ വെട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »