India - 2024

കുട്ടനാടിന് സഹായഹസ്തവുമായി തലശ്ശേരി പാലക്കാട് രൂപതകള്‍

സ്വന്തം ലേഖകന്‍ 23-07-2018 - Monday

തലശ്ശേരി/ പാലക്കാട്: പ്രളയ കെടുതി നേരിടുന്ന കുട്ടനാടിന് സഹായഹസ്തവുമായി തലശ്ശേരി പാലക്കാട് രൂപതകള്‍. തലശ്ശേരി അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പത്ത് ടൺ അരിയും പയറുമായി ആദ്യത്തെ വാഹനം ഇന്നലെ കുട്ടനാട്ടിലേയ്ക്ക് യാത്രയായി. കേരള സന്ദര്‍ശനത്തിന് എത്തിയ ജർമ്മനിയിലെ കൊളോൺ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്നര്‍ മരിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടും സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും അല്‍മായരും സന്നിഹിതരായിരിന്നു.

നേരത്തെ കുട്ടനാട്ടിന് സഹായഹസ്തവുമായി പാലക്കാട് രൂപതയുടെ സാമൂഹ്യ സേവന വിഭാഗവും രംഗത്തെത്തിയിരിന്നു. ഭക്ഷ്യയോഗ്യമായ ഒരു ലോഡ് ഏത്തപ്പഴമാണ് കുട്ടനാട്ടില്‍ അവര്‍ എത്തിച്ചു നല്‍കിയത്. വടക്കുഞ്ചേരിയിൽവച്ച് ലൂർദ്ദ് ഫൊറോന വികാരി ഫാ. സേവ്യർ മാറാമറ്റമാണ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തത്. ഫാ.ജക്കബ് മാവുങ്കൽ, പിഎസ്എസ്പി സംഘാടകർ എന്നിവര്‍ നേതൃത്വം നൽകി. ദുരിതകയത്തിലായിരിക്കുന്ന കുട്ടനാട്ടില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ രൂപതകള്‍ രാപ്പകലില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


Related Articles »