India - 2024

തിരുനാള്‍ ലഘൂകരിച്ച് കുട്ടനാടിനു കാരുണ്യ സ്പര്‍ശവുമായി പുന്നപ്ര ദേവാലയം

സ്വന്തം ലേഖകന്‍ 24-07-2018 - Tuesday

ആലപ്പുഴ: വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ലഘൂകരിച്ച് കുട്ടനാടിന്റെ കണ്ണീരൊപ്പിക്കൊണ്ട് പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് പള്ളി. 18 മുതല്‍ 22 വരെ നടന്ന തിരുനാള്‍ പൊലിമ കുറച്ചു ദുരിതബാധിതരെ സഹായിക്കണമെന്ന നിര്‍ദേശം വികാരി ഫാ. ബിജോയ് അറയ്ക്കലാണ് മുന്നോട്ടുവച്ചത്. ഇക്കാര്യം തിരുനാള്‍ പ്രസുദേന്തിമാരും യുവജനങ്ങളും ഏറ്റെടുക്കുകയായിരിന്നു. പ്രസുദേന്തിമാരുടെ സഹായത്തിനൊപ്പം ഫാ. ബിജോയ് അറയ്ക്കല്‍ തന്റെ വിഹിതം കൂടി നല്‍കുകയായിരിന്നു. പണമായും അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളുമായൊക്കെയായി അനേകര്‍ തങ്ങളുടെ സംഭാവന പള്ളിയ്ക്കു നല്‍കി.

അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റ് യുവദീപ്തി പ്രവര്‍ത്തകര്‍ തയാറാക്കി. ദിവസവും രാവിലെ എട്ടോടെ പ്രാര്‍ത്ഥനയ്ക്കുശേഷം ഭക്ഷ്യധാന്യങ്ങള്‍ വാഹനത്തില്‍ പള്ളാത്തുരുത്തിയിലെത്തിച്ചു. അവിടെനിന്നു ചെറുവള്ളങ്ങളില്‍ ഭക്ഷ്യ കിറ്റുകള്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു. പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പെരുന്തുരുത്ത്, മാന്നാര്‍, ആയാംകുടി, അല്‍ഫോന്‍സാപുരം, വാലാച്ചിറ പ്രദേശത്ത് ഒരാഴ്ചയായി ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ദുരിതബാധിത മേഖലയില്‍ സഭയിലെ വിവിധ രൂപതകള്‍ തങ്ങളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


Related Articles »