India - 2024

ദൈവം നിശ്ചയിച്ചിട്ടുള്ള മാര്‍ഗങ്ങളില്‍ ജീവിതവിശുദ്ധി പ്രാപിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 25-07-2018 - Wednesday

ഭരണങ്ങാനം: വിശുദ്ധി പ്രാപിക്കുന്നതിന് ദൈവം അല്‍ഫോന്‍സാമ്മയ്ക്ക് അനുവദിച്ച മാര്‍ഗം സഹനത്തിന്റേതായിരുന്നുവെന്നും ദൈവം നിശ്ചയിച്ചിട്ടുള്ള മാര്‍ഗങ്ങളില്‍ ജീവിതവിശുദ്ധി പ്രാപിക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധയുടെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ പരിശുദ്ധിയില്‍ പങ്കുപറ്റുമ്പോഴാണ് പാപംമൂലം മനുഷ്യനു നഷ്ടപ്പെട്ട ദൈവീകച്ഛായ തിരിച്ചുകിട്ടുന്നത് . അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുചേര്‍ന്നു. വിശുദ്ധി പ്രാപിക്കണമെന്ന ആഗ്രഹം അല്‍ഫോന്‍സാമ്മയ്ക്കു കൊച്ചുപ്രായം മുതലേ ഉണ്ടായിരുന്നു. ആ ചിന്ത ദൈവം അവളില്‍ അങ്കുരിപ്പിച്ചതാണ്. ദൈവത്തോടു സഹകരിച്ച് അല്‍ഫോന്‍സാമ്മ ദൈവീക ജ്ഞാനത്തില്‍ വളര്‍ന്നു. ദൈവത്തില്‍നിന്നും ലഭിക്കുന്ന ജ്ഞാനം നിര്‍മലമായും സത്യസന്ധമായും നിഷ്പക്ഷമായും വിനയാന്വിതമായും ജീവിക്കാനുള്ള പ്രേരണ നല്‍കുന്നു.

അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിക്കാധാരം ദൈവീകജ്ഞാനമാണ്. ഇന്നു ലോകത്തില്‍ തെറ്റായ ജ്ഞാനം പ്രചരിക്കുന്നുണ്ട്. നുണയും വിദ്വേഷവും സ്പര്‍ധയും വിഭാഗീയതയും വര്‍ഗീയതയുമെല്ലാം തെറ്റായ ജ്ഞാനത്തില്‍നിന്നു വരുന്നതാണ്. ജ്ഞാനത്തിന്റെ വെളിച്ചം നേടിയ അല്‍ഫോന്‍സാമ്മ വിശുദ്ധിയുടെ പരിമളം പരത്തുന്നു. വിശുദ്ധി പ്രാപിക്കുന്നതിന് ദൈവം അല്‍ഫോന്‍സാമ്മയ്ക്ക് അനുവദിച്ച മാര്‍ഗം സഹനത്തിന്റേതായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇന്നു താമരശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനി വിശുദ്ധയുടെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.


Related Articles »