India - 2024

വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെ അപലപിച്ച് കെസിബിസി

സ്വന്തം ലേഖകന്‍ 27-07-2018 - Friday

കൊച്ചി: ഒറ്റപ്പെട്ട ആരോപണത്തിന്റെ പേരില്‍ കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍ പരിഗണിക്കാതെയും ബന്ധപ്പെട്ട ആരുമായും ആലോചിക്കാതെയും ക്രൈസ്തവസഭകളെ കേള്‍ക്കാതെയും വനിതാ കമ്മീഷന്റെ അധികാരപരിധിയില്‍ വരാത്ത ഒരു വിഷയത്തെക്കുറിച്ചു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഭിപ്രായം പറഞ്ഞതും ഏകപക്ഷീയമായ റിപ്പോര്‍ട്ടു നല്കിയതും നിരുത്തരവാദപരവും ദുരുദ്ദേശ്യപരവുമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). കുമ്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശ ഞെട്ടിപ്പിക്കുന്നതാണെന്നും കെ‌സി‌ബി‌സി പത്രകുറിപ്പില്‍ രേഖപ്പെടുത്തി.

പോലീസിന്റെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡല്‍ഹിയില്‍നിന്നു വന്ന് ആരോടൊക്കെയോ അന്വേഷിച്ചെന്നുവരുത്തി ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടു നല്കിയത് അധികാര ദുര്‍വിനിയോഗമാണ്. റിപ്പോര്‍ട്ടു നല്കിയ വ്യക്തിയുടെ ഗൂഢമായ രാഷ്ട്രീയലക്ഷ്യവും വര്‍ഗീയ മനോഭാവവും വെളിപ്പെടുത്തുന്നതുമാണിത്. കുമ്പസാരം ക്രൈസ്തവ വിശ്വാസമനുസരിച്ച് ഒരു കൂദാശയാണ്. ആത്മീയവളര്‍ച്ചയ്ക്കും നിത്യരക്ഷയ്ക്കുമുള്ള മാര്‍ഗമാണ്.

നൂറ്റാണ്ടുകളായി ക്രൈസ്തവസഭകളില്‍ കുമ്പസാരം നിലവിലുണ്ട്. ആയിരക്കണക്കിനു വൈദികരുടെയടുത്തു സ്ത്രീകളും പുരുഷന്മാരുമായ ലക്ഷക്കണക്കിനു വിശ്വാസികള്‍ കുമ്പസാരിച്ചിട്ടുണ്ട്. കുമ്പസാരരഹസ്യം സൂക്ഷിക്കാന്‍ വേണ്ടി ജീവന്‍പോലും ബലികൊടുത്തിട്ടുള്ള ചരിത്രമുണ്ട്. കുമ്പസാരം എന്താണെന്നും എന്തിനാണെന്നും അറിയാത്ത ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സമര്‍പ്പിച്ച ശിപാര്‍ശ, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. മതസ്പര്‍ധ വളര്‍ത്തി സമൂഹത്തില്‍ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഗൂഢമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്നും കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


Related Articles »