India - 2024
വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ല: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്
സ്വന്തം ലേഖകന്‍ 29-07-2018 - Sunday
തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളിലെ കുമ്പസാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് പി.കെ.ഹനീഫ. ഒറ്റപ്പെട്ട ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതും പവിത്രമായി കരുതുന്നതുമായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ലാഘവത്തോടെ ആവശ്യപ്പെട്ടതിന്റെ യുക്തി മനസിലാക്കാന്‍ കഴിയുന്നില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അടിസ്ഥാനത്തിലാണു മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് നല്‍കിയതെന്ന് മനസിലാക്കുന്നു. എന്നാല്‍, വൈദികര്‍ക്ക് എതിരേയുള്ളത് ലൈംഗിക പീഡന ആരോപണം മാത്രമാണ്. ആരോപണത്തില്‍ ബന്ധപ്പെട്ട കോടതിയുടെ തീരുമാനം വരാനിരിക്കുന്നതേയുളളൂ. മതവിശ്വാസത്തിന്റെ ഭാഗമായി ആചരിച്ചു പോരുന്ന കുന്പസാരത്തെപ്പറ്റി സഭയോടോ മറ്റ് മതസംഘടനകളോടോ ഒരു അന്വേഷണം പോലും നടത്താതെ ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മതവിശ്വാസികള്‍ക്ക് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണെന്നും കമ്മീഷന് ചെയര്മാന് പി.കെ.ഹനീഫ വ്യക്തമാക്കി.