Social Media - 2024

എന്റെ കുമ്പസാരം എന്റെ ലൈംഗീകജീവിത വർണ്ണനകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?

ബിനോയ് ജോസഫ് 29-07-2018 - Sunday

ഞാന്‍ മുപ്പതു വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. 1997 മെയ്‌ മാസത്തിലാണ് ഞാന്‍ ആദ്യമായി കുമ്പസാരമെന്ന കൂദാശ സ്വീകരിച്ച് ആദ്യകുർബാന സ്വീകരണം നടത്തിയത്. കഴിഞ്ഞ ഇരുപത്തിയൊന്നു വർഷമായി മുടക്കം വരുത്താതെ അനുഷ്ഠിക്കുന്ന തിരുക്കർമ്മമാണിത്. പറ്റുന്നിടത്തോളം മാസത്തില്‍ രണ്ടു തവണ. ഒരു വര്‍ഷം എന്തായാലും ഇരുപതു തവണയെങ്കിലും കുമ്പസാരിച്ചിരിക്കും. അതായത് ഏതാണ്ട് അഞ്ഞൂറോളം പ്രാവശ്യം കുമ്പസാരക്കൂടെന്ന കരുണയുടെ കൂടാരത്തിന് മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്‌. അതുകൊണ്ട് തന്നെ കുമ്പസാരമെന്ന കൂദാശയെക്കുറിച്ച് ആധികാരികമായിത്തന്നെ സംസാരിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു.

ഇനി കാര്യത്തിലേക്ക് വരാം. കുമ്പസാരനിരോധനത്തിന് വേണ്ടി മുറവിളി കൂട്ടുന്ന കമ്മീഷന്‍ കൊച്ചമ്മമാരോടും അന്തിയിലെ നീലചർ്ച്ചകളില്‍ വിധിയാളന്മാമരായ മാദ്ധ്യമവിശാരഥന്മാരോടും എച്ചിൽ കൂനകളില്‍ അന്നന്നപ്പം തിരയുന്ന മഞ്ഞപ്പത്ര മുതലാളിമാരോടും എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എന്റെ കുമ്പസാരങ്ങള്‍ എന്റെ ലൈംഗികജീവിത വർണ്ണനകളാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എന്റെ കുമ്പസാരങ്ങള്‍ ശരീരത്തിന്റെെ പാളിച്ചകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?

നിങ്ങള്‍ അപമാനിച്ചത് ഞങ്ങളുടെ പുരോഹിതരെയല്ല. നിങ്ങള്‍ അധിക്ഷേപിച്ചത് ഞങ്ങളുടെ പുരോഹിതരെയല്ല. നിങ്ങള്‍ കുറ്റപ്പെടുത്തിയത് ഞങ്ങളുടെ പുരോഹിതരെയല്ല. നിങ്ങള്‍ അപമാനിച്ചതും അധിക്ഷേപിച്ചതും കുറ്റപ്പെടുത്തിയതും എന്നെയാണ്. കുമ്പസാരത്തെ വിശുദ്ധമായി കാണുകയും അനേകം പ്രാവശ്യം കുമ്പസാരക്കൂടിന് മുന്നില്‍ മുട്ടുകുത്തുകയും ചെയ്ത ലക്ഷോപലക്ഷം വരുന്ന കത്തോലിക്കാ വിശ്വാസികളെയാണ്. കാരണം, ഞങ്ങളുടെ പുരോഹിതര്‍ ഞങ്ങളുടെ ലൈംഗികഅരാജകത്വ വര്‍ണ്ണ നകള്‍ കേള്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

ഇതെല്ലാം ചെയ്തതും കാട്ടിക്കൂട്ടിയതും ഞങ്ങള്‍ കത്തോലിക്കാ വിശ്വാസികള്‍ ആണ്. അതാണല്ലോ നിങ്ങള്‍ പറഞ്ഞുവരുന്നത്. അപ്പോള്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ എത്ര വൃത്തികെട്ടവന്മാളര്‍ ആയിരിക്കും. (അഞ്ഞൂറോളം പ്രാവശ്യം കുമ്പസാരിച്ച ഞാന്‍ എത്ര നീചന്‍ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ...!!!) വിശുദ്ധ കൂദാശയായ കുമ്പസാരം പരികർമ്മം ചെയ്യപ്പെടുന്ന കുമ്പസാരക്കൂട് ഇക്കിളി കഥകള്‍ വിളമ്പുന്ന ഇടങ്ങളാണെന്ന മുനവിധികള്‍ പുറപ്പെടുവിക്കുന്നവര്‍ അപമാനിക്കുന്നത് ഞങ്ങളുടെ അമ്മമാരെയാണ്. അധിക്ഷേപിച്ചത് ഞങ്ങളുടെ സഹോദരിമാരെയാണ്, ഭാര്യമാരെയാണ്, ഞങ്ങളുടെ പെൺകുഞ്ഞുങ്ങളെയാണ്.

കത്തോലിക്കാ വിശ്വാസികളെ അധിക്ഷേപിക്കാനും അപമാനിക്കാനും നിങ്ങള്‍ക്ക് എന്തവകാശമാണുള്ളത്‌? ആരാണ് നിങ്ങള്‍ക്ക് അതിന് അധികാരം തന്നത്? ചിലര്‍ക്ക് ഉളുപ്പില്ലായ്മയും വിവരക്കേടും വിവേകശൂന്യതയും ജന്മസിദ്ധമാണ്. അവരെ വൈകല്ല്യമുള്ളവരായി കണ്ട് സഹാനുഭൂതിയോടെ കാണാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എന്നാലത് അലങ്കാരമായി കൊണ്ടുനടക്കരുത്. മന്ത് അലങ്കാരമല്ലല്ലോ. മനസ്സിന് മന്ത് ബാധിച്ചവര്‍ ചികത്സ തേടുകയാണ് വേണ്ടത്.

മുപ്പതു വർഷത്തെ ജീവിതത്തിനിടയില്‍ അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അനേകം വേദനകളിലൂടെ കടന്നുപോയിട്ടുണ്ട്‌. പ്രാണന്റെ പാതിയായ പ്രിയപ്പെട്ടവളെ വേദനിപ്പിച്ചിട്ടുണ്ട്. ദൈവം സൂക്ഷിക്കാനും വളര്‍ത്താനും ഞങ്ങളെ ഏല്പിച്ച ഞങ്ങളുടെ കണ്മണിക്ക് ആവശ്യമായ ശ്രദ്ധയും കരുതലും കൊടുക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. അപ്പനെയും അമ്മയെയും ആവശ്യനേരത്ത് ശ്രദ്ധിക്കാന്‍ സാധിച്ചിട്ടില്ല. ചുരുക്കത്തില്‍ ഞാന്‍ ദൈവം ആഗ്രഹിക്കുന്ന നല്ല മകനോ ഭർത്താവോ അപ്പനോ സഹോദരനോ കൂട്ടുകാരനോ ആയിട്ടില്ല.

ഇങ്ങനോക്കെയാണ് സാര്‍ ഞങ്ങള്‍ കുമ്പസാരിക്കുന്നത്. ഇതിലെവിടെയാണ് സാര്‍ ഇക്കിളി..?

മറ്റുള്ളവരുടെ ദുഖങ്ങളും വേദനകളും വീഴ്ചകളും കേള്‍ക്കുന്ന പുരോഹിതർക്ക് എന്തോ സുഖമുണ്ടെന്ന് പറയുന്നത് ശുദ്ധ പോക്രിത്തരവും തെമ്മാടിത്തരവുമാണ്. അങ്ങനെ കരുതുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ജീവിക്കുന്ന സമൂഹത്തെ കരുതിയെങ്കിലും അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികത്സ തേടാന്‍ മടിക്കരുത്. നിങ്ങള്‍ രോഗിയാണ്... വലിയ രോഗി..

ശിരസ്സ്‌ കുനിച്ച്, കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് വച്ച്, മുൻ വിധികളില്ലാതെ, കുറ്റപ്പെടുത്തലുകളില്ലാതെ, ലജ്ജിപ്പിക്കാന്‍ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാത്ത പുരോഹിതരാണ് എനിക്കുള്ളത്. നോബിളച്ചന്‍ ഒരു കുറിപ്പില്‍ എഴുതിയതുപോലെ എന്റെ പാളിച്ചകള്‍ കേള്‍ക്കു ന്ന പുരോഹിതന്‍ എന്റെ സ്വകാര്യ അഹങ്കാരമാണ്.

കുമ്പസാരക്കൂട്ടില്‍ മുട്ടുകുത്തുമ്പോള്‍ കാലുകളില്‍ പടരുന്ന അതേ കുളിര്‍മ ഹൃദയത്തിലും മനസ്സിലും ആത്മാവിലും ഏറ്റുവാങ്ങിയാണ് ഞാന്‍ കുമ്പസാരക്കൂട് വിടുന്നത്. അതുകൊണ്ട് കുമ്പസാരം വേണ്ടെന്നു പറയരുത് സാര്‍. പറഞ്ഞാലും അതൊന്നും നടക്കാന്‍ പോകുന്നില്ല സാര്‍.

ആദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്തവരെ പീഡിപ്പിച്ചവര്‍ നിരത്തിയ പ്രധാന ആരോപണങ്ങളിലൊന്ന് ക്രൈസ്തവര്‍ അർപ്പിക്കുന്ന ബലിയർപ്പണം ശിശുബലിയാണെന്നും ശിശുക്കളുടെ രക്തം വിശുദ്ധ ബലി അർപ്പിക്കാന്‍ ഉപയോഗിച്ചിരിന്നു എന്നുമാണ്. (പിന്നിട് ഇതേ ആരോപണം ക്രൈസ്തവര്‍ ആദിമ നൂറ്റാണ്ടില്‍ തന്നെ വിശുദ്ധ കുര്‍ബാന അർപ്പിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകളില്‍ ഒന്നായി മാറി എന്നുള്ളത് ചരിത്രസത്യം...) അതുകൊണ്ട് ക്രൈസ്തവര്‍ നേരിടുന്ന ആരോപണങ്ങള്‍ പുതിയ കാര്യമാണെന്ന് ആരും കരുതേണ്ടതില്ല. എല്ലാ തരത്തിലുമുള്ള ആരോപണങ്ങള്‍ അതിജീവിച്ചാണ് സഭ വളര്‍ന്നട്ടുള്ളത്.

ഇന്ന് നിങ്ങള്‍ ഞങ്ങളുടെ പുരോഹിതരെ തേടി വന്നു. നാളെ നിങ്ങള്‍ വിശ്വാസികളെ തേടിവരുമെന്നു ഞങ്ങൾക്കറിയാം.

കുമ്പസാരമെന്ന കൂദാശയെ ഞങ്ങള്‍ പ്രാണനോളം സ്നേഹിക്കുന്നു. കത്തോലിക്കരായ ഞങ്ങളുടെ മുത്തുകകളിലൊന്നാണത്. തെരുവിലേക്ക് വലിച്ചെറിയപ്പെടാനോ പന്നികൾക്ക് ‌ ചവിട്ടി മെതിക്കാനോ അർത്ഥമില്ലാത്ത അന്തിചർച്ച കളില്‍ പിച്ചിചീന്താനോ ഉള്ളതല്ല കുമ്പസാരം എന്ന കൂദാശ.

എനിക്കൊരു സ്വപ്നമുണ്ട്.... ശരീരത്തില്‍ നിന്ന് പ്രാണന്‍ വേർപെടുന്ന എന്റെ അവസാന മണിക്കൂറുകളില്‍ എനിക്ക് കുമ്പസാരിക്കണം. എന്റെെ സ്നേഹരാഹിത്യങ്ങളെക്കുറിച്ച്, ഇടർച്ചകളെക്കുറിച്ച്, തെറ്റുകളെക്കുറിച്ച്, വീഴ്ചകളെക്കുറിച്ച് ഏറ്റുപറഞ്ഞ് എനിക്ക് കുമ്പസാരിക്കണം. തണുത്തു തുടങ്ങിയ എന്റെ കരങ്ങള്‍ പിടിച്ച് “സാരമില്ല” എന്നുപറയാന്‍ അപ്പോഴും എനിക്കൊരു കർത്താവിന്റെപുരോഹിതനെ വേണം....

(വാല്ക്കഷണം:- ഏറ്റുപറയുന്നവന്റെ identity കണ്ടുപിടിച്ച് പിറകെവന്നു ഭീഷണിപ്പെടുത്താന്‍ കുമ്പസാരക്കൂട് ആധാര്‍ കാർഡുമായി ലിങ്കു ചെയ്തിട്ടില്ല എന്ന് പറയാന്‍ പറഞ്ഞു...)


Related Articles »