India - 2024

കുമ്പസാരം തീരുമാനിക്കേണ്ടത് ദേശീയ വനിതാ കമ്മീഷനല്ല: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ

സ്വന്തം ലേഖകന്‍ 30-07-2018 - Monday

പയ്യന്നൂര്‍: കുമ്പസാരം അത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ദേശീയ വനിതാ കമ്മീഷനല്ലെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പയ്യന്നൂര്‍ കോറോം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ വനിതാ കമ്മീഷന്‍ കുമ്പസാരത്തിനെതിരേ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ പറയുന്നില്ല എന്ന ചോദ്യത്തിലൂടെ തന്റെമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഒരു ചാനല്‍ ശ്രമിച്ചത്. വഴിപ്പെടുന്നില്ലെന്നു വന്നപ്പോഴാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും ജോസഫൈന്‍ ആരോപിച്ചു.

ഓരോ മതത്തിനും ഓരോ ആചാരാനുഷ്ഠാനങ്ങളുണ്ട്. വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് അപ്രസക്തമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണത്. സഭാവിശ്വാസികളും സഭയ്ക്കുള്ളിലുള്ള പണ്ഡിതരും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നുമുണ്ട്. സമൂഹത്തില്‍ ചെറുതും വലുതുമായ അസ്വസ്ഥതയുണ്ടാക്കുക എന്ന ലക്ഷ്യമാണ് കുമ്പസാര വിവാദത്തിനു പിന്നിലെ രാഷ്ട്രീയത്തിന് പിന്നിലെന്നും ജോസഫൈന്‍ പറഞ്ഞു.




Related Articles »