India - 2024

പ്രളയബാധിതര്‍ക്ക് ഭക്ഷണവും വസ്ത്രവുമായി കപ്പൂച്ചിന്‍- എഫ്‌സിസി സന്യാസ സമൂഹങ്ങള്‍

സ്വന്തം ലേഖകന്‍ 31-07-2018 - Tuesday

കൊച്ചി: സര്‍ക്കാരിന്റെയോ മറ്റു സന്നദ്ധ പ്രസ്ഥാനങ്ങളുടെയോ സഹായങ്ങള്‍ വലിയ തോതില്‍ എത്താത്ത കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇടപെടലുമായി കപ്പൂച്ചിന്‍, എഫ്‌സിസി സന്യാസ സമൂഹങ്ങള്‍. ഇന്നലെ കുട്ടനാട്ടിലെ പത്തോളം ഗ്രാമങ്ങളിലാണു, കപ്പൂച്ചിന്‍ ആലുവ സെന്റ് തോമസ് പ്രോവിന്‍സിന്റെയും എഫ്‌സിസി എറണാകുളം തിരുഹൃദയ പ്രോവിന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ആയിരം രൂപ വിലവരുന്ന അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും കിറ്റുകളാണു വിതരണം ചെയ്തത്. രാജപുരം, കാവാലം, കിടങ്ങറ, പുതുവേല്‍, കുന്നങ്കരി, പാണാപറന്പ്, നാരകത്തറ, കിഴക്കേ ചേന്നങ്കരി, ലിസ്യൂ എന്നിവിടങ്ങളിലെ ജാതിമതഭേദമന്യേയുള്ള ജനങ്ങള്‍ക്കു ആര്‍ദ്രം എന്ന പേരിലാണ് സഹായഹസ്തം നീട്ടിയത്. പ്രളയബാധിതര്‍ക്ക് ആവശ്യത്തിനു കുടിവെള്ളവും എത്തിക്കാനും സന്യസ്ഥ സമൂഹത്തിനായി.

കപ്പൂച്ചിന്‍ ആലുവ സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഫാ. പോളി മാടശേരി, എഫ്‌സിസി എറണാകുളം തിരുഹൃദയ പ്രോവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് വള്ളിപ്പാലം, ഫാ. ഡേവിഡ് ഫ്രാന്‍സിസ് പേരാമംഗലം, ഫാ. കുര്യാക്കോസ് കണ്ണങ്കര, ഫാ. സൈമണ്‍ ചെറുവത്തൂര്‍, ഫാ. ഷാജു വടക്കന്‍, എഫ്‌സിസി അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലൂസി മരിയ, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ സോണി മരിയ, സിസ്റ്റര്‍ ജെന്‍സി തെരേസ് തുടങ്ങിയവരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. കാവാലം കപ്പൂച്ചിന്‍ ആശ്രമത്തിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം കപ്പൂച്ചിന്‍ വൈദികര്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി പതിനഞ്ചു ദിവസത്തോളം ഇവിടെ ക്യാമ്പ് ചെയ്തിരിന്നു.


Related Articles »