Meditation. - February 2024

വിശുദ്ധ പൗലോസ് ശ്ലീഹായെ നാം അനുകരിക്കേണ്ടതിന്റെ ആവശ്യകത

സ്വന്തം ലേഖകന്‍ 26-02-2024 - Monday

"നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 26

യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ വളരെ ആഴവും വ്യക്തവും ആയ ബോധ്യം ലഭിക്കുകയും, അതു തന്റെ ജീവിതത്തിലും പ്രവര്‍ത്തിയിലും കൊണ്ടുനടക്കുകയും, സഹനങ്ങളെ ക്രൈസ്തവ സമൂഹങ്ങൾക്കായി അർപ്പിക്കുകയും ചെയ്ത അപ്പസ്തോലനായിരിന്നു വിശുദ്ധ പൌലോസ്. "തന്നിമിത്തം ഞങ്ങളിൽ മരണവും, നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു" (2 കൊറിന്തോസ് 4:12). രക്ഷാകര സഹനത്തിൽ പങ്കാളി ആവാൻ സാധിച്ചതിന്റെ ഫലത്തെ കുറിച്ചുള്ള ബോധ്യം അദ്ദേഹത്തെ ഇത് പറയുവാൻ പ്രേരിപ്പിച്ചു.

ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങളും, കഷ്ടപാടുകളും അപ്പസ്തോലനെ നിരാശപ്പെടുത്തിയില്ല. മറിച്ച് അദ്ദേഹത്തിന്റെ വിശ്വാസവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. കാരണം ജീവന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്ഷാകര ദൌത്യം ആണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിന്നു. "ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനു വേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്കു ശക്തി ലഭിക്കുന്നതിനു വേണ്ടിയാണ്" (2 കോറിന്തോസ് 1 :5-6).

പൌലോസ് ശ്ലീഹായുടെ ഈ മാതൃക, ക്രിസ്തു ശിഷ്യർക്ക് ഗുരുവിന്റെ പ്രബോധനം വ്യക്തമായി മനസിലാക്കുവാനും ഏറെ സഹായിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ യേശു നമ്മിൽ നിറയുവാനും കുരിശിന്റെ ദൌത്യം മനസ്സിലാക്കാനും ഇവ ഫലപ്രദമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.4.94)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »