India - 2024

സീറോ മലബാർ സഭ സാമൂഹ്യ ശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ആഗസ്റ്റ് 11ന്

സ്വന്തം ലേഖകന്‍ 07-08-2018 - Tuesday

കൊച്ചി: സീറോ മലബാർ സഭയിലെ സാമൂഹ്യ ശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം കാക്കാനാട് പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ആഗസ്റ്റ് 11ന് നടക്കും. സീറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം സംഘടിപ്പിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് സിനഡൽ കമ്മിറ്റി ചെയർമാൻ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തും.

സീറോ മലബാർ സഭയുടെ പ്രേഷിത ആഭിമുഖ്യം സാമൂഹിക ശുശ്രൂഷാ രംഗത്ത് – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിഷയാവതരണം നടത്തും. ഫാ. തോമസ് നടക്കാലൻ, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, സിസ്റ്റർ ജാസിന സി.എം.സി, പി.യു തോമസ്, സിജോ പൈനാടത്ത്, ബീന സെബാസ്റ്റ്യൻ എന്നിവർ പ്രതികരണങ്ങളും പ്രവർത്തനസാധ്യതകളുടെ അവതരണവും നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗം സ്പന്ദൻ സിനഡൽ കമ്മിറ്റി അംഗം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മോഡറേറ്റ് ചെയ്യും.

സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. സ്പന്ദൻ സീറോ മലബാർ സിനഡൽ കമ്മിറ്റി അംഗങ്ങളായ മെത്രാന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരതത്തിലെ സീറോ മലബാർ രൂപതകളിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദികരും സീറോ മലബാർ സഭയിലെ സമർപ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.


Related Articles »