India - 2024

ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ് 23നു ആരംഭിക്കും

സ്വന്തം ലേഖകന്‍ 09-08-2018 - Thursday

മൂവാറ്റുപുഴ: ജീസസ് യൂത്ത് അല്മായ മുന്നേറ്റത്തിന്റെ കേരള കോണ്‍ഫറന്‍സ് 23നു ആരംഭിക്കും. 23നു മൂവാറ്റുപുഴ നിര്‍മല കോളജില്‍ വൈകുന്നേരം അഞ്ചിന് വിശുദ്ധബലിയോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സ് സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ സഭയിലെ അല്മായ മുന്നേറ്റമെന്ന നിലയില്‍ വത്തിക്കാന്റെ അംഗീകാരം നേടിയതിനു ശേഷമുള്ള ആദ്യത്തെ കോണ്‍ഫറന്‍സാണിത്. ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ജൂഡ് ആന്റണി, തോമസ് പോള്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ ഡോ. അലക്‌സ് വടക്കുംതല, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. ക്രിസ്തുദാസ് രാജപ്പന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുത്ത് പ്രസംഗിക്കും. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്തര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 23 സോണുകളില്‍നിന്ന് ഏഴായിരത്തോളം പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.


Related Articles »