India - 2024

വയനാട്ടിലേക്ക് ഭക്ഷ്യവസ്തുക്കളുടെ അയ്യായിരം കിറ്റുമായി തൃശൂര്‍ അതിരൂപത

സ്വന്തം ലേഖകന്‍ 13-08-2018 - Monday

തൃശൂര്‍: മഴക്കെടുതിയെ തുടര്‍ന്നു ജീവിതം വഴിമുട്ടിയ വയനാടന്‍ ജനതയ്ക്കു തൃശൂര്‍ അതിരൂപതയുടെ സഹായം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മലയോര സമൂഹത്തിന് രണ്ടാം ഘട്ട സഹായമായി അയ്യായിരം കിറ്റുകളാണ് അതിരൂപതയില്‍ സജ്ജമാക്കുന്നത്. അയ്യായിരം കിറ്റുകളില്‍ അരി, പയര്‍, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. 1,200 പേര്‍ക്കു പുതപ്പ്, ബെഡ്ഷീറ്റ്, പായ, തലയിണ, വസ്ത്രങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇന്നും ബുധനാഴ്ചയുമായി കിറ്റുകള്‍ സഹിതം ദുരിത കേന്ദ്രങ്ങളില്‍ എത്താനാണ് തൃശൂര്‍ അതിരൂപതയുടെ പദ്ധതി.

ഒപ്പം പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവുമായ 15നു പള്ളികളില്‍ കുര്‍ബാനമധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചയും പണവും സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വിനിയോഗിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സാന്ത്വനം, സന്യാസ സമൂഹങ്ങള്‍, വിവിധ ഭക്തസംഘടനകള്‍, സെമിനാരിക്കാര്‍, സെന്‍റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തര സഹായം എത്തിക്കുന്നത്.


Related Articles »