India - 2024

സഹായവും പ്രാര്‍ത്ഥനയുമായി പാലാ രൂപത

സ്വന്തം ലേഖകന്‍ 19-08-2018 - Sunday

പാലാ: രൂപതയിലെ കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ഇന്നലെ സന്ദര്‍ശിച്ചു. വെള്ളികുളം, മംഗളഗിരി, മൂലമറ്റം, മുട്ടം, ഇലപ്പള്ളി പ്രദേശങ്ങളാണ് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും പാലാ രൂപതയുടെ നേതൃത്വത്തില്‍ തുടര്‍ന്നും നല്‍കുമെന്ന് ബിഷപ്പ് ഉറപ്പു നല്‍കി. നിലവിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ബിഷപ്പുമാര്‍ തൃപ്തി രേഖപ്പെടുത്തി.

ഗുരുതരമായ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങള്‍ അകമഴിഞ്ഞു നല്‍കാന്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതാംഗങ്ങളോട് അഭ്യര്‍ഥിച്ചു. രൂപതയിലെ ഇടവകകളോട് ബന്ധപ്പെട്ട പാരീഷ്ഹാള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ദുരിതാശ്വാസ ക്യാന്പുകള്‍ക്കായി നല്‍കാനും എല്ലാ ദൈവാലയങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും തിരുമണിക്കൂര്‍ ആരാധനയും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും നടത്താനും സര്‍ക്കുലറില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭ്യര്‍ത്ഥിച്ചു. സമാഹരണത്തിനു ഭക്ഷ്യവസ്തുകളും നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും രൂപതയുടെ സാമൂഹ്യക്ഷേമ പ്രസ്ഥാനമായ പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (പിഎസ്ഡബ്ല്യുഎസ് ) വഴി നല്‍കാം.


Related Articles »