Social Media - 2024

ജീവന്റെ സംരക്ഷകരായതില്‍ അഭിമാനിക്കുക..!

ക്ലീറ്റസ് കാരക്കാടൻ 20-08-2018 - Monday

റോബർട്ട്‌ ഫുൽഗും എഴുതിയ " All I need to know I learned from kindergarten “ എന്നൊരു പുസ്തകം ഞാൻ വായിച്ചതോർക്കുന്നു. അറിയേണ്ടതെല്ലാം ബാലവാടിയിൽ നിന്നും എനിക്കു പഠിക്കാമെങ്കിൽ തീർച്ചയായും തിരമാലകളുമായി നിരന്തരം യുദ്ധംചെയ്യുന്ന തീരദേശത്തെ മൽസ്യത്തൊഴിലാളികളിൽ നിന്നും ഒരുപാടുകാര്യങ്ങൾ നമുക്ക്‌ പഠിക്കാനുണ്ട്‌. രണ്ടായിരം വർഷങ്ങൾക്കപ്പുറത്ത്‌ യേശുക്രിസ്തു ഈ സത്യം തന്റെ ദൈവീകജ്ഞാനത്താൽ മനസിലാക്കി വഞ്ചിയിൽനിന്നുപിടിച്ചിറക്കി സഭയെന്ന വലിയ സംവിധാനത്തിന്റെ അമരക്കാരാക്കി അവരെ നിയോഗിച്ചുകൊണ്ടുപറഞ്ഞു , വരൂ, ഞാൻ നിങ്ങളെ മനുഷ്യരെപിടിക്കുന്നവരാക്കാം.(Come, I will make you fishers of men)

ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത വലിയപാഠങ്ങൾ കേരളജനതയും ഈ ദിവസങ്ങളിൽ പഠിക്കുകയായിരുന്നു.

കേരളം അതിന്റെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേരളത്തിന്റെ അടിത്തറയുലച്ച ഒരു ദുരന്തമുഖത്ത്‌ എന്തുചെയ്യണമെന്നറിയാതെ ഭരണസിരാകേന്ദ്രങ്ങളും ഉദ്ദ്യോഗസ്ഥവൃന്ദവും പകച്ചുനിൽക്കുമ്പോൾ ദുരിതക്കടലിൽ ആത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തകരായി അവരിറങ്ങി കാരിരുമ്പിന്റെ കരുത്തും കരളിൽ ഉരുകുന്ന കാരുണ്യത്തിന്റെ അഗ്നിയും അടിപതറാത്ത ദൈവവിശ്വാസവുമായി കേരളതീരത്തെ കരുത്തരായ മൽസ്യത്തൊഴിലാളികൾ. കേരളചരിത്രത്തിൽ ഇവരുടെ ഈ രക്ഷാപ്രവർത്തനം തങ്കലിപികളാൽ ആലേഖനംചെയപ്പെടുമ്പോൾ അവരെക്കുറിച്ച് ഇന്ത്യമുഴുവനും അഭിമാനിക്കുമ്പോൾ അവരുടെ ജീവിതത്തിലെ ചിലസവിശേഷതകളിലേക്ക്‌ ഒന്നുകൊണ്ടുപോവുകയാണു ഞാൻ.

ക്ഷമാശീലം ‍

ആഴക്കടലിൽ മീൻ പിടിക്കുവാൻ പോകുന്നവർ അനിതരസാധാരണമായ ക്ഷമാശീലമുള്ളവരാണ്‌. കാറ്റും കോളും നിറഞ്ഞ ആഴക്കടലിൽ മണിക്കൂറുകളോളം അവർ ക്ഷമയോടെ സഞ്ചരിച്ചാണു മീൻ പിടിക്കുന്നത്‌. എന്നാൽ മീൻ കണ്ടുകഴിഞ്ഞാൽ പിന്നെയവൻ സർവ്വം മറന്ന് അവയെ വലക്കുള്ളിലാക്കാൻ കൈയും മെയും ഒന്നാക്കി പ്രവർത്തിക്കും. തോരാത്തമഴയും ജലസംഭരണികൾ തുറന്നുവിട്ടജലവും മീനച്ചിലാറിനേയും പെരിയാറിനേയും പമ്പയേയും ശ്വാസം മുട്ടിച്ച്‌ പ്രളയമായി സംഹാരതാണ്ഡവമായി അനേകായിരങ്ങളെ കഴുത്തൊപ്പം മുക്കിയൊഴുകിയപ്പോൾ എന്തുചെയ്യുമെന്നറിയാതെ കേരളം തലയിൽ കൈവെച്ചു കരഞ്ഞപ്പോൾ തീരദേശത്തെ മൽസ്യതൊഴിലാളികളും വാർത്താമാദ്ധ്യമങ്ങളിലൂടെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നെന്നുകണ്ടപ്പോൾ ത്വരിതഗതിയിലുള്ള ആക്ഷനാണുവേണ്ടതെന്നു മനസിലാക്കി മൽസ്യതൊഴിലാളി സടകുടഞ്ഞെഴുന്നേറ്റു. പിന്നെയവൻ ആഴക്കടലിൽ മീൻ പിടിക്കാൻ മറ്റുസ്ഥലങ്ങളിലേക്ക്‌ വഞ്ചിയും ലോറിയിൽക്കയറ്റിപോകുന്ന അതേകരുതലോടെ ഇറങ്ങി, മീൻ പിടിക്കാനല്ല മുങ്ങിമരിക്കുമെന്നു കരുതിയവരെ കണ്ടെത്തികൊണ്ടുവരാൻ. അങ്ങനെ അറുന്നൂറിലധികം വള്ളങ്ങളിൽ അവർ രക്ഷിച്ചത്‌ എൺപതിനായിരത്തിലേറെപ്പേരെയെന്ന് ജില്ലാഭരണാധികാരികൾ സമ്മതിക്കുന്നു.

ഉൾക്കാഴ്ച ‍

ഒരു മീൻപിടുത്തക്കാരനറിയാം എപ്പോൾ എവിടെയാണു മൽസ്യത്തെ കണ്ടുപിടിക്കേണ്ടതെന്ന്. കടലിന്റെ മാറ്റവും വേലിയേറ്റവും വേലിയിറക്കവുംക്രുത്യമായി മനസിലാക്കാനുള്ള കഴിവും അനുഭവത്തിൽ നിന്നും ആർജ്ജിച്ച ഉൾക്കാഴ്ചയാണ്‌. ഈ ഉൾക്കാഴ്ചയോടെയാണു അവർ ദുരന്തമുഖത്തും പ്രവർത്തിച്ചത്‌. താഴത്തെനിലയിൽ വെള്ളം കയ്യറിപ്പോൾ മുകളിലത്തെ നിലയിലിരുന്നാൽ രക്ഷപെടുമെന്നു കരുതിയവരോട്‌ വെള്ളത്തിന്റെ തള്ളൽ വൈകുന്നേരത്തോടെ കൂടിയേക്കാം വള്ളത്തിൽക്കയ്യറി രക്ഷപെടാൻ അവർ നിർദ്ദേശിച്ചു. അതു സ്വീകരിച്ചവർ കരകണ്ടു. അവഗണിച്ചവർ അവസാനം മുകളിലത്തെ നിലകളിലും ടെറസിലും ഒക്കെ കുടുങ്ങിക്കിടക്കേണ്ടിവന്നു.

അസാമാന്യധൈര്യം. ‍

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും അതീവ അപകടകരവുമായ ഒരു തൊഴിൽമേഖലയാണ്‌ കടലിലെ മൽസ്യബന്ധനം. സീമകളില്ലാതെ ആഴത്തിൽ പരന്നുകിടക്കുന്ന കടലിൽ കൊടുംകാറ്റിനെയും രാക്ഷസതിരമാലകളേയും കീറിമുറിച്ച്‌ ഓരോ ദിവസവും അവർ അന്നംതേടിപോകുന്നെങ്കിൽ അതിനുപ്രേരിപ്പിക്കുന്ന പ്രധാനഘടകം ഇവരുടെ അസാമാന്യധൈര്യവും മനശക്തിയും തന്നെയാണ്‌. കഴിഞ്ഞകൊല്ലം 'ഓഖി' തീരമേഘലയെ ഉലച്ചപ്പോൾ , ആഴക്കടലിൽ അവരുടെ വഞ്ചികളെയേടുത്ത്‌ കൊടുങ്കാറ്റ്‌ അമ്മാനമാടിയപ്പോൾ നിരവധിപ്പേർ കരകാണാത്ത കടലിൽ ജീവനുവേണ്ടി തിരമാലകളോട്‌ യാചിച്ചപ്പോൾ , പ്രതികൂലസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്നുപറഞ്ഞ്‌ സർവ്വസന്നാഹങ്ങളുമുള്ള രാജ്യത്തിന്റെ സൈന്യം പിൻ വാങ്ങിയപ്പോൾ ഒരു കൂസലുമില്ലാതെ വഞ്ചിയുമെടുത്ത്‌ പ്രക്ഷുബ്ധമായകടലിൽ തങ്ങളുടെ പ്രീയപ്പെട്ടവരെത്തേടിപ്പോയ മൽസ്യതൊഴിലാളിയുടെ കരുത്തിന്റെ മുന്നിൽ ഇന്ത്യൻ നേവി അടിയറവുപറഞ്ഞത്‌ കേരളത്തിനു മറക്കാനാവുമോ?

ഇവിടെയും സംഭവിച്ചത്‌ അതുതന്നെയായിരുന്നു നിലയില്ലാത്ത ദുരിതക്കയത്തിൽ നിരാലംബരായി ആയിരങ്ങൾ തേങ്ങിയപ്പോൾ, ഇന്ത്യ എന്ന ശക്തമായരാജ്യത്തിന്റെ രക്ഷാപ്രവർത്തനസാമഗ്രികളെല്ലാം നോക്കുകുത്തികളായി സുരക്ഷിതസ്ഥാനങ്ങളിൽ കേരളത്തെനോക്കി പല്ലിളിച്ചപ്പോൾ കരുത്തരായ മൽസ്യതൊഴിലാളികൾ അനേകായിരങ്ങൾക്ക്‌ രക്ഷകരായി. മരണത്തിന്റെ കയത്തിൽ നിന്നും ജീവന്റെ തുരുത്തുകളിലേക്ക്‌ അവർ കൈപിടിച്ചുനടത്തിയവരുടെ എണ്ണമേറുകയാണ്‌.

വൈദഗ്ദ്ധ്യം ‍

ഒരു മീൻപിടുത്തക്കാരനറിയാം എന്തുവൈദഗ്ദ്യമാണു മീൻ പിടുത്തത്തിനാവശ്യമെന്ന്, അവനറിയാം ഏതുതരത്തിലുള്ള ഉപകരണമാണുതനിക്കുവേണ്ടതെന്നും അതെങ്ങനെ ഉപയോഗിക്കണമെന്നും. ഈ പ്രളയത്തിന്റെ ദുരന്തമുഖത്തും അവർ അതെ വൈദഗ്ദ്യം ഉപയോഗിച്ചു രക്ഷാപ്രവർത്തകരായി. വഞ്ചികൾക്ക്‌ മാത്രം പോകാവുന്ന തുരുത്തുകളിൽ വന്മരങ്ങളുടെയും മുങ്ങിക്കിടന്ന കെട്ടിടങ്ങളുടേയും ഇടയിലൂടെ തങ്ങളുടെ ചെറുതും വലുതുമായ വഞ്ചികൾ പോകുന്ന ഇടങ്ങളിലെല്ലാം അവർ രക്ഷകരായി. നേവിക്കാരുടെ ഹെലിക്കോപ്റ്ററുകൾ വളരെസമയമെടുത്ത്‌ ഒരുതവണ അഞ്ചുപേരിൽതാഴെമാത്രം എയർലിഫ്റ്റുചെയ്തപ്പോൾ വഞ്ചിക്കാർ അതിന്റെ നാലിരട്ടിയാളുകളെ ഓരോതവണയും കരപറ്റിച്ചു. കേന്ദ്രസർക്കാർ വിട്ടുനൽകിയ ഹെലികോപ്ടറുകൾ ഇരുളുവീണപ്പോൾ രക്ഷാപ്രവർത്തനം നിർത്തിയപ്പോഴും രാപകലില്ലാതെ ഇരുട്ടും വെളിച്ചവും വകവെയ്ക്കാതെ അദ്ധ്വാനിക്കുന്ന അതെരീതിയിൽ മൽസ്യതൊഴിലാളികൾ രക്ഷാപ്രവർത്തകരായി.

എളിമ ‍

മീൻപിടുത്തക്കാരൻ മൽസ്യത്തിന്റെ ദ്രുഷ്ടിയിൽ നിന്നും മറഞ്ഞിരിക്കണം അല്ലെങ്കിൽ മീനുകൾ ഒരിക്കലും അവന്റെ അടുത്തേക്ക്‌ വരില്ല. ഈ ദുരിതക്കയത്തിൽ മൽസ്യതൊഴിലാളികളുടെ കൈയിൽപ്പിടിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവർ ഒരിക്കലും കരുതിയില്ല ആരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന മൽസ്യതൊഴിലാളികൾ തങ്ങളുടെ രക്ഷകരാകുമെന്ന്.

എളിമയോടെ എന്നാൽ അസാമാന്യകരുത്തോടെവന്ന് പ്രളയത്തോടുപൊരുതി പതിനായിരങ്ങളുടെ ജീവൻ പിടിച്ചുവാങ്ങിയ മൽസ്യതൊഴിലാളികൾ ആരെന്നോ എവിടുന്നുവന്നവരെന്നോ രക്ഷപെട്ടവർക്കുപോലും അറിയാതിരിക്കെ നിസ്വാർത്ഥമായി നന്മചെയ്ത്‌ ഈ രക്ഷകരെല്ലാം കടന്നുപോയി. എന്നാൽ അവർ കൊളുത്തിയ നന്മയുടെ വെളിച്ചം ഇവിടെ പ്രകാശിച്ചുതന്നെനിൽക്കും.

വർഷങ്ങളുടെ വിദഗ്ദ്ധപരിശീലനം ലഭിച്ച ആർമിക്കാർ ടെറസിൽ വിമാനമിറക്കുന്നതും താരരാജാക്കന്മാർ ഭക്ഷണവും വസ്ത്രവും കൊടുക്കുന്നതും ഒക്കെ മാത്രം വാർത്തയാക്കുന്ന നമ്മുടെ നാട്ടിൽ ഇവർ ചെയ്ത സേവനം ഒരുപക്ഷെ ആരും വാർത്തയാക്കില്ലെന്നറിയാം. ആഴക്കടലിൽ പോകുമ്പോൾദൈവംമാത്രമാണിവർക്കാശ്രയം. ആ വിശ്വാസമാണു വെള്ളത്തിൽ മുങ്ങിമരിക്കുന്നവനെ മറ്റാരേക്കാളുമധികം അവർക്ക്‌ മനസിലാക്കാൻ കഴിഞ്ഞതും.

*ജീവനാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌, ജീവജാലങ്ങളെല്ലാം ഏറ്റവും കൂടുതൽ വിഷമിക്കുന്നതും ജീവൻ അപകടത്തിലാകുമ്പോഴാണ്‌, ഇവിടെ ദൈവം സൃഷ്ടിച്ച ജീവന്റെ സംരക്ഷകരായതിലും അതുവഴി ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ നിങ്ങളുടെ പേരുകൾ എഴുതപ്പെട്ടതിലും നിങ്ങൾ സന്തോഷിക്കുക. നിങ്ങൾ കേരളസമൂഹത്തിനു സ്വജീവിതം കൊണ്ട്‌ കാണിച്ചുകൊടുത്ത മാത്രുക കേരളമന:സാക്ഷിയെ ഉണർത്തിയിരിക്കുന്നു. ലോകത്തിന്റെ മന:സാക്ഷിക്ക്‌ ദ്വാരങ്ങൾ വീണിരിക്കുന്ന ഒരു കാലഘട്ടത്തിൽ അതിലൂടെ ഒഴുകിപ്പോയി നഷ്ടമാകുന്ന നന്മയും കാരുണ്യവും പരസ്നേഹവും മനുഷ്യത്വവുമൊക്കെ നമുക്കുതടഞ്ഞുനിർത്തണം. ലോകത്തിന്റെ നിലനിൽപ്പിന്‌ അതാവശ്യമാണ്‌. ഈ ലോകത്തിൽ പ്രതീക്ഷയോടെ ജീവിക്കുവാൻ ഒരുപാടുകാരണങ്ങളുണ്ട്‌, നിങ്ങളെപ്പോലുള്ള ഒരുപാടുപേരുടെ നന്മകൾക്ക്‌ നടുവിലാണല്ലോ ഞങ്ങൾ ജീവിക്കുന്നത്‌. അണയാതിരിക്കട്ടെ ജീവന്റെ ഈ മൺചിരാതുകൾ ..!


Related Articles »