India - 2024
സാന്ത്വനമേകി കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ സന്ദര്‍ശനം
സ്വന്തം ലേഖകന്‍ 25-08-2018 - Saturday
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു സാന്ത്വനമേകി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം. നര്‍മം കലര്‍ന്ന ഭാഷണത്തിലൂടെ എല്ലാവര്ക്കും സാന്ത്വനം പകര്‍ന്ന കര്‍ദ്ദിനാള്‍ കൂട്ടായ്മയ്ക്കായി ദൈവം നല്കിയ അവസരമായി പ്രകൃതി നല്കിയ പ്രഹരത്തെ കാണണമെന്ന് ഉദ്ബോധിപ്പിച്ചു. ജാതി, മതഭേദമില്ലാതെ പരസ്പരം കരുതുന്നവരാണ് എല്ലാവരുമെന്നു പ്രളയം നമ്മെ ഓര്‍മിപ്പിക്കുന്നു. പരാതി പറഞ്ഞു സമയം പാഴാക്കരുതെന്നും കഷ്ടപ്പാടുകളെ അതിജീവിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ചേര്‍ത്തലയിലെ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം ആലപ്പുഴയിലെത്തിയ കര്‍ദിനാളിനെ ആലപ്പുഴ ഫൊറോന വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, അസി. വികാരി ഫാ. തോമസ് മുട്ടേല്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, യുവദീപ്തി പ്രസിഡന്റ് നിതിന്‍ ചൂണ്ടാപ്പള്ളി എന്നിവര്‍ അനുഗമിച്ചു. ചേര്‍ത്തലയിലെ സന്ദര്‍ശനത്തിന് ശേഷം ഉച്ചയോടെ അദ്ദേഹം ചങ്ങനാശേരിയിലെ ക്യാമ്പ് സന്ദര്‍ശനത്തിനായി പോയി. ക്യാമ്പിലുള്ളവര്‍ക്കു മനോധൈര്യവും പ്രചോദനവും നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.