India - 2024

പ്രളയ ബാധിതരുടെ പുനരധിവാസത്തിനു ഏഴു കോടിയുടെ പദ്ധതിയുമായി തലശ്ശേരി അതിരൂപത

സ്വന്തം ലേഖകന്‍ 27-08-2018 - Monday

തലശേരി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു സകലതും നഷ്ടമായവരുടെ സഹായത്തിനും പുനരധിവാസത്തിനുമായി തലശ്ശേ അതിരൂപത ഏഴു കോടി രൂപയുടെ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയിലെ 160 വൈദിക വിദ്യാര്‍ഥികളും വൈദികരും ഒരാഴ്ചയായി ശുചീകരണപ്രവൃത്തികളുമായി മധ്യകേരളത്തില്‍ കര്‍മനിരതരാണ്. വീടു നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 40 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പരിയാരം, ചെന്‌പേരി, ശാന്തിനഗര്‍, ബെഡൂര്‍ പ്രദേശങ്ങളിലായി മൂന്നേക്കറോളം ഭൂമി അതിരൂപത സൗജന്യമായി നല്കും.

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കൃഷിഭൂമികള്‍ സാധിക്കുന്നിടത്തോളം വീണ്ടും കൃഷിയോഗ്യമാക്കാന്‍ കര്‍ഷകര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അറിയിച്ചു. ആടുമാടുകള്‍ നഷ്ടമായവര്‍ക്ക് അവയെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും അതിരൂപതയുടെ കര്‍മപദ്ധതിയിലുണ്ട്.അതിരൂപതയിലെ 200 ഇടവകകളില്‍നിന്നു ശേഖരിച്ച 500 ടണ്‍ അരിയും 10 ടണ്‍ പയറും മൂന്നു ടണ്‍ പഞ്ചസാരയും ഒരു ടണ്‍ വെളിച്ചെണ്ണയും ഇതിനോടകം ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തു.

ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം 50 ലക്ഷം രൂപയുടെ തുണിത്തരങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേയാണ് ആര്‍ച്ച് ബിഷപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലെ പ്രതിനിധികളും അതിരൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളും ഉള്‍പ്പെട്ട സംയുക്ത യോഗത്തിലായിരിന്നു തീരുമാനം.


Related Articles »