Social Media

പ്രളയത്തേക്കാൾ ദുരന്തമായ മനുഷ്യരും നമ്മുടെയിടയിൽ ജീവിക്കുന്നു: അനേകരെ രക്ഷപ്പെടുത്തിയ ഒരു വൈദികന്റെ പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകന്‍ 28-08-2018 - Tuesday

പ്രളയത്തിന്റെ കെടുതിയില്‍ നിന്നു കരകയറും മുന്‍പ് കത്തോലിക്ക സഭയ്ക്കും വൈദികര്‍ക്കും സന്യസ്ഥര്‍ക്കും എതിരെ വിഷം തുപ്പുന്നവര്‍ക്കുള്ള മറുപടിയുമായി വൈദികന്റെ പോസ്റ്റ്. കാവാലം സെന്‍റ് ജോസഫ് ഇടവക വികാരിയായ ഫാ. റ്റിജോ പുത്തൻപറമ്പിലിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. ഒരു സാധാരണ അമ്മയ്ക്ക് മക്കളെ ഓർത്ത് എത്ര ആകാംക്ഷയും ആകുലതയും ഉണ്ടോ അതിന്റെ നൂറിരട്ടി സഭാമാതാവിനും മക്കളെക്കുറിച്ചുമുണ്ടെന്നും മുഖപുസ്തകത്തിന്റെ സുരക്ഷിത ചില്ലുകൂടാരങ്ങളിൽ ഇരുന്നു കൊണ്ട് വാസ്തവമറിയാതെ വായിൽ തോന്നുന്നവ വിളിച്ചു പറയുകയും വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിക്കുകയും ചെയ്യുന്നവരും മുതലെടുപ്പു നടത്തുന്നവരും കുറവല്ലായെന്നും അദ്ദേഹം പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്.

വൈദികന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം‍

കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിനു ശേഷം ക്യാമ്പുകളിൽ അഭയാർത്ഥികളായി കഴിയുന്ന സഹോദരങ്ങൾ പതുക്കെ പതുക്കെ ജന്മ നാടുകളിലേക്ക്..... സ്വഭവനങ്ങളിലേക്ക് പോകാനായി തുടങ്ങി..... ക്യാമ്പുകൾ പിരിച്ചുവിടാനായി തുടങ്ങിക്കഴിഞ്ഞു. ... ഒരു ചെറിയ കാര്യം പറയാനാണീ ഈ കുറിപ്പ്.... വെറുതെ എന്തെങ്കിലും കുറിക്കുന്നതിനേക്കാൾ ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും കുറിക്കാനാണ് എനിക്കിഷ്ടം. ക്യാമ്പു കഴിഞ്ഞ് വീടുകളിലേക്ക് പോകുമ്പോൾ വെറും കൈയോടെ പോവാതിരിക്കാനായി ഗവണമെന്റ് ആനുകൂല്യങ്ങൾക്കായി കാത്തിരിക്കാതെ മക്കൾ വിദേശത്തേക്ക് പോവാനൊരുങ്ങുമ്പോൾ അവലോസുപൊടിയും അച്ചാറും വറുത്തതും പൊരിച്ചതുമൊക്കെ തയ്യാറാക്കുന്ന അമ്മയെപ്പോലെ, ഏറെ കരുതലോടെ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമൊക്കെ കൊടുത്തു വിടാനായി പാലായിലും കാഞ്ഞിരപ്പള്ളിയിലും മലബാറിലുമൊക്കെയുള്ള സുഹൃത്തുക്കളായ വൈദീക സഹോദരങ്ങളുടെയും വിദേശത്തുള്ള ബന്ധുമിത്രാധികമുമ്പിൽ സഹായത്തിനായി കൈ നീട്ടിയ വൈദീകരെയും സന്യസ്തരെയും എനിക്കറിയാം'.

ഒരു മാസത്തിലേറെയായി ഊണും ഉറക്കവും നഷ്ടപ്പെടുത്തി ദുരിതമേഖലകളിലെ സഹോദരങ്ങളോടൊപ്പമായിരുന്ന വൈദീകരെ സന്യസ്തരെ എനിക്കറിയാം. തീരെ നിർവ്വാഹമില്ലാതെ കിടപ്പു രോഗികളുമായി മരണം മുന്നിൽ കണ്ടു വീട്ടിൽ തന്നെ പ്രളയത്തോട്ടു മല്ലിട്ടു നിന്നവരെയും അല്പം പിടിവാശിയുമായി നിന്നവരെയും ഉപജീവന മാർഗ്ഗമായ കന്നുകാലികളെ രക്ഷിക്കാനായി വീട്ടിൽ നിന്നവരെയും അന്നത്തിനു മുട്ടുവരാതെ ഏറെ ത്യാഗം സഹിച്ച് വീടുകളിൽ യുവാക്കൾ വഴി എത്തിച്ചു കൊടുത്ത എന്റെ പ്രിയപ്പെട്ട വൈദീക സുഹൃത്ത്......

5 ദിവസത്തിലെറെ തുടർച്ചയായി വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് കാലു നിലത്തു കുത്താൻ കഴിയാത്ത അവസ്ഥയിൽ ഉപ്പും മഞ്ഞൾയും ചൂടുവെള്ളത്തിലിട്ട് കാല അതിൽ മുക്കി വച്ച രാത്രി 11 മണിക്ക് കിടക്കാൻ പോയിട്ട് രാവിലെ ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ മടി പിടിച്ചു കിടന്ന എന്നെ വെളുപ്പിനെ 5.30ന് വിളിച്ചിട്ട് ആദ്യ വള്ളം ചങ്ങനാശ്ശേരി ചന്തക്കടവിൽ അടുക്കുന്നതിനു മുമ്പ് നമുക്ക് അവിടെ എത്തണം റ്റിജോ എന്നു പറഞ്ഞ എന്റെ പ്രിയപ്പെട്ട വൈദീക സഹോദരൻ.....

അഭിവ്ന്ദ്യ പിതാക്കൻമാരുടെ ഇടപെടലിലൂടെ തിരുവനന്തപുരത്തു നിന്നും കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ഫിഷിംഗ് ബോട്ടുകൾ എത്തിയപ്പോൾ ബോട്ട് വണ്ടിയിൽ നിന്നും നിലത്തിറക്കുന്നതിനുള്ള അനുമതിക്കായി കലക്ട്രേറ്റിന്റെ മുമ്പിൽ മണിക്കൂറുകൾ കാത്തു നിന്ന വൈദീക സഹോദരങ്ങളെ എനിക്കറിയാം. ഇതൊക്കെ ഞാനീ കുറിക്കുന്നത് ചെയ്തതൊക്കെ അക്കമിട്ട് എണ്ണിപ്പെറുക്കാനല്ല, മറിച്ച് ചെയ്തതിനെ കണ്ണടച്ച് ഇരുട്ടാക്കരുത്. മനുഷ്യരുടെ ദുരിതത്തിന് ഒരറുതി വരുന്നതുവരെ ഇനിയും രാപകലില്ലാതെ കൂടെയുണ്ടാകും കാരണം സഭയും ഒരമ്മയാണ്.

ഒരു സാധാരണ അമ്മയ്ക്ക് മക്കളെ ഓർത്ത് എത്ര ആകാംക്ഷയും ആകുലതയും ഉണ്ടോ അതിന്റെ നൂറിരട്ടി സഭാമാതാവിനും എം ക് മക്കളെക്കുറിച്ചുമുണ്ട്. മുഖപുസ്തകത്തിന്റെ സുരക്ഷിത ചില്ലുകൂടാരങ്ങളിൽ ഇരുന്നു കൊണ്ട് വാസ്തവമറിയാതെ വായിൽ തോന്നുന്നവ വിളിച്ചു പറയുകയും വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിക്കുകയും ചെയ്യുന്നവരും മുതലെടുപ്പു നടത്തുന്നവരും കുറവല്ല. വൈദീകർ മോഷ്ടിച്ചെടുത്തവ തിരിച്ചു കൊടുത്താൽ എല്ലാം ശരിയാകും എന്നു പോസ്റ്റിട്ട് മിടുക്കൻമാരാകുന്ന പ്രളയത്തെക്കാൾ ദുരന്തമായ മനുഷ്യരും ഇപ്പോഴും നമ്മുടെ ഇടയിലൊക്കെ ജീവിക്കുന്നു എന്നുള്ളതും വിചിത്രം തന്നെ.

ജാതിയും മതവും നോക്കിയല്ല സഭ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. കത്തോലിക്കാ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ക്വാമ്പിനായി തുറന്നിട്ടതും ജാതിയും മതവും നോക്കിയല്ല, കാരണം സഭയക്ക് എല്ലാവരും ദൈവത്തിന്റെ മക്കൾ തന്നെ. ഇനിയും അവൾ ഉറങ്ങാതെ കാവലിരിക്കും ആകുലപ്പെടുന്ന ജീവിതങ്ങളുടെ കൂടെ. ഏല്പിക്കപ്പെട്ട കടമകൾ നിർവ്വഹിച്ച ദാസർ എന്നു പറഞ്ഞ് താഴ്മയോടെ മാറി നില്ക്കാനാ സഭയക്കിഷ്ടം'... യാതൊരു ക്രെഡിറ്റും അവകാശപ്പെടാൻ സഭ വരുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം മാത്രം. ഒരു എളിയ അപേക്ഷ മാത്രം, വന്ദിച്ചില്ലേലും സഭയെ നിന്ദിക്കരുത്.

സ്നേഹപൂർവ്വം,

ഫാ. റ്റിജോ പുത്തൻപറമ്പിൽ

More Archives >>

Page 1 of 6