India - 2024

സര്‍ക്കാരിന്റെ പരിശ്രമങ്ങളെ സഹായിക്കുക നമ്മുടെ കടമ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 28-08-2018 - Tuesday

കൊച്ചി: കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനു സര്‍ക്കാരിന്റെ പരിശ്രമങ്ങളെ സഹായിക്കുക എന്നതു ഓരോരുതരുടെയും കടമയാണെന്ന്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ കീഴിലുള്ള ദേവാലയങ്ങളിലും സഭയുടെ സ്ഥാപനങ്ങളിലും വായിക്കാനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് കര്‍ദ്ദിനാളിന്റെ പ്രസ്താവന. സര്‍ക്കാരും ഉദ്യോഗസ്ഥരും സഭയും പലതലങ്ങളിലുള്ള സന്നദ്ധസംഘടനകളും ഈ രംഗത്തു കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു വളരെ ആശ്വാസകരമായ വസ്തുതയാണെന്നും യുവജനങ്ങളുടെ സാന്നിധ്യവും സജീവമാണെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറില്‍ കുറിച്ചു.

കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനു സര്‍ക്കാരിന്റെ പരിശ്രമങ്ങളെ സഹായിക്കുക എന്നതു നമ്മുടെ കടമയാണ്. കെസിബിസിയുടെ പ്രസിഡന്റ് കേരളത്തിലെ കത്തോലിക്കാസഭയ്ക്കുവേണ്ടി ഒരുകോടി രൂപ മുഖ്യമന്ത്രിയെ ഏല്‍പിച്ചു. ഇതര െ്രെകസ്തവസഭകളും അപ്രകാരം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെസിബിസിയുടെ സംഭാവനയില്‍ സീറോമലബാര്‍ സഭയുടെ പങ്കും ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. സീറോ മലബാര്‍സഭയുടെ പൊതുവായ ആഭിമുഖ്യത്തില്‍ പിരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കുന്നതാണ്.

സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുന്നതോടൊപ്പം നമ്മുടെ രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികം ആവശ്യമാണല്ലോ. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും സഹായസഹകരണങ്ങള്‍ നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ പ്രദേശങ്ങളില്‍നിന്നു വന്ന മത്സ്യത്തൊഴിലാളികളാണു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. പത്തനംതിട്ട, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവിടങ്ങളില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത് അവരുടെ സാഹസികമായ യത്‌നത്തിലൂടെയാണ്.

ആരും ആവശ്യപ്പെട്ടിട്ടല്ല അവര്‍ വന്നത്. സ്വമേധയാ വള്ളങ്ങളും ബോട്ടുകളുമായി വന്നു. നഷ്ടങ്ങളെക്കുറിച്ചോ ചെലവുകളെക്കുറിച്ചോ അവര്‍ ചിന്തിച്ചില്ല. അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കുകയാണു ചെയ്തത്. നമ്മുടെ കടലോരമക്കളുടെ വിശ്വാസത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും വലിയൊരു സാക്ഷ്യമാണ് ഇവിടെ പ്രകടമായത്. അവരിലൂടെ ദൈവത്തിന്റെ മഹത്വം ഈ സന്ദര്‍ഭത്തില്‍ പ്രകാശിതമാകുകയായിരുന്നു. ദുരിതാശ്വാസക്യാന്പുകളില്‍ കഴിഞ്ഞ ലക്ഷക്കണക്കിനാളുകള്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയൊരു സാക്ഷ്യം നല്‍കാന്‍ എത്രയോപേര്‍ സന്നദ്ധരായി.

ഇപ്പോഴും ക്യാമ്പുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളുണ്ട്. അതുപോലെ സൈന്യത്തിന്റെയും പോലീസിന്റെയും സേവനവും സമര്‍പ്പണത്തിന്റെ സാധകപാഠമായിരുന്നു. സഭയുടെ ഭാഗത്തുനിന്ന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ മെത്രാന്മാരും വൈദികരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സ്‌നേഹപൂര്‍വം അഭിനന്ദിക്കുന്നു. 'മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്പില്‍ പ്രകാശിക്കട്ടെ.'(മത്തായി 5:16). എന്ന സുവിശേഷവചനം ഇവിടെ അന്വര്‍ഥമായി. പ്രളയത്തില്‍ ജീവഹാനി സംഭവിച്ചവരെയും അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങളെയും ദൈവകാരുണ്യത്തിനു സമര്‍പ്പിക്കാമെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ദൈവത്തിലുള്ള പ്രത്യാശ കൈവിടാതെ നമുക്കൊന്നിച്ചു മുന്നേറാമെന്നും കര്‍ദ്ദിനാള്‍ കുറിച്ചു.


Related Articles »