India - 2024

6000 നിത്യോപയോഗ സാധനങ്ങളുടെ കിറ്റുമായി ഇരിങ്ങാലക്കുട രൂപത

സ്വന്തം ലേഖകന്‍ 28-08-2018 - Tuesday

ഇരിങ്ങാലക്കുട: പ്രളയത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസമായി നിത്യോപയോഗ സാധനങ്ങളുടെ കിറ്റുമായി ഇരിങ്ങാലക്കുട രൂപത. പുനരധിവാസത്തിന്റെ ഭാഗമായി ആറായിരം കിറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. രൂപതയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ മൂന്നുസോണുകളായി തരംതിരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ക്യാന്പുകളില്‍ നിന്ന് മടങ്ങിയിട്ടുള്ള ആളുകളുടെ വീടുകളിലേക്ക് ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ കിറ്റുകള്‍ ഇടവകകള്‍ വഴി വിതരണം ചെയ്യുമെന്ന് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ അറിയിച്ചു.

കൊറ്റനല്ലൂര്‍ ഇടവക വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്റെ നേതൃത്വത്തില്‍ കൈക്കാരന്മാര്‍, സംഘടനാഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരാണ് കിറ്റുകള്‍ തയ്യാറാക്കിയത്. തിരുവോണനാളില്‍ കരുവന്നൂരിലെ ദുരിതാശ്വാസ ക്യാമ്പു സന്ദര്‍ശിച്ച് പ്രളയബാധിതര്‍ക്ക് സാന്ത്വനം പകരാനും കിറ്റുകള്‍ വിതരണം ചെയ്യാന്‍ ബിഷപ്പ് എത്തിയിരിന്നു. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ രൂപതയിലെ ദൈവജനം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മാര്‍ കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.

പ്രളയത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ജാതിമത വ്യത്യാസം നോക്കാതെ രൂപതയിലെ വൈദികര്‍, സിസ്‌റ്റേഴ്‌സ്, യുവജനങ്ങള്‍ തുടങ്ങിയര്‍ സജീവമായിരിന്നു. വീടുകള്‍ നശിച്ചവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും പഞ്ചായത്തും മുനിസിപ്പാലിറ്റിയും സര്‍ക്കാരും ഒരുക്കുന്ന വിവിധ സഹായങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നുള്ളതു എല്ലാവരുടെയും കടമയാണെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു.


Related Articles »