India - 2024

കുട്ടനാട് ശുചീകരണയത്നത്തില്‍ വൈദികര്‍ക്കൊപ്പം ബിഷപ്പുമാരും

സ്വന്തം ലേഖകന്‍ 01-09-2018 - Saturday

കുട്ടനാട്: പ്രളയക്കെടുതിയെ അതിജീവിക്കുന്ന കുട്ടനാടിന്റെ ശുചീകരണയത്നത്തില്‍ വൈദികര്‍ക്കൊപ്പം പങ്കാളികളായി ബിഷപ്പുമാരും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും എട്ടുഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. പന്പു സെറ്റുകള്‍, ക്ലീനിംഗ് യന്ത്രങ്ങള്‍, വൈപ്പറുകള്‍, ജനറേറ്ററുകള്‍, ബ്രഷുകള്‍, ലോഷനുകള്‍ തുടങ്ങിയ സാമഗ്രികളുമായി രണ്ട് ബസുകളിലായാണ് ബിഷപ്പുമാരും വൈദികരുമെത്തിയത്. രാവിലെ 11മുതലാരംഭിച്ച ശുചീകരണം വൈകുന്നേരം അഞ്ചുവരെ നീണ്ടു.

പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍ ഫാ.ജോസഫ് കാക്കല്ലില്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം, പാലാ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ.മാത്യു പുല്ലുകാലായില്‍, പാലാ സെന്റ് തോമസ് കോളജ ്മുന്‍പ്രിന്‍സിപ്പല്‍ ഫാ.കുര്യന്‍ മറ്റം, ചേന്നങ്കേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജോര്‍ജ് പനക്കേഴം എന്നിവരും മറ്റ് വൈദികരും ശുചീകരണത്തില്‍ പങ്കാളികളായി. പള്ളിയും പള്ളിമുറികളും പാരിഷ്ഹാളും ഹൈസ്‌കൂള്‍ കെട്ടിടവും ശുചീകരിച്ചതിനൊപ്പം സമീപത്തെ ജാതിഭേദമെന്യേ ഇരുപതോളം വീടുകളും ശുചീകരിച്ചാണ് വൈദിക സംഘം മടങ്ങിയത്.


Related Articles »