India - 2024

പൊന്നിൻ കുരിശ് വിൽപ്പന നടത്തിപ്പോലും പാവങ്ങളെ സഹായിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 08-09-2018 - Saturday

പാലാ: പൊന്നിൻ കുരിശു വിൽപ്പന നടത്തി പോലും പാവങ്ങളെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിഷപ്പിന്റെ ആഹ്വാനം. രൂപതയിലെ വൈദികർ, സന്യസ്ഥർ, അൽമായർ ചെയ്ത സേവനങ്ങൾക്കും ഔദാര്യപൂർവ്വം സംഭാവനകൾക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് മാർ കല്ലറങ്ങാട്ടിന്റെ നാല് മിനിറ്റ് ദൈർഘ്യമുള്ള സന്ദേശം ആരംഭിക്കുന്നത്.

"മൂന്നു കേന്ദ്രങ്ങളിലായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഇടുക്കി രൂപതയ്ക്ക്, ചങ്ങനാശേരി അതിരൂപതയ്ക്ക് 151 ലക്ഷം രൂപ സംഭാവന ചെയ്യുവാൻ സാധിച്ചു. അതെല്ലാം നിങ്ങളുടെ സംഭാവനയാണ്. നമുക്ക് നാളിതുവരെ വിവിധ ഇടവകകളിലും നിന്നും രൂപതയിലെ വിവിധ വ്യക്തികളിൽ നിന്നും 130 ലക്ഷത്തോളം കിട്ടിയതിൽ, കൂടുതൽ കൊടുക്കുകയാണ് ചെയ്തത്. 25 ലക്ഷത്തോളം രൂപയുടെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു. ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങൾക്ക് അറിവുള്ളതാണ്. നമ്മളെല്ലാം ചെയ്തപ്പോഴും ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്തു എന്നൊരു ചിന്ത എനിക്കില്ല.

എന്റെ എളിയ നിർദ്ദേശം പാലാ രൂപതയിലെ വൈദികർ ഒരുമാസത്തെ അലവൻസ്, അത് ചെറിയ തുകയെയുള്ളുവെന്നറിയാം. അത് വിധവയുടെ ചില്ലികാശു പോലെ പങ്കുവെച്ചാൽ ദൈവസന്നിധിയിൽ പ്രീതികരം ആയിരിക്കുമെന്ന് കരുതുകയാണ്. അതുപോലെതന്നെ കോളേജ് വിദ്യാർഥികൾ ഒരുദിവസം ചോക്ലേറ്റിനും ഐസ്ക്രീനും മിഠായിക്കുമായി ചിലവാക്കുന്ന തുക മാറ്റി വെച്ച് കിട്ടുന്ന തുക ചെറുതാണെങ്കിലും അത് മാറ്റിവെക്കുമ്പോൾ അതിന് ഒരു പവിത്രമായ മാനമുണ്ടെന്നു കരുതുകയാണ്. നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ചെയ്തതെന്നും പോരാ എന്ന് ഒരു ഭാരം മനസ്സിനെ അലട്ടുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ പൊന്നിൻ കുരിശു പോലും വിറ്റ് ആവശ്യക്കാരെ സഹായിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന വാക്കുകളോടെയാണ് ബിഷപ്പ് കല്ലറങ്ങാട്ടിന്റെ സന്ദേശം അവസാനിക്കുന്നത്.

വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »