India - 2024

ദുരിതബാധിത മേഖലകളില്‍ 16.56 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളുമായി സിഎംസി സന്യാസിനി സമൂഹം

സ്വന്തം ലേഖകന്‍ 12-09-2018 - Wednesday

കൊച്ചി: ദുരിതം ബാധിച്ച മേഖലകളില്‍ വിവിധ പദ്ധതികളിലായി 16.56 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സിഎംസി സന്യാസിനി സമൂഹം. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്കായി കേരളത്തിലും കര്‍ണാടകയിലുമായി 9.15 ഏക്കര്‍ ഭൂമി നല്‍കാനും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സേവനം ചെയ്യുന്ന 875 സമര്‍പ്പിതരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറാനും തീരുമാനിച്ചതായി സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി പറഞ്ഞു. സന്യാസിനി സമൂഹം സമൂഹികസേവനത്തിനായി മാറ്റിവച്ചിരിക്കുന്ന തുക മുഴുവനും അഞ്ചു മാസത്തേക്കു കേരളത്തിലെ ദുരിതാശ്വാസ പുനരധിവാസ പ്രക്രിയയ്ക്കായി നീക്കിവച്ചിട്ടുണ്ട്.

വീട് പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്കു വീടു നിര്‍മാണത്തിനു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സുപ്പീരിയര്‍ ജനറലിന്റെ നേതൃത്വത്തില്‍ ജനറല്‍, പ്രോവിന്‍ഷ്യല്‍, റീജണല്‍ ടീമുകളാണു ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എല്ലാ സിഎംസി സന്യാസിനിമാരും പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. സിബിസിഐ, കെസിബിസി, രൂപതകള്‍, ഇടവകകള്‍ എന്നിവയുമായി സഹകരിച്ചും ദുരിതബാധിത മേഖലകളിലുള്ള സിഎംസി പ്രോവിന്‍സുകള്‍ വഴിയുമാണ് സഹായങ്ങളെത്തിക്കുക. ദുരിതമനുഭവിക്കുന്നവര്‍ക്കു സ്വയം പര്യാപ്തതയിലേക്കെത്താന്‍ സഹായിക്കുന്ന വരുമാനദായകമായ പദ്ധതികള്‍ 690 സ്വയം സഹായ സംഘങ്ങളിലൂടെ നടത്തിവരുന്നുണ്ട്. ഇതിനായി അഞ്ചു കോടി രൂപയാണു വിനിയോഗിക്കുകയെന്നും സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി അറിയിച്ചു.

നേരത്തെ പ്രളയബാധിതമേഖലകളിലുള്ള സിഎംസി മഠങ്ങളിലും സ്ഥാപനങ്ങളിലുമായി 76 ദുരിതാശ്വാസ ക്യാന്പുകളിലായി 25,000 ത്തോളം പേര്‍ക്കാണ് അഭയമൊരുക്കിയത്. ഇടവക പള്ളികളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ആയിരക്കണക്കിനാളുകളെ സന്യാസിനികള്‍ ശുശ്രൂഷിച്ചു. കേരളത്തിലെ 14 പ്രോവിന്‍സുകളിലെ സന്യാസിനികളും സന്യാസാര്‍ഥിനികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഭക്ഷണം, വസ്ത്രം മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വിവിധ പ്രളയബാധിത മേഖലകളില്‍ സിഎംസി സമൂഹം എത്തിച്ചിരിന്നു.


Related Articles »