India - 2024

ജലന്ധര്‍ വിഷയത്തില്‍ പ്രസ്താവനയുമായി കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 13-09-2018 - Thursday

കൊച്ചി: ജലന്ധര്‍ വിഷയത്തില്‍ പോലീസ് നിയമാനുസൃതം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ ശിക്ഷിക്കട്ടെയെന്നും ഇതിനിടെ മാധ്യമങ്ങള്‍ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മികവും അനധികൃതവുമാണെന്നും കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെസിബിസി). ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണ വിഷയത്തില്‍ കത്തോലിക്കാസഭ ആരെയും വിധിക്കുന്നില്ലായെന്നും ആരെയും നീതീകരിക്കുന്നുമില്ലെന്നും കെ‌സി‌ബി‌സി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ രേഖപ്പെടുത്തി.

മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയ്ക്കനുസരിച്ചു ചാനല്‍ ചര്‍ച്ചകള്‍ നടത്തുന്ന ചില മാധ്യമങ്ങളുടെ ഗൂഢലക്ഷ്യം നിഷ്പക്ഷമതികള്‍ മനസിലാക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും അതിനിടെ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങള്‍ തികച്ചും അപലപനീയമാണ്. നിഷ്പക്ഷമായ അന്വേഷണമല്ല ബിഷപ്പ് ഡോ. ഫ്രാങ്കോയുടെ അറസ്റ്റാണ് സമരക്കാരുടെ താത്പര്യമെന്നു തോന്നുന്നു.

സമരക്കാരും അനുകൂലികളും സമ്മര്‍ദ്ധ തന്ത്രം ഉപേക്ഷിച്ച് നിഷ്പക്ഷമായും കാര്യക്ഷമമായും അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ പോലീസിനെ അനുവദിക്കുകയാണ് വേണ്ടതെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് തയാറാകണമെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ രേഖപ്പെടുത്തി.


Related Articles »