Meditation. - March 2024

ഉപവാസം- ക്രൈസ്തവര്‍ അനുഷ്ട്ടിക്കേണ്ട അനിവാര്യമായ പ്രവര്‍ത്തി

സ്വന്തം ലേഖകന്‍ 03-03-2024 - Sunday

"അപ്പോള്‍, ഞാന്‍ ചാക്കുടുത്ത്, ചാരംപൂശി, ഉപവസിച്ച്, ദൈവമായ കര്‍ത്താവിനോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു" (ദാനിയേൽ 9:3)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 3

യേശു ക്രിസ്തു എകാത്മകമായ ഉപവാസത്തിനും മാനസാന്തരത്തിനും അതിലൂടെ പരിവർത്തനത്തിലേയ്ക്കും നമ്മെ വിളിക്കുന്നത് എന്തിനെന്ന് ഈ വചനത്തിലൂടെ നമ്മുക്ക് മനസ്സിലാകും. ദൈവത്തിങ്കലെയ്ക്ക് അടുക്കണമെങ്കിൽ നാം അവിടുത്തേക്ക് ചെവി കൊടുക്കേണ്ടിയിരിക്കുന്നു. അതിനായി നമ്മുടെ വ്യക്തിത്വത്തിൽ ഉള്ള ദൈവീകതയെ, നാം അറിയുകയും കണ്ടെത്തുകയും വേണം. നമ്മുടെ ബോധമണ്ഡലത്തിലും, മനസാക്ഷിയിലും, ഹൃദയത്തിലും സംസാരിക്കുന്ന ഉദാത്തമായ മൂല്യങ്ങൾ മനസിലാക്കുകയും വേണം. എന്നിട്ട് വേണം ആദ്ധ്യാത്മതയ്ക്ക് തുറവി കൊടുക്കാന്‍. നമ്മുടെ ഭൗതികമായ സംതൃപ്തിക്കും, കച്ചവട മനസ്ഥിതിയ്ക്കും ഉപരിയായി വേണം ആദ്ധ്യാത്മികതക്കായി നാം ഒരുങ്ങാന്‍.

ഇങ്ങനെ നമ്മുടെ മാനുഷിക വ്യക്തിത്വത്തെ ദൈവത്തിൻ മുൻപിൽ തുറന്നു വയ്ക്കുക വഴി ധാരാളം അനുഗ്രഹങ്ങള്‍ നമ്മുക്ക് ലഭിക്കുന്നു. ഉപവാസവും പ്രാർത്ഥനയും ഒപ്പം കൊണ്ട് പോകേണ്ടിയിരിക്കുന്നു. കൂടാതെ ഉപവാസം പാരമ്പര്യമായ അർത്ഥത്തിലും, ആധുനികമായ അർത്ഥത്തിലും, മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം അത് ദൈവവുമായി അടുക്കുവാൻ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. പഞ്ചേന്ദ്രിയങ്ങളുടെ മേലുള്ള നിയന്ത്രണവും, അവന്റെ ശരീരാഭിലാഷങ്ങളുടെ നിഗ്രഹവും ഏറ്റം ഉദാത്തവും ഫലപ്രദവുമായ ഒരു പ്രാര്‍ത്ഥനയുമായാണ് ഉപവാസത്തെ മനുഷ്യന്‍ കാണുന്നത്.

നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന വെറും ഒരാചാരത്തിന്റെ പാദ മുദ്രകളല്ല ഉപവാസം. നമ്മുടെ ഈ കാലഘട്ടത്തിലെ ക്രൈസ്തവർക്ക് ഇത് അനിവാര്യമായ ഒന്നു കൂടിയാണ്. ഉപവാസം വഴിയായി താൻ ആന്തരികമായും, ആത്മീയമായും ‘വ്യത്യസ്ഥൻ‘ ആയി മാറിയിരിക്കുന്നുവെന്നും അവൻ സ്വയം മനസിലാക്കുന്നു. അത് അവനു ആന്തരികമായി ഒരു ഉണർവ്വും ലാഘവത്വവും നൽകുന്നു. ഈ വിധമുള്ള പ്രാർത്ഥന ദൈവത്തെ കണ്ടുമുട്ടലാണെന്നും, അവ തന്നിൽ ഫലങ്ങൾ പുറപ്പെടുവിക്കുന്നു എന്നും അവൻ അറിയുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 21.3.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »