India - 2024

മദ്യത്തിനെതിരെയുള്ള പോരാട്ടം സമൂഹ നന്മക്ക്: മാര്‍ ജോര്‍ജ് ഞരളക്കാട്ട്

സ്വന്തം ലേഖകന്‍ 25-09-2018 - Tuesday

ആലക്കോട്: മദ്യത്തിനെതിരേയുള്ള പോരാട്ടം സമൂഹ നന്മയ്ക്കാണെന്നും ആ പോരാട്ടം കുടുംബത്തില്‍ നിന്നാരംഭിക്കണമെന്നും ബോധവത്കരണം കൂടുതലായി നടക്കണമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപതസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിഷപ് വള്ളോപ്പിള്ളി ജയന്തി അനുസ്മരണവും ബിഷപ് വള്ളോപ്പിള്ളി സംസ്ഥാന അവാര്‍ഡ് സമര്‍പ്പണവും ലഹരി വിരുദ്ധ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുലഭമായി മദ്യം ഒഴുകുന്‌പോഴും മദ്യം വര്‍ജിക്കാന്‍ നമുക്കു സാധിക്കണം. ധാരാളം ആളുകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. പ്രത്യേകിച്ചു യുവജനങ്ങള്‍. മദ്യവര്‍ജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.സി. ജോസഫ് എംഎല്‍എ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ആഞ്ഞടിച്ചു. ചടങ്ങില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ ബിഷപ്പ് വള്ളോപ്പിള്ളി അവാര്‍ഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍ നിന്ന് ഏറ്റുവാങ്ങി.

മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. തോമസ് തൈത്തോട്ടം ആമുഖപ്രഭാഷണം നടത്തി. ബിഷപ്പ് വള്ളോപ്പിള്ളി അനുസ്മരണം കെസിബിസി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപത പ്രസിഡന്റ് ഡോ. ജോസ്ലറ്റ് മാത്യു നിര്‍വഹിച്ചു. അവാര്‍ഡ് ജേതാവിനെ എഡിഎസ്യു ചീഫ് ഓര്‍ഗനൈസര്‍ മനോജ് എം. കണ്ടത്തില്‍ പരിചയപ്പെടുത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍, മുക്തിശ്രീ പ്രസിഡന്റ് മാര്‍ഗരറ്റ് മാത്യു, മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന്‍ കൊല്ലക്കൊന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »