India - 2024

കത്തോലിക്ക സഭയെ അവഹേളിക്കുവാന്‍ വന്‍ ഗൂഢാലോചന

സ്വന്തം ലേഖകന്‍ 27-09-2018 - Thursday

പാലാ: സമീപകാലത്തുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കത്തോലിക്കാ സഭയെ ഒന്നാകെ ആക്രമിക്കാനും അവഹേളിക്കാനും ചില മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി ആവശ്യപ്പെട്ടു. ചാനലുകള്‍ നേരില്‍ കാണാത്ത കാര്യങ്ങള്‍ വരെ വളരെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുന്നുവെന്നും ബ്രേക്കിംഗ് ന്യൂസുകള്‍ക്കും റേറ്റിംഗില്‍ ഒന്നാംസ്ഥാനം നേടുന്നതിനും വേണ്ടി മത്സരിക്കുമ്പോള്‍ ഇല്ലാക്കഥകളും തെറ്റായ വാര്‍ത്തകളും സ്വന്തം ഭാവനയനുസരിച്ച് സൃഷ്ടിക്കപ്പെടുന്നുവെന്നും സമിതി പ്രസ്താവിച്ചു.

സ്വന്തം ഭാവനയനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന മാധ്യമ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇങ്ങനെ പൊതുജനവികാരത്തെ സഭയ്ക്ക് എതിരായി മാറ്റുവാന്‍ ശ്രമിക്കുന്നു. ചാനല്‍ ചര്‍ച്ചകള്‍ സഭാവിരോധികളെയും യുക്തിവാദികളെയും കുത്തിനിറച്ച് നടത്തുന്നതും എല്ലാ ദിവസവും ഒരു വിഷയം തന്നെ ചര്‍ച്ചയാക്കുന്നതും ചാനല്‍ ജഡ്ജിമാര്‍ വിധിക്കുന്നതും ദുരുദേശ്യപരമായ അജണ്ടയാണ്. കഴിഞ്ഞ ദിവസം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയതും പിന്നീട് പിന്‍വലിക്കേണ്ടി വന്നതും ഈ അജന്‍ഡകള്‍ വെളിവാക്കുന്നതാണ്.

ഡോ. ഫ്രാങ്കോയെ പാലാ കോടതിയിലും കുറവിലങ്ങാട് മഠത്തിലുമൊക്കെ എത്തിച്ചപ്പോള്‍ ചാനല്‍ പ്രവര്‍ത്തകരും അവരുടെ കൂടെ വന്ന മറ്റു ജീവനക്കാരുമാണ് ബോധപൂര്‍വം കൂവല്‍ നടത്തിയതെന്നും അവിടെയുണ്ടായിരുന്ന നാമമാത്രമായ ആളുകളെ കൂവാന്‍ നിര്‍ബന്ധിക്കുന്നത് പലരും നേരില്‍ കണ്ടതാണെന്നും സമിതി വെളിപ്പെടുത്തി. ഈ വിഷയത്തില്‍ എറണാകുളത്ത് ഉള്‍പ്പെടെ നടന്ന സമരത്തില്‍ നാമമാത്രമായ ആളുകളെ ഉണ്ടായിരുന്നുവെങ്കിലും വലിയ ജനപങ്കാളിത്തമെന്ന് നിരന്തരം വാര്‍ത്ത കൊടുത്തത് മാധ്യമ അജന്‍ഡയുടെ ഭാഗമാണ്.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഈ വിഷയത്തിലേക്കു മനഃപൂര്‍വം വലിച്ചിഴച്ചതും ഗൂഢാലോചനയുടെ ബാക്കിപത്രമാണ്. ഇതിനു മുന്‍പ് ഭൂമി വിവാദവുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനകളും ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്. തെറ്റു ചെയ്തവര്‍ ആരായാലും അവര്‍ നിയമത്തിനു മുന്പില്‍ ശിക്ഷിക്കപ്പെടട്ടെ. ആരും അതിനെ എതിര്‍ത്തിട്ടില്ല. ഒരു സ്വാധീനവും ചെലുത്തുവാന്‍ സഭ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കത്തോലിക്കാസഭയെ ആക്രമിക്കുന്നതും അവഹേളിക്കുന്നതും അപലപനീയമാണെന്നും സമിതി പ്രസ്താവിച്ചു.


Related Articles »