Faith And Reason - 2024

"ഞാൻ അങ്ങയുടെ ചാരനാണ് ബോബിയച്ചാ"; തുറന്നെഴുത്തുമായി ജോസഫ് അന്നംകുട്ടി

സ്വന്തം ലേഖകന്‍ 01-10-2018 - Monday

കൈമോശം വന്ന നന്മകളിലേക്കും ആത്മീയതയിലേക്കും തിരിച്ചുപോകാനുള്ള പ്രചോദനമായത് കപ്പൂച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാടാണെന്നു തുറന്നെഴുതി റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്. അച്ചൻ പോലുമറിയാതെ ഒരു ചെറുപ്പക്കാരൻ നന്മയോട് കുറച്ച് അടുപ്പം കാണിച്ചിട്ടുണ്ടെങ്കിൽ അയാളിലൂടെ എന്തൊക്കയോ ചെറിയ മാറ്റങ്ങൾ മനുഷ്യരുടെ മനസ്സിൽ സംഭവിച്ചിട്ടുട്ടെങ്കിൽ അത് അങ്ങയുടെ വിജയം മാത്രമാണെന്നും യുവാക്കള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഒരുപോലെ പ്രിയങ്കരനായി മാറിയ ജോസഫ് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്. അഞ്ഞൂറിനടുത്ത് ആളുകളാണ് ഈ പോസ്റ്റു ഇതുവരെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹൃദയം സ്പര്‍ശിയായ കുറിപ്പെന്നും ബോബി അച്ചന്‍ ഒരുപാട് സ്പര്‍ശിച്ചിട്ടുണ്ടെന്നും നിരവധി പേര്‍ പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

സ്നേഹം നിറഞ്ഞ ബോബിയച്ചന് ,

ആരെങ്കിലും ഈ എഴുത്ത് അങ്ങയെ കൊണ്ടുകാണിക്കും എന്നുറപ്പുള്ളതുകൊണ്ടാണ് എഴുതുന്നത്. ഇത് അങ്ങേയ്ക്ക് വേണ്ടി മാത്രം എഴുതുന്ന ഒന്നല്ല. എനിക്ക് വേണ്ടിയും എന്നെ ഫോളോ ചെയ്യുന്നവർക്കു വേണ്ടിക്കൂടിയാണ്. വളരെ അലസമായി ജീവിച്ചിരുന്ന, വ്യക്തമായ ലക്ഷ്യങ്ങളില്ലാതിരുന്ന, ഈശ്വരനെ അറിയാതിരുന്ന, ആത്മീയത സന്യാസികൾക്കു മാത്രം ചേരുന്ന ഒന്നാണെന്ന് കരുതിയിരുന്ന ഒരു പയ്യനായിരുന്നു ഞാൻ എന്റെ ഇരുപതുകളുടെ ആദ്യ പകുതിയിൽ. കൈമോശം വന്ന നന്മകളിലേയ്ക്ക്, കളഞ്ഞുപോയ നിഷ്കളങ്കതയിലേക്കു മറന്നുപോയ പ്രാര്ഥനകളിലേയ്ക്ക് തിരിച്ചുനടക്കാനുള്ള ക്ഷണമാണ് ആത്മീയത എന്ന് എന്നെ പഠിപ്പിച്ചത് അങ്ങ് എഴുതിയ പുസ്തകങ്ങളാണ്.

കുമ്പസാരം വെറും ചടങ്ങായി മാത്രം കണ്ടിരുന്ന എന്നെ 'എല്ലാം ഏറ്റുപറയാനുള്ളിടവും , എല്ലാം പുതിയതായി തുടങ്ങാനുള്ള ക്ഷണവുമാണ് കുമ്പസാരക്കൂട്' എന്ന് പറഞ്ഞുതന്നത് അച്ചനാണ്‌. എണസ്റ്റ് ഹെമിങ്‌വേയ് എന്ന എഴുത്തുകാരനെ ദൈവത്തിന്റെ ചാരൻ എന്നാണ് വിളിക്കുന്നത് എന്ന് അങ്ങ് തന്നെയെഴുതിയ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. ഒന്നര വർഷം മുൻപ് എനിക്കുണ്ടായിരുന്നത് 2500 ഫേസ്ബുക് സുഹൃത്തുക്കൾ മാത്രമായിരുന്നു, ഇന്നത് മൂന്ന് ലക്ഷം കഴിഞ്ഞിരിക്കുന്നു.ഇതിൽ 'follow' എന്നൊരു ബട്ടൺ ഉണ്ട്, 'പിൻതുടരുക' എന്നതാണ് അതിന്റെ അർഥം. പിൻതുടരുന്ന എല്ലാവരും സ്നേഹിക്കുന്നവരല്ല എന്നെനിക്കറിയാം, ഒരു മാനിനെ പിന്തുടരുന്ന സിംഹം സുഹൃത്തല്ല വേട്ടക്കാരനാണ്.

ഞാൻ പറയുന്ന ചില കാര്യങ്ങളിൽ എന്തൊക്കയോ നന്മയുണ്ടെന്നാണ് പൊതുവെ ഒരു സംസാരം, ഞാൻ പറയുന്നതെല്ലാം അങ്ങ് പഠിപ്പിച്ചതിന്റെ റിഫ്ലക്ഷൻസ് മാത്രമാണ്. ഞാൻ അങ്ങയുടെ ചാരനാണ് ബോബിയച്ചാ. ഞാൻ പറയുന്ന കഥകൾ, ചിന്തിക്കുന്ന കാര്യങ്ങൾ,കാഴ്ചപ്പാടുകൾ എല്ലാം അങ്ങിൽ നിന്ന് എനിക്ക് ലഭിച്ചതാണ്. അങ്ങ് പിന്തുടരുന്ന 33 വയസുള്ള ആ ചെറുപ്പക്കാരൻ പറഞ്ഞ കഥകളെ വാക്കുകളെ എനിക്ക് മനസ്സിലാകുന്ന രീതിയിൽ, ഇഷ്ട്ടപ്പെടുന്ന ഭാഷയിൽ അച്ചൻ പറഞ്ഞുതന്നപോലെ, ഞാൻ എന്നെ follow ചെയ്യുന്ന യുവജനത്തിന് വീഡിയോകളിലൂടെ അവർക്കിഷ്ട്ടപ്പെടുന്ന രീതിയിൽ പറഞ്ഞുകൊടുക്കുന്നുണ്ട്.

കണ്ണ് നിറഞ്ഞു എന്നെ ഓഫീസിൽ കാണാൻ വരുന്ന അമ്മമാരുണ്ട്, നന്ദി പറഞ്ഞുകൊണ്ട് പെരുവഴിയിൽ വച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന യുവാക്കളുണ്ട്. ഒരിക്കൽ ഒരു പയ്യൻ ഓഫീസിൽ വന്ന് കൈകൾ കൂപ്പി നിന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യമുണ്ട് "ഡിപ്രെഷൻ ബാധിച്ചു കിടന്നപ്പോൾ ഞാൻ കഴിച്ച മരുന്നുകളേക്കാൾ ശക്തി ചേട്ടൻ ചെയ്യുന്ന വിഡിയോകൾക്കുണ്ട് ". അവൻ ഇറങ്ങിപ്പോയതിന് ശേഷം ഞങ്ങളുടെ ഓഫീസിലെ കോൺഫെറൻസ് റൂമിൽ ഞാൻ ഒരു കുഞ്ഞിനെക്കണക്ക് കരഞ്ഞിട്ടുണ്ട്, ഞാൻ കരഞ്ഞത് അവനെയോർത്തല്ല എന്നെയോർത്താണ്. എനിക്ക് എന്നെ കൈവിട്ടുപോയ നിമിഷങ്ങളിൽ ഞാൻ അങ്ങയുടെ വാക്കുകൾക്കു മുൻപിൽ കൈകൂപ്പി കരഞ്ഞത് ഓർത്തുപോയിട്ടാണ്.

നന്മ വലിയൊരു ചങ്ങലയാണ്, തിന്മയേക്കാൾ ശക്തിയുള്ള, നീണ്ടു നിൽക്കുന്ന, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ചങ്ങല. അങ്ങാകുന്ന കണ്ണിയോട് ചേർന്ന് നിൽക്കുന്ന ഒരാളാണ് ഞാൻ. നവ മാധ്യമങ്ങളുടെ സഹായമുള്ളതുകൊണ്ട് എന്നെ ചേർന്ന് നന്മയുടെ ചങ്ങല കെട്ടിപ്പടുക്കുന്ന ഒരു പറ്റാം യുവാക്കളും യുവതികളുണ്ട്. എനിക്കൊരു പ്രാർത്ഥന മാത്രമേയുള്ളു, ഞാനാകുന്ന കണ്ണി പൊട്ടാതെ കാക്കണമേ ദൈവമേ എന്ന്.

അച്ചൻ പറഞ്ഞുതന്ന പോലെ ഒരുപക്ഷെ 'പള്ളിമണി' ആകാനായിരിക്കും എന്റെ വിധി, അത് ശബ്ദമുണ്ടാക്കി ആളുകളെ മുഴുവൻ നന്മയുടെ ഉറവിടമായ പള്ളിയിലേക്ക് ആകർഷിക്കുന്നു പക്ഷെ പള്ളിമണിയുടെ സ്ഥാനം പള്ളിയ്ക്ക് പുറത്താണ്. ഞാനൊരു പള്ളിമണിയണച്ചാ, ശബ്ദമുണ്ടാക്കുന്നുണ്ട്, ആളുകളെ നന്മയിലേക്ക് ആകര്ഷിക്കുന്നുണ്ട് പക്ഷെ ഞാനിനിയും അകത്തോട്ട് പ്രവേശിച്ചിട്ടില്ല. കയറുപൊട്ടുന്ന വരെ അങ്ങ് പഠിപ്പിച്ചു തന്ന നല്ല പാഠങ്ങൾ ഉറക്കെ വിളിച്ചുപറയാൻ നിയോഗിക്കപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഞാൻ.

അച്ചൻ പോലുമറിയാതെ ഒരു ചെറുപ്പക്കാരൻ നന്മയോട് കുറച്ച് അടുപ്പം കാണിച്ചിട്ടുണ്ടെങ്കിൽ അയാളിലൂടെ എന്തൊക്കയോ ചെറിയ മാറ്റങ്ങൾ മനുഷ്യരുടെ മനസ്സിൽ സംഭവിച്ചിട്ടുട്ടെങ്കിൽ അത് അങ്ങയുടെ വിജയം മാത്രമാണ്. ഞാൻ അങ്ങയുടെ ഒരു ഉപകരണം മാത്രമാണ്. അച്ചന്റെ എഴുത്തുകൾക്കായി ഞാൻ കാത്തിരിക്കുന്നു, അങ്ങയെ ഇനി നേരിൽ കാണുന്നത് വരെ കയറുപൊട്ടാതെ എന്നെ കാക്കണമേ എന്ന് ആ മരപ്പണിക്കാരനോട് ഞാനും പ്രാര്ഥിക്കുന്നുണ്ട്.

സ്നേഹത്തോടെ, ജോസഫ് അന്നംക്കുട്ടി

More Archives >>

Page 1 of 5