India - 2024

മാര്‍ പവ്വത്തില്‍ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്; ഒക്ടോബര്‍ മൂന്നിന് പ്രഥമ പ്രദര്‍ശനം

സ്വന്തം ലേഖകന്‍ 01-10-2018 - Monday

ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ചു തയാറാക്കിയ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് ഡോക്യുമെന്ററി ഒക്ടോബര്‍ മൂന്നിന് പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു ചങ്ങനാശേരി അപ്‌സര തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് ഒരു മണിക്കൂര്‍ പത്തു മിനിറ്റു ദൈര്‍ഘ്യമുണ്ട്. പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ പോളാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. മാര്‍ പവ്വത്തിലിന്റെ ബാല്യകാലം, സ്‌കൂള്‍ വിദ്യാഭ്യാസം, സെമിനാരിപഠനം, ഓക്‌സ്ഫഡിലെ പഠനം, പൗരോഹിത്യ ജീവിതം, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍, ചങ്ങനാശേരി ആര്‍ച്ച്ബിഷപ്, കെസിബിസി ചെയര്‍മാന്‍, സിബിസിഐ പ്രസിഡന്റ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ ജീവിതം ചിത്രത്തില്‍ ഉണ്ട്.

അദ്ദേഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്‍കിയ സംഭാവനകളും നിലപാടുകളോടുള്ള ദൃഢസമീപനവും ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്-ല്‍ പ്രതിഫലിക്കുന്നുണ്ട്. പരസ്യചിത്ര സംവിധായകനായ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഫോട്ടോഗ്രഫി നിര്‍വഹണം സാജന്‍ കളത്തിലാണ്. ചങ്ങനാശേരി അതിരൂപതയുടെ മാധ്യമ പഠനകേന്ദ്രമായ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ മീഡിയാ സ്റ്റുഡിയോയാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം.


Related Articles »