India - 2024

സഭ കുറവുള്ളവളെങ്കിലും അവയെ അതിജീവിക്കുവാൻ പ്രാർത്ഥനയുടെ ഐക്യത്തില്‍ സാധിക്കും: കർദ്ദിനാൾ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 02-10-2018 - Tuesday

റോം: സഭ കുറവുള്ളവളെങ്കിലും എല്ലാ കുറവുകളേയും അതിജീവിച്ചു മുന്നോട്ടു പോകുവാൻ പ്രാർത്ഥനയുടെ ഐക്യത്തിലൂടെ സാധിക്കുമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സെപ്റ്റംബർ 30നു സൗത്ത് ഇറ്റലിയിലെ നോച്ചെര-പഗാനി സിറോമലബാർ കൂട്ടായ്മയിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കൂട്ടായ്മയും സന്തോഷം നിറഞ്ഞ ജീവിതവും, വിശുദ്ധ കൂദാശകളുടെ ഒരുങ്ങിയുള്ള സ്വീകരണവും ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം വലിയ സാക്ഷ്യത്തിന്റെ സന്ദർഭം കൂടിയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

വിദേശത്തു ആയിരിക്കുമ്പോഴും കുഞ്ഞുങ്ങളെ സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും വളർത്താൻ നമ്മുടെ ഇടവക കൂട്ടായ്മകൾ ഒരുപാട് അനുഗ്രഹമാണ്. കുഞ്ഞുങ്ങളിലൂടെ വിശ്വാസം വിദേശ സമൂഹങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ജോബി ചേർക്കോട്ട് ഫാ. ജെയ്സൺ കോക്കാട്ട്, ഫാ. ജോണി കൈതാരത്ത് എന്നിവർ വിശുദ്ധ കുര്‍ബാനയില്‍ സഹകാർമ്മികരായി. ഇടവകയിലേക്കുള്ള പിതാവിന്റെ ആദ്യത്തെ സന്ദർശനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. ഇടവകയുടെ സ്നേഹോപഹാരമായി പിതാവിന് പോംപെയി മാതാവിന്റെ ചിത്രം വിശ്വാസികൾ സമ്മാനിച്ചു.


Related Articles »