Social Media

തിരുസഭക്കു ഇത് അഗ്നിശുദ്ധിയുടെ സമയം; ഒരു വൈദികന്റെ ആശങ്കയും പ്രതീക്ഷയും

ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് 03-10-2018 - Wednesday

സമർപ്പിത ജീവിതങ്ങൾ പീഠത്തിലുയർത്തിയ വിളക്കാണ്, സമർപ്പിത ആലയങ്ങൾ വിശുദ്ധിയുടെ കൂടാരങ്ങളാണ് എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. മണിക്കൂറുകൾക്കുള്ളിൽ കേട്ടാലറയ്ക്കുന്ന അസഭ്യ വർഷങ്ങളും ആയി ഒരുപിടി ആളുകൾ കമൻറ് ബോക്സിലെത്തി. പ്രിയപ്പെട്ടവർ പലരും നിർബന്ധപൂർവം പറഞ്ഞപ്പോൾ പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു. പിറ്റേന്ന് വൈദികരുടെ വാർഷിക ധ്യാനം ആരംഭിച്ചു. ധ്യാനം കഴിഞ്ഞ് ഒത്തിരി ഭാരപ്പെട്ട മനസ്സുമായിട്ടാണ് ഇടവകയിലേക്ക് എത്തിയത്. ഇന്നലെ വരെ എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന എൻറെ സ്വന്തം ജനം വൈദിക ജീവിതത്തെ വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിയോ? സോഷ്യൽമീഡിയയിലും ദൃശ്യമാധ്യമങ്ങളിലും സഭയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ എന്നരീതിയിലുള്ള വാർത്തകളും ചർച്ചകളും കൊഴുക്കുന്നു.

എവിടെ നോക്കിയാലും സഭയെ തെറി പറയുന്ന അവസ്ഥ. രണ്ടുദിവസം കഴിഞ്ഞാൽ ഇടവകയിൽ ധ്യാനം ആരംഭിക്കുകയാണ്. ജനങ്ങൾ ഇതുപോലെ സഭയെ വെറുത്താൽ ധ്യാനത്തിന് ആളുണ്ടാകുമോ? ഒരുവേള ധ്യാനം എന്തെങ്കിലും കാരണം പറഞ്ഞ് മാറ്റിവെച്ചാലോ എന്നുപോലും ഞാൻ ഓർത്തു. എന്തായാലും ഇടവകയുടെ പൾസ് അറിയാം എന്നുകരുതി ബാഗ് ഒക്കെ വച്ച് ബൈക്കുമെടുത്ത് വെറുതെ ഇടവകയിലൂടെ കറങ്ങാൻ പോയി. രണ്ടുമൂന്ന് ദിവസം ഇടവകയിൽ മാറി നിൽക്കേണ്ടി വന്നാൽ വരുമ്പോഴെ ചെയ്യുന്ന കാര്യമാണ് അത്.

പക്ഷെ എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല. ഇന്നലെവരെ കണ്ടതുപോലെ തന്നെ ആളുകൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. പിറ്റേദിവസത്തെ കുർബാനയ്ക്കും കുമ്പസാരത്തിനും ഒന്നും ആളുകളുടെ കുറവ് തോന്നിയില്ല.

സാധാരണ വരുന്നതിനേക്കാൾ ആളുകളും ധ്യാനത്തിന് വന്നു. തമ്പുരാൻറെ മുമ്പിൽ സഭയ്ക്കുവേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. ദൈവം തന്നെ ഒരു തോന്നൽ മനസ്സിൽ കൊണ്ടു വന്നു. തിരുസഭയെയും വൈദികരേയും സമർപ്പിതരും ജനങ്ങൾ വെറുക്കുന്നില്ല. വെറുക്കുകയുമില്ല. സഭയെ സ്നേഹിക്കുന്ന നാനാജാതി മതസ്ഥരായ ആളുകൾ പഴയതുപോലെതന്നെ സഭയെ ഇഷ്ടപ്പെടുന്നുണ്ട്. ചില അസ്വസ്ഥതകൾ ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്. അതിനെ അതിജീവിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വവും. സോഷ്യൽ മീഡിയയിൽ സഭയുടെ പിന്നാലെ നടന്ന് പൊങ്കാലയിടുന്ന ആളുകളൊക്കെ എല്ലാകാലത്തും സഭാവിരുദ്ധർ തന്നെയായിരുന്നു.

ഉള്ളിലുള്ള സഭാവിരുദ്ധ മനോഭാവങ്ങൾ അനുകൂലമായ സാഹചര്യത്തിൽ പുറത്തുചാടി എന്നേയുള്ളു. വെറുതെ ഒരു കൗതുകത്തിന് സഭാ വിരുദ്ധതയുടെ പോസ്റ്റുകൾ ഇടുന്ന ആളുകളുടെ ഫേസ്ബുക്ക് ഹിസ്റ്ററിയിലൂടെ കടന്നു പോയി.പണ്ടും ഇത് തന്നെയാണ് അവർ ചെയ്തിട്ടുള്ളൂ. കത്തോലിക്കാ സഭയുടെ നിലനിൽപ്പും സമൂഹത്തിലുള്ള സ്വീകാര്യതയും പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. അത്തരം ആളുകളാണ് സംഘംചേർന്ന് സഭയെ ആക്രമിക്കാൻ എത്തുക. സഭയുടെ നന്മ അനുഭവിക്കുന്നവർ തന്നെ ചിലപ്പോൾ ഇത്തരക്കാരുടെ കയ്യിലെ ഉപകരണങ്ങളായി മാറിയെന്നും വരാം.

സോഷ്യൽ മീഡിയയിൽ പലരും മുഖം ഇല്ലാത്തവരാണ് അശ്ലീല പ്രയോഗങ്ങളും ചീത്ത വിളികളുമായി എത്തുക. ഉള്ളിൽ എവിടെയോ മറച്ചു വച്ചിരിക്കുന്ന തിന്മയുടെ വാളുകൾ അറിയാതെ പുറത്തുവരുന്നു എന്ന് മാത്രം. അശ്ലീല പ്രയോഗങ്ങളും ചീത്ത വിളികളുമായി ചർച്ചകളെ നേരിടുമ്പോൾ പലപ്പോഴും നമുക്ക് ഉത്തരം പറയാൻ കഴിയില്ല. അവരുടെ നിലവാരത്തിലേക്ക് ഇറങ്ങാൻ കഴിയാതെ വരുന്നത് തന്നെ കാരണം. യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ഫ്രീമേസൺ ഗ്രൂപ്പുകാരുടെയും കയ്യിലെ ഉപകരണങ്ങളായി സഭയുടെ മക്കൾ മാറിയ വേദനാജനകമായ രംഗവും നമ്മൾ കണ്ടു. ഒരുപക്ഷേ ക്രിസ്തുവിൻറെ മൗതിക ശരീരം ഏറ്റവുമധികം വേദനിച്ചതും ഇത്തരം ചില കാര്യങ്ങൾ കണ്ടതുകൊണ്ടാവാം.

സഭയെ സംബന്ധിച്ച് തിരിച്ചുവരവിന് സമയം ആയി മാറണം, ഒരു അഗ്നിശുദ്ധിയുടെ സമയം. ഒരേസമയം ദൈവത്തിങ്കലേക്കും മനുഷ്യനിലേക്കും കുറേക്കൂടി വളരുവാൻ നമുക്കാകണം. പുരോഹിതരുടെയും സമർപ്പിതരുടെയും ആത്മബലം തകർത്ത് കേവലം പൂജാരിമാർ മാത്രം ആക്കിത്തീർക്കുക എന്ന വ്യക്തമായ അജണ്ടയോടെ കൂടിയാണ് സഭയുടെ ശത്രുക്കൾ പ്രവർത്തിക്കുന്നത്. യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയുക എന്നുള്ളതാണ് സഭ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ പ്രശ്നം. വൈദിക ജീവിതത്തെയും സമർപ്പിത ജീവിതത്തെയും ആളുകൾ ഇഷ്ടപ്പെടുന്നില്ല എന്ന് വരുത്തിതീർക്കാൻ വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന, നാനാജാതിമതസ്ഥരായ ആളുകളുമായി അടുത്ത് ഇടപെടുന്ന ഒരു പുരോഹിതനാണ് ഞാൻ.

മനുഷ്യബന്ധങ്ങളിൽ ജാതിയും മതവും ഒരിക്കലും തടസ്സമാകാറുമില്ല. സഭയ്ക്കെതിരേ ഇത്തരം സംഘടിതമായ ശ്രമങ്ങൾ നടന്നു കൊണ്ടിരുന്ന സമയത്തും സമൂഹത്തിലെ വിവിധ ശ്രേണികളും ആയി ഇടപെടേണ്ടി വന്നപ്പോൾ എനിക്ക് ഒരു അവഗണനയും തോന്നിയില്ല. ആകപ്പാടെ സഭയുടെ ശത്രുക്കളെ അധികവും കണ്ടുമുട്ടിയത് സോഷ്യൽ മീഡിയയിൽ ആണ്. അത്തരം ചില ആളുകളുടെ ജീവിതങ്ങളെക്കുറിച്ച് വെറുതേ ഒന്ന് അന്വേഷിച്ചു പലരും മുഖമില്ലാത്തവർ തന്നെയാണ്. സോഷ്യൽമീഡിയയിൽ സഭയുടെ ശത്രുക്കളായി മാറിയവർ മൂന്നുതരത്തിലാണ് എന്ന് എനിക്ക് തോന്നുന്നു. തങ്ങൾ കഠിനമായി വെറുക്കുന്ന സഭ എങ്ങനെയും തകരണം ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ആദ്യത്തേത്.

അവിടെ നിരീശ്വരവാദികൾ ഉണ്ട്, വർഗീയ വാദികൾ ഉണ്ട്, സാത്താൻ ആരാധകർ ഉണ്ട്, സഭയ്ക്കുള്ളിൽ നിന്ന് സഭയെ വെറുക്കുന്നവരുടെ കൂട്ടായ്മയുണ്ട്, അറിവില്ലായ്മകൊണ്ട് സഭയെ കുറ്റം പറഞ്ഞവരുണ്ട് മാധ്യമങ്ങളിലൂടെ ലഭിച്ചുകൊണ്ടിരുന്നത് എല്ലാം സത്യമാണെന്നു കരുതി സമർപ്പിത ജീവിതവും പൗരോഹിത ജീവിതവും എന്താണെന്ന് യാതൊരു ധാരണയുമില്ലാതെ വെറുതെ പ്രതികരിച്ചവർ ധാരാളമുണ്ട്. നേർച്ച നേർന്നാണ് മഠത്തിൽ പോകുന്നതെന്നും, അവിടെ മുഴുവൻ പീഡനങ്ങളുടെ ചങ്ങലകൾ ആണെന്നുമൊക്കെ വെറുതെ തെറ്റിധരിച്ച പാവങ്ങൾ. മൂന്നാമതൊരു കൂട്ടർ വെറുതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയവരാണ് .അവരെ സംബന്ധിച്ച് എന്തിനെക്കുറിച്ചെങ്കിലും എന്തെങ്കിലും അഭിപ്രായം പറയണം .ഒഴുക്കിനൊത്ത് നീന്തുക എന്ന് പറയുന്നതുപോലെ ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഗണത്തെ വളരെ സഹതാപത്തോടെ കൂടി മാത്രമേ നമുക്കു നോക്കിക്കാണാനാവു.

കത്തോലിക്കാസഭയ്ക്ക് ഏതാനും മാധ്യമവാർത്തകളുടെ പിൻബലം അല്ല ഉള്ളത്. ഈ നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം സഭയ്ക്കുണ്ട്. ആരൊക്കെ എതിരായി വന്നാലും ആ ബന്ധം ഒന്നും ഒരിക്കലും തകരില്ല. ഒരുപാട് വൈദികരുടെയും സമർപ്പിതരുടെ യും ജീവിതം ബലി നൽകിയതിന് ദൈവം ചാർത്തിയ അടയാളങ്ങളാണ് ആ ബന്ധം. ഇന്നോളം ചെയ്ത നന്മകൾ പകർന്ന വിശ്വാസങ്ങൾ, നൽകിയ സ്വാന്തനങ്ങൾ... ഒന്നും ഒരു നിമിഷംകൊണ്ട് ചീട്ടുകൊട്ടാരംപോലെ മറിഞ്ഞുവീഴും എന്ന് ആരും വ്യാമോഹിക്കേണ്ട.

ക്രിസ്തുവിൻറെ രക്തം വിലയായി കൊടുത്ത് സ്വന്തമാക്കിയ വ്യക്തിത്വമാണ് സഭയുടെ വ്യക്തിത്വം. അത് ചീട്ടുകൊട്ടാരംപോലെ തകർന്നു വീഴില്ല. സഭയെ സംബന്ധിച്ച് ജനങ്ങളിലേക്ക് അല്പം കൂട്ടി ഇറങ്ങിച്ചെല്ലാനുള്ള സമയമാണിത്. വൈദീകരും സമർപ്പിതരും സമൂഹത്തിൻറെ മുഖ്യധാരയിൽനിന്ന് മാറിനിൽക്കാനുള്ള പ്രലോഭനം അനുഭവിക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ നന്മ ജനം അംഗീകരിക്കുമോ എന്ന ഭയം ചിലപ്പോഴെങ്കിലും ഉണ്ടാകാം.

എന്നാൽ നന്മയുടെ പക്ഷം ചേർന്ന് നമ്മളെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിർവരമ്പുകളെ ഭേദിച്ച് നന്മയുടെ പ്രവാചകരായി ഇവിടെ ഉണ്ടാകണം. ആഴത്തിലേക്ക് നീക്കി വല ഇറക്കുവാൻ പറഞ്ഞ ക്രിസ്തു നാഥന്റ ഹൃദയ സ്പന്ദനങ്ങൾ അറിഞ്ഞ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ, ക്രിസ്തുവിൻറെ യഥാർത്ഥ സാക്ഷികളായി മാറുവാൻ നമുക്കാകട്ടെ. സഭയാണ് ഏറ്റവും വലുത് എന്നൊരു ബോധം എല്ലാ പ്രവർത്തികളിലും ഉണ്ടാകട്ടെ. ദൈവവും ദൈവജനവും ആയുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് മറക്കരുത്. പുരോഹിത സന്യാസ ജീവിതങ്ങൾ ദൈവജനത്തിനുമുന്നിൽ ക്രിസ്തുവിൻറെ സാക്ഷികളാകാൻ ഉള്ള ജീവിതങ്ങളാണ് അതിനപ്പുറത്തേക്ക് മറ്റൊരു ലക്ഷ്യങ്ങളിലേക്ക് നാം പോകുന്നെങ്കിൽ തിരികെ വരാനുള്ള വിളി കൂടിയായി കാലത്തിൻറെ അടയാളങ്ങളെ വായിക്കാം.

സഭയിൽ എവിടെയെങ്കിലുമൊക്കെ വിഭജനത്തിൻറെ സ്വരങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ക്രിസ്തുവിൻറെ തിരുചോരയാൽ സൗഖ്യമാകട്ടെ.

(ലേഖകനായ ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് കോതമംഗലം രൂപതയിലെ വൈദികനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്)


Related Articles »