India - 2024
'എന്റെ സഹപാഠിക്ക് ഒരു ബൈബിള്‍'; പദ്ധതിയുമായി കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ്
സ്വന്തം ലേഖകന്‍ 05-10-2018 - Friday
കൊച്ചി: പ്രളയത്തില്‍പ്പെട്ട ക്രിസ്തീയ കുടുംബങ്ങള്‍ക്കു സൗജന്യ ബൈബിള്‍ വിതരണ പദ്ധതിയുമായി കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് (കെസിഎസ്എല്‍). 'എന്റെ സഹപാഠിക്ക് ഒരു ബൈബിള്‍' എന്നാണ് പദ്ധതിയുടെ പേര്. കൊച്ചി രൂപതാംഗവും വചനപ്രഘോഷകനുമായ ജോണ്‍ ആന്റണിക്ക് ബൈബിള്‍ സമ്മാനിച്ചുകൊണ്ട് കെസിഎസ്എല്‍ സ്റ്റുഡന്റ്സ് ചെയര്മാന് ആന്റണി എല്ഡ്രിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രളയത്തില്‍ കുടുംബങ്ങള്‍ക്കു നഷ്ടമായ ബൈബിളിനോടൊപ്പം ക്രൂശിതരൂപം, തിരുഹൃദയ പ്രതിഷ്ഠാചിത്രം, ജപമാല, കുടുംബ പ്രാര്‍ത്ഥനാഗ്രന്ഥം എന്നിവയും സൗജന്യമായി വിതരണം ചെയ്യുമെന്നു സ്റ്റേറ്റ് ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍ പറഞ്ഞു. കേരളത്തിലെ 26 രൂപതകളിലെ കെസിഎസ്എല്‍ ഘടകങ്ങളായിരിക്കും പദ്ധതിക്ക് ആവശ്യമായ ധനസമാഹരണം നടത്തുകയെന്നു സ്റ്റേറ്റ് ജനറല്‍ ട്രഷറര്‍ മാനോജ് ചാക്കോ വടക്കേമുറിയില്‍ അറിയിച്ചു.
യോഗത്തില്‍ കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മോളി ദേവസി, മേരി ബെര്‍ള, മിനി ബാബു, ഷാജു എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍ സൗജന്യ ബൈബിള്‍ വിതരണ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.