Daily Saints.

March 13: കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഏവൂഫ്രാസിയാ

സ്വന്തം ലേഖകന്‍ 13-03-2024 - Wednesday

കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയാ ജനിച്ചത്. ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്റെ രക്തബന്ധത്തില്‍പ്പെട്ടയാളായിരുന്നു വിശുദ്ധയുടെ പിതാവായിരുന്ന ആന്റിഗോണസ് . വിശുദ്ധയുടെ മാതാവായിരുന്ന ഏവൂപ്രാക്സിയായ നന്മ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. വിശുദ്ധയുടെ പിതാവുമായിട്ടുള്ള ബന്ധം മൂലവും, അവള്‍ തന്റെ തന്റെ മാതാപിതാക്കളുടെ ഏക മകളുമാണെന്ന കാര്യം കണക്കിലെടുത്ത് കൊണ്ട് ചക്രവര്‍ത്തി വിശുദ്ധയോട് പ്രത്യേക വാത്സല്ല്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ ചക്രവര്‍ത്തി, അവള്‍ക്ക് അഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധനികനായ ഒരു സെനറ്ററിനെ അവളുടെ ഭാവി ഭര്‍ത്താവായി കണ്ടെത്തുകയും ചെയ്തു. വിശുദ്ധയുടെ ജനനത്തിനു ശേഷം അവളുടെ ഭക്തരായ മാതാപിതാക്കള്‍ ശാശ്വതമായ ബ്രഹ്മചര്യം പാലിക്കുവാന്‍ പരസ്പരധാരണയോടെ പ്രതിജ്ഞ ചെയ്തു. അവര്‍ പ്രാര്‍ത്ഥനയിലും, ദാനധര്‍മ്മങ്ങളിലും, അനുതാപത്തിലും മുഴുകി സഹോദരീ-സഹോദരന്‍മാരേ പോലെ ജീവിക്കുവാന്‍ ആരംഭിച്ചു.

ഒരു വര്‍ഷത്തിനകം തന്നെ വിശുദ്ധയുടെ പിതാവായ ആന്റിഗോണസ് മരിച്ചു, വിധവയായ വിശുദ്ധയുടെ അമ്മ തന്റെ മകളേയും കൂട്ടികൊണ്ട് ഈജിപ്തിലുള്ള തങ്ങളുടെ വലിയ തോട്ടത്തിലേക്ക് താമസം മാറി. വിവാഹാഭ്യര്‍ത്ഥകരില്‍ നിന്നും, കൂട്ടുകാരുടെ ബുദ്ധിമുട്ടിപ്പിക്കലില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. തബേന്‍സിയില്‍ അവരുടെ ഭവനത്തിന് അടുത്തായി ഏതാണ്ട് കഠിനമായ സന്യാസ ജിവിതം നയിക്കുന്ന 130-ഓളം വരുന്ന സന്യാസിനികള്‍ താമസിച്ചിരിന്ന ഒരാശ്രമം ഉണ്ടായിരുന്നു. അവര്‍ പതിവായി കഠിനമായ ഉപവാസമനുഷ്ടിക്കുകയും, ചണനാരുകള്‍ കൊണ്ട് സ്വയം തുന്നിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും, യാതൊരു മുടക്കവും കൂടാതെ നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

രോഗം വരുമ്പോള്‍ ഗൗരവമായ ഘട്ടത്തില്‍ ഒഴികെ വൈദ്യന്‍മാരുടെ സഹായം തേടുന്നതിനു പകരം അവര്‍ തങ്ങളുടെ വേദനകള്‍ സഹിക്കുകയും, ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ട് ദൈവത്തിന്റെ കാരുണ്യത്തിനായി തങ്ങളെ സമര്‍പ്പിക്കുകയാണ് ചെയ്തിരിന്നത്. ആരോഗ്യത്തെകുറിച്ചുള്ള സങ്കീര്‍ണ്ണവും അമിതവുമായ ശ്രദ്ധ അമിതമായ ആത്മപ്രീതിക്കിടവരുത്തുകയും ചെയ്യുമെന്നു അവര്‍ വിശ്വസിച്ചിരിന്നു.

ഈ ദൈവീക കന്യകമാരുടെ മാതൃക വിശുദ്ധയുടെ ഭക്തയായ അമ്മയെ വളരെയേറെ സ്വാധീനിക്കുകയും, അത് അവരുടെ ഭക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തന്മൂലം വിശ്വാസപ്രവര്‍ത്തികളിലും, കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി അവര്‍ കൂടുതല്‍ സമയം കണ്ടെത്തി. വിശുദ്ധയുടെ മാതാവ് ഈ സന്യാസിനിമാരെ സന്ദര്‍ശിക്കുക പതിവായി. മാത്രമല്ല മരിച്ചുപോയ തന്റെ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന നിബന്ധനമേല്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ സ്വീകരിക്കുവാന്‍ സന്യസ്ഥരെ പ്രേരിപ്പിച്ചു. എന്നാല്‍ ആശ്രമാധിപയാകട്ടെ “സ്വര്‍ഗ്ഗം വിലക്ക് വാങ്ങുന്നതിന് വേണ്ടി ഞങ്ങള്‍ ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചവരാണ്. ഞങ്ങള്‍ ദരിദ്രകളാണ്, ഇതുപോലെ തന്നെ തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധയുടെ അമ്മ വാഗ്ദാനം ചെയ്ത തോട്ടം സ്വീകരിക്കുവാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും അള്‍ത്താരയിലെ വിളക്കിന് ആവശ്യമായ എണ്ണയും, സുഗന്ധദ്രവ്യങ്ങളും പതിവായി സ്വീകരിക്കാമെന്ന് അവര്‍ സമ്മതിച്ചു.

വിശുദ്ധക്ക് ഏഴ് വയസ്സായപ്പോള്‍ അവള്‍ തന്റെ അമ്മയോട് ആ ആശ്രമത്തില്‍ ചേര്‍ന്ന് ദൈവത്തെ സേവിക്കുവാനുള്ള അനുവാദം ചോദിച്ചു. വളരെ സന്തോഷപൂര്‍വ്വം വിശുദ്ധയുടെ അമ്മ വിശുദ്ധയെ ആശ്രമാധിപയുടെ പക്കല്‍ ഏല്‍പ്പിച്ചു. സന്തോഷപൂര്‍വ്വം ഏവൂഫ്രാസിയായേ സ്വീകരിച്ചുകൊണ്ട് ആ മഠത്തിന്റെ അധിപ അവള്‍ക്ക് യേശുവിന്റെ ഒരു രൂപം കൊടുത്തു. വിശുദ്ധ അതില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ എന്നെ തന്നെ യേശുവിനായി അഭിഷേകം ചെയ്തിരിക്കുന്നതായി പ്രതിജ്ഞയെടുക്കുന്നു” തുടര്‍ന്ന്‍ വിശുദ്ധയുടെ അമ്മ, രക്ഷകനായ യേശുവിന്റെ രൂപത്തിന്‍ കീഴെ അവളെ നിറുത്തുകയും അവളുടെ കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു “കര്‍ത്താവായ യേശുവേ, ഈ കുട്ടിയെ നിന്റെ പ്രത്യേക സംരക്ഷണയിലേക്ക് സ്വീകരിക്കണമേ. അവള്‍ നിന്നെ തേടുകയും നിന്നെ മാത്രം സ്നേഹിക്കുകയും, സ്വയം നിനക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു” അതിനു ശേഷം തന്റെ പ്രിയപ്പെട്ട മകളുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. “പര്‍വ്വതങ്ങള്‍ക്ക് അടിസ്ഥാനമിട്ട ദൈവം അവനിലുള്ള ഭയം വഴി നിന്നെ എപ്പോഴും ശക്തിപ്പെടുത്തട്ടെ.” തന്റെ മകളെ ആ ആശ്രമാധിപയുടെ കൈകളില്‍ ഏല്‍പ്പിച്ചതിനുശേഷം തേങ്ങി കരഞ്ഞുകൊണ്ട് അവര്‍ ആ ആശ്രമം വിട്ടു.

ആദ്യം അവിടത്തെ സന്യാസിനിമാര്‍ വിചാരിച്ചിരുന്നത് അവിടത്തെ ആശ്രമജീവിതത്തിന്റെ കാഠിന്യത്താല്‍ ആ ബാലിക തന്റെ തീരുമാനം മാറ്റുമെന്നായിരുന്നു, എന്നാല്‍ അവിടത്തെ സഹനങ്ങള്‍ വിശുദ്ധയേ തെല്ലും ദുഃഖിപിച്ചില്ല. താന്‍ ലോകസുഖങ്ങള്‍ ഉപേക്ഷിച്ചത് മൂലം തന്റെ ജീവിതത്തിലെ ചില സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു തീര്‍ച്ചയായും അവള്‍ക്ക് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. പക്ഷേ അവളുടെ ഏറ്റവും വലിയ സന്തോഷം മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിലായിരുന്നു.

ഇതിനിടെ വിശുദ്ധയുടെ മാതാവായ ഏവൂപ്രാക്സിയാ അസുഖം പിടിപ്പെട്ട് മരണകിടക്കയില്‍ കിടക്കുമ്പോള്‍ അവര്‍ തന്റെ മകള്‍ക്ക് തന്റെ അവസാന നിര്‍ദ്ദേശങ്ങള്‍ നല്‍കി, “ദൈവത്തെ ഭയക്കുക, തന്റെ സഹോദരിമാരെ സ്നേഹിക്കുകയും അവരോടു എളിമയോട് കൂടി പെരുമാറുകയും ചെയ്യുക, നീ എന്തായിരുന്നുവെന്നത് ഒരിക്കലും ചിന്തിക്കരുത്, നിന്റെ രാജകീയകുലത്തിലുള്ള ജനനത്തെക്കുറിച്ച് ആലോചിക്കുകയോ സ്വയം പറയുകയോ ചെയ്യരുത്, ഈ ഭൂമിയില്‍ വിനയത്തോടും, ലാളിത്യത്തോടും കൂടി ജീവിക്കുക. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് സമ്പന്നയായി ജീവിക്കുവാന്‍ കഴിയും.” ഇപ്രകാരം പറഞ്ഞതിന് ശേഷം ആ നല്ല അമ്മ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

വിശുദ്ധയുടെ മാതാവിന്റെ മരണവാര്‍ത്ത ചക്രവര്‍ത്തിയുടെ ചെവിയില്‍ എത്തിയപ്പോള്‍, ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ആ പ്രഭു കന്യകയേ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുവാന്‍ ആളെ അയക്കുകയും തനിക്ക് ഇഷ്ടമുള്ള ഒരു സെനറ്ററിനെ അവള്‍ക്ക് ഭര്‍ത്താവായി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തന്റെ സ്വന്തം കൈപ്പടയില്‍ ചക്രവര്‍ത്തിക്കെഴുതി : “അജയ്യനായ ചക്രവര്‍ത്തി, ഞാന്‍ എന്നെ തന്നെ യേശുവിനായി സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു, എനിക്ക് എന്റെ പ്രതിജ്ഞ തെറ്റിച്ചുകൊണ്ട് അധികം താമസിയാതെ പുഴുക്കള്‍ക്ക് ഭക്ഷണമാകുവാന്‍ പോകുന്ന നശ്വരനായ ഒരു മനുഷ്യനെ വിവാഹം കഴിക്കുവാന്‍ സാധിക്കുകയില്ല. എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ദയവായി അവരുടെ സ്വത്തുക്കള്‍, ദരിദ്രര്‍ക്കും, അനാഥര്‍ക്കും, ദേവാലയത്തിനുമായി വീതിച്ചു നല്‍കുക. എന്റെ എല്ലാ അടിമകളേയും സ്വതന്ത്രരാക്കുക, എന്റെ ദാസികളെയും, വേലക്കാരേയും അവര്‍ക്ക് കൊടുക്കുവാനുള്ളതെല്ലാം കൊടുത്തിട്ട് പറഞ്ഞുവിടുക. എന്റെ പിതാവിന്റെ കാര്യസ്ഥന്‍മാരോട് കൃഷിക്കാര്‍ക്ക് പിതാവിന്റെ മരണം മുതല്‍ കൊടുക്കുവാനുള്ളതെല്ലാം കൊടുത്തിട്ട് അവരെ മോചിപ്പിക്കുവാന്‍ ഉത്തരവിടുക, എങ്കില്‍ മാത്രമേ എനിക്ക് എന്റെ ദൈവത്തെ യാതൊരു തടസ്സവും കൂടാതെ സേവിക്കുവാനും, യാതൊരു ബന്ധനവുമില്ലാതെ അവന്റെ മുന്‍പില്‍ നില്‍ക്കുവാനും സാധിക്കുകയുള്ളൂ. അങ്ങും അങ്ങയുടെ ചക്രവര്‍ത്തിനിയോടും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുക. തന്മൂലം ഞാന്‍ യേശുവിനെ സേവിക്കുവാന്‍ തക്കവിധത്തില്‍ യോഗ്യയായി തീരട്ടെ.”

ആ സന്ദേശവാഹകന്‍ ഈ എഴുത്തുമായി ചക്രവര്‍ത്തിയുടെ പക്കല്‍ എത്തി, കണ്ണീരോട് കൂടിയാണ് ചക്രവര്‍ത്തി ഈ കത്ത് വായിച്ചത്. ഇത് കേട്ട സെനറ്റര്‍മാര്‍ കരഞ്ഞു കൊണ്ട് ചക്രവര്‍ത്തിയോട് പറഞ്ഞു; “നിന്റെ തന്നെ രാജകീയരക്തത്തിലുള്ള ആന്റിഗോണസിന്റേയും, ഏവൂപ്രാക്സിയായുടേയും യോഗ്യയായ മകളാണവള്‍, വളരെയേറെ നന്മയുള്ളവരുടെ വിശുദ്ധ സന്തതി.” 395-ല്‍ ചക്രവര്‍ത്തി മരിക്കുന്നതിനു മുന്‍പായി അവള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം അദ്ദേഹം നിര്‍വഹിച്ചു.

വിശുദ്ധ ഏവൂഫ്രാസിയാ ആ ആശ്രമത്തിലെ മറ്റ് കന്യകാസ്ത്രീകള്‍ക്കെല്ലാം എളിമയുടേയും, ശാന്തതയുടേയും, കാരുണ്യത്തിന്റേയും ഒരു മാതൃകയായിരുന്നു. അവള്‍ ഏതെങ്കിലും വിധത്തില്‍ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കില്‍ അതേക്കുറിച്ച് ഉടന്‍തന്നെ അത് ആശ്രമാധിപയോട് ഏറ്റ് പറയുകയും, സാത്താനെ ആട്ടിപായിക്കുവാനുള്ള പരിഹാരം തേടുകയും ചെയ്യുമായിരുന്നു. വിവേകമുള്ള ആശ്രാമാധിപ അത്തരം അവസരങ്ങളില്‍ പ്രായശ്ചിത്തത്തിനായി അവള്‍ ചെയ്തിരുന്ന ലളിതവും വേദനാജനകവുമായിരുന്ന കഠിന പ്രയത്നങ്ങളെ ആസ്വദിക്കുമായിരുന്നു. വലിയ പാറകള്‍ ഒരുസ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചുമക്കുക, മുപ്പത് ദിവസത്തോളം കഠിനമായ ലാളിത്യത്തില്‍ ജീവിക്കുക തുടങ്ങിയവ വിശുദ്ധയുടെ അനുതാപപ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. സാത്താന്റെ പ്രലോഭനത്തിന്റെ സ്വാധീനം തന്നില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നത് വരെ വിശുദ്ധ തന്റെ പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങള്‍ തുടരും. വിശുദ്ധയുടെ ഭക്ഷണം വെറും പച്ചകറിയും, ധാന്യങ്ങളും മാത്രമായിരുന്നു. തുടക്കത്തില്‍ എല്ലാ ദിവസവും സൂര്യാസ്തമനത്തിനു ശേഷം ഒരുപ്രാവശ്യം മാത്രമായിരുന്നു വിശുദ്ധ ഭക്ഷണം കഴിച്ചിരുന്നുള്ളൂ, പിന്നീട് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കലായി.

വിശുദ്ധ ഏവൂഫ്രാസിയാ മറ്റ് കന്യകാസ്ത്രീകളുടെ മുറികള്‍ വൃത്തിയാക്കുകയും, അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരികയും ചെയ്യുമായിരുന്നു. കഠിനവും, വിരസവുമായ ജോലികള്‍ അവള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു; വേദനാജനകമായ ജോലികള്‍ തന്റെ അനുതാപത്തിന്റെ ഭാഗമാക്കി.

ഒരിക്കല്‍ അടുക്കളയിലെ ഒരു ജോലിക്കാരി വിശുദ്ധയോട് ആഴ്ചമുഴുവനും ഉപവസിക്കുന്നത് എന്തിനെന്നു ചോദിച്ചു, ആ ആശ്രമത്തിലെ അധിപയൊഴികെ മറ്റാരും അങ്ങിനെ ഉപവസിക്കാറില്ലായിരുന്നു. 'ആ അനുതാപപ്രവര്‍ത്തി ചെയ്യുവാന്‍ ആശ്രമാധിപ തന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നു' എന്നായിരുന്നു വിശുദ്ധയുടെ മറുപടി. എന്നാല്‍ ആ ജോലിക്കാരി വിശുദ്ധയെ കാപടനാട്യക്കാരി എന്ന് വിളിച്ചു ആക്ഷേപിച്ചു, അത് കേട്ട ഉടന്‍തന്നെ വിശുദ്ധ അവളുടെ പാദങ്ങളില്‍ വീണ് തന്നോടു ക്ഷമിക്കുവാനും, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അപേക്ഷിക്കുകയാണുണ്ടായത്. എങ്ങിനെയൊക്കെയാണെങ്കിലും, ഇത്തരമൊരു അന്യായമായ ആക്ഷേപത്തേയും, അപവാദത്തേയും ക്ഷമാപൂര്‍വ്വം സ്വീകരിച്ച വിശുദ്ധയുടെ ക്ഷമാശീലവും, ആത്മാര്‍ത്ഥമായി സ്വയം നിന്ദിച്ച എളിമയുമാണ്‌ വിശുദ്ധയുടെ ഈ പ്രവര്‍ത്തിയില്‍ നിന്നും പ്രകടമാകുന്നത് എന്നകാര്യം എടുത്ത് പറയാതിരിക്കുവാന്‍ സാധ്യമല്ല. അവളുടെ അസാധാരണമായ എളിമയുടേയും, ശാന്തതയുടേയും ഉദാഹരണം കൂടിയാണ് ഈ സംഭവം. 420-ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ മരിക്കുന്നതിനു മുന്‍പും പിന്‍പുമായി നിരവധി അത്ഭുതപ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ചെയ്തിട്ടുണ്ട്. ഇപ്പോഴും ബൈസന്റൈന്‍ കുര്‍ബ്ബാനക്ക് മുന്‍പുള്ള ഒരുക്കത്തില്‍ വിശുദ്ധയുടെ പേരും പരാമര്‍ശിക്കുന്നു.

ഇതര വിശുദ്ധര്‍

1. തെയുസെറ്റാസ് ഹോറെസ്, തെയോഡോറ, നിംഫോഡോറ, മാര്‍ക്ക് അറേബിയ

2. പേഴ്സ്യന്‍ കന്യക ക്രിസ്റ്റീന

3. നോവലീസ് ആശ്രമാധിപനായ ഹെല്‍ഡ്റാഡ്

4. അയര്‍ലന്‍റിലെ ജെറാള്‍ഡ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »