India - 2024

പരീക്ഷണങ്ങളില്‍ ഭഗ്നാശരാകാതെ പ്രാര്‍ത്ഥനയില്‍ ശക്തി സംഭരിക്കുവാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 07-10-2018 - Sunday

കൊച്ചി: ഭാരത സഭ നേരിടുന്ന പരീക്ഷണങ്ങളില്‍ ഭഗ്നാശരാകാതെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പരിശുദ്ധാത്മാവ് നല്കുന്ന പ്രത്യാശയോടെ ദൈവവചനത്തിലും പ്രാര്‍ത്ഥനയിലും ശക്തി സംഭരിക്കുവാന്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആഹ്വാനം. റോമിലേക്കു പോയ കര്‍ദ്ദിനാള്‍ യാത്രയ്ക്കു മുന്‍പേ തയാറാക്കിയതും സീറോമലബാര്‍ സഭയുടെ പള്ളികളില്‍ ഇന്നു വായിക്കാനായി നല്കിയ സര്‍ക്കുലറിലാണ് ഈ ആഹ്വാനം. ഇടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഇടര്‍ച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളില്‍ എപ്രകാരം പ്രതികരിക്കണമെന്നും പരിഹാരങ്ങള്‍ കാണണമെന്നും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും ചിന്തിക്കുന്നതും ആരോഗ്യകരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതും നന്നായിരിക്കുമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത കാലങ്ങളില്‍ ഇന്ത്യയിലെ സഭയില്‍ നടന്ന ചില സംഭവങ്ങള്‍ സഭാമക്കള്‍ക്ക് വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളോടൊപ്പം ഞാനും വേദനിക്കുന്നുണ്ട്. ചില കാര്യങ്ങളില്‍ ചിലര്‍ എന്നെ പരാമര്‍ശിച്ചും തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള എന്റെ ചുമതലകള്‍ എന്റെ സഹപ്രവര്‍ത്തകരോടും പരിശുദ്ധ സിംഹാസനത്തോടു ബന്ധപ്പെട്ട ഉന്നത സഭാശുശ്രൂഷകരോടും ആലോചിച്ചാണു ചെയ്തുവരുന്നത്. കുറവുകളുണ്ടാകുന്‌പോള്‍ അവ പരിഹരിക്കാന്‍ പരിശ്രമിക്കുന്നുമുണ്ട്.

തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുക മനുഷ്യസഹജമാണ്. നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോയാണ് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടവന്‍. ഏറ്റവുമധികം കുറ്റപ്പെടുത്തപ്പെട്ടവനും അവിടുന്നുതന്നെയാണ്. പീലാത്തോസിനോടോ ഹേറോദോസിനോടോ തന്റെ ശിഷ്യന്മാരോടുതന്നെയുമോ എല്ലാം വെളിപ്പെടുത്തി തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടുന്ന് ഒരുന്‌പെട്ടതായി കാണുന്നില്ല. തന്റെ പ്രതിയോഗികളുടെ ഉപജാപങ്ങളും ഗൂഢാലോചനകളുംമൂലം നിഷ്ഠുരമായ പീഡനങ്ങള്‍ക്കും കുരിശുമരണത്തിനും അവിടുന്ന് വിധേയനായി. ആ സഹനവും മരണവും മനുഷ്യരക്ഷയ്ക്ക് കാരണമായിത്തീര്ന്നു എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ സവിശേഷത.

ചില സമീപകാല സംഭവങ്ങള്‍ ചിലര്‍ക്കോക്കെ ഉതപ്പിനു കാരണമായെന്നും മനസിലാക്കുന്നു. ഉതപ്പുകളെക്കുറിച്ച് ഈശോ പറയുന്നതിപ്രകാരമാണ്. 'ദുഷ്‌പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍ ആര് മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം.'' (ലൂക്ക 17:1). മനുഷ്യസമൂഹത്തില്‍ എല്ലാക്കാലത്തും ഇടര്ച്ചതയുണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അതീവ ഗുരുതരങ്ങളായവയും സംഭവിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഇടര്‍ച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളെ ന്യായീകരിക്കാന്‍ നമുക്കു സാധിക്കുകയില്ല. ഇടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇടര്‍ച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളില്‍ എപ്രകാരം പ്രതികരിക്കണമെന്നും പരിഹാരങ്ങള്‍ കാണണമെന്നും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും ചിന്തിക്കുന്നതും ആരോഗ്യകരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതും നന്നായിരിക്കും. ഇപ്പോള്‍ നടക്കുന്ന രീതികള്‍ സഭയുടെ സന്ദേശത്തിനോ സാക്ഷ്യത്തിനോ നിരക്കുന്നവയാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

സമൂഹത്തിലും സഭയിലും വിവാദങ്ങളോ ഇടര്‍ച്ചകളോ ഒക്കെ ഉണ്ടാകുന്‌പോള്‍ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍, പരീക്ഷണങ്ങളില്‍ പരാജയപ്പെടേണ്ടവരല്ല നമ്മള്‍. ഈശോയ്ക്കും തന്റെ പരസ്യജീവിതത്തില്‍ പരീക്ഷണങ്ങളുണ്ടായിരുന്നല്ലോ. നഷ്ടധൈര്യനാകാതെ തന്റെ പിതാവായ ദൈവത്തില്‍ ആശ്രയിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പരീക്ഷണങ്ങളെയെല്ലാം വിജയത്തിന്റെ വഴിത്താരയാക്കി അവിടുന്ന് മാറ്റി. സഭയും എല്ലാക്കാലങ്ങളിലും പരീക്ഷണങ്ങളെ നേരിട്ടിട്ടുണ്ട്.

ഒരു വ്യക്തിക്കോ ഏതാനുംപേര്‍ക്കോ ഉണ്ടാകുന്ന വീഴ്ച സഭ മുഴുവന്റെയും വീഴ്ചയോ പരാജയമോ ആയി കാണുന്നത് ശരിയല്ല. ഇക്കാലത്തു സഭ നേരിടുന്ന പരീക്ഷണങ്ങളെ സധൈര്യം നേരിടാന്‍ നമുക്കു സഭയോടൊത്തു നില്ക്കാം. ഭഗ്നാശരാകാതെ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പരിശുദ്ധാത്മാവ് നല്കുന്ന പ്രത്യാശയോടെ നമുക്ക് പരീക്ഷണങ്ങളെ വിജയിക്കാം. ദൈവവചനത്തിലും പ്രാര്‍ത്ഥനയിലും ശക്തി സംഭരിക്കണം.

ഓഗസ്റ്റ് മാസത്തിലെ പ്രകൃതിദുരന്തങ്ങളെ സൃഷ്ടപ്രപഞ്ചത്തിന്റെ പരിമിതിയുടെ വെളിപ്പെടുത്തലുകളായിട്ടാണ് നാം കാണേണ്ടത്. മനുഷ്യര്‍ക്കു രോഗങ്ങളും തെറ്റുകളും കുറ്റങ്ങളും ഒക്കെ ഉള്ളതുപോലെ പ്രപഞ്ചത്തിനും അതിന്റെ പ്രയാണത്തില്‍ വ്യതിചലനങ്ങള്‍ ഉണ്ടാകുന്നു. അത്തരം വ്യതിചലനങ്ങളായിട്ടുവേണം ഭൂകന്പങ്ങളെയും പ്രളയത്തെയും ഉരുള്പൊട്ടലുകളെയും ചുഴലിക്കാറ്റിനെയും മറ്റു സമാന പ്രതിഭാസങ്ങളെയും നാം കാണാന്‍. മനുഷ്യരുടെ തിന്മകളും രോഗങ്ങളും നാം പരിഹരിക്കുന്നതിനു പരിശ്രമിക്കുന്നതുപോലെതന്നെ പ്രപഞ്ചത്തിനുണ്ടാകുന്ന കെടുതികളെയും ഏറ്റെടുത്തു പരിഹാരം കണ്ടെത്താന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഇപ്രകാരമുള്ള എല്ലാ പരിശ്രമങ്ങളിലും ദൈവപരിപാലനയില്‍ ആശ്രയിച്ച് പ്രത്യാശയോടെ സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തന നിരതരാകേണ്ടവരാണ് നമ്മള്‍. ക്രൈസ്തവവിശ്വാസം അതിനു ശക്തി പകരണം. പ്രളയക്കെടുതിയില്‍ സഭയുടെ എല്ലാ ഭാഗങ്ങളിലുംനിന്നും ഉണ്ടായ ദുരിതാശ്വാസ പ്രവര്ത്തളനങ്ങള്‍ അഭിനന്ദനീയമാണ്. അവയെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണെന്നു ഞാന്‍ കരുതുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെസിബിസി നല്കിയ ഒരു കോടി രൂപയില്‍ സീറോമലബാര്‍ സഭയുടെ വിഹിതമായ 50 ലക്ഷം രൂപ നമ്മുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സ്പന്ദന്‍ വഴി ലഭിച്ച സംഭാവനയില്‍ നിന്നു നല്കിയിട്ടുണ്ട്. ബാക്കിയുള്ള തുക മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നല്കുലന്നതായിരിക്കും.

ഇതിനുപുറമേ ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് 109.91 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളും ഇടവകകളും മേജര്‍ സെമിനാരികളും സന്യാസസമൂഹങ്ങളും അല്മായ സഹോദരങ്ങളും നിര്‍ഹിച്ചിട്ടുണ്ട്. ഇനിയും ഇരുന്നൂറില്‍ പരം കോടി രൂപയുടെ ദുരിതാശ്വാസപദ്ധതികള്‍ക്ക് വിവിധ രൂപതകളും സമര്‍പ്പിത സമൂഹങ്ങളും പദ്ധതി തയാറാക്കിയിട്ടുമുണ്ട്. സഭാമക്കളുടെ കഠിനാധ്വാനവും കാരുണ്യപ്രവര്‍ത്തനങ്ങളും തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. റോമിലെ ശുശ്രൂഷകള്‍ ഫലപ്രദമാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.


Related Articles »