Social Media

ഈശോയിലേക്കുള്ള ചാലക ശക്തിയായ പരിശുദ്ധ അമ്മ

സോനാ ജേക്കബ് 08-10-2018 - Monday

വീണ്ടും ഒക്ടോബർ .... ജപമാലയുടെ പുണ്യം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സംവേദനം ചെയ്യപ്പെടുന്ന പുണ്യം നിറഞ്ഞ ദിനങ്ങൾ. വിശുദ്ധിയുടെയും നിർമലത യുടെയും പുണ്യം നിറഞ്ഞ കാലഘട്ടം. പരിശുദ്ധ അമ്മയുടെ അപദാനങ്ങൾ ആയിരങ്ങൾ പ്രകീർത്തിക്കുന്ന പവിത്രമായ ദിനങ്ങൾ. പരിശുദ്ധ ജപമാലയും ആയി മാതൃ സന്നിധിയിൽ ഇരിക്കുമ്പോൾ അമ്മയെ കുറിച്ചുള്ള ഓർമകൾ ഹൃദയത്തിൽ താളമിട്ടു തുടങ്ങി. പരിശുദ്ധ അമ്മ വിശുദ്ധമായ ഒരു ഓർമ്മയല്ല മറിച്ച് വിശുദ്ധിയുടെ ജീവ രൂപമാണ്. ജീവിതത്തിൻറെ ലളിതവും കഠിനവുമായ എല്ലാ മുഖങ്ങളിലും പരിശുദ്ധ അമ്മ കൂടെയുണ്ടായിരുന്ന ചെറുപ്പകാലം മുതലേ പരിശുദ്ധ അമ്മയ്ക്കൊപ്പം ജീവിതം ക്രമീകരിക്കാൻ ദൈവം കൃപ നൽകിയിരുന്നു.

പരിശുദ്ധ അമ്മ കൂടെയുണ്ടെങ്കിൽ ശാന്തമായ ഒരു ഇളം കാറ്റുപോലെ ജീവിതം കടന്നുപോകും. അമ്മയുടെ സാന്നിധ്യവും കരുതലും യുവജനങ്ങൾക്ക് എന്നും ആവശ്യമാണ്. കാലം കരുതി വച്ചിരിക്കുന്ന തിന്മയുടെ സ്പർശനങ്ങൾ ക്ക് മുമ്പിൽ പതറാതെ ദൈവത്തിൻറെ സ്വപ്നങ്ങൾക്കൊപ്പം ചലിക്കാൻ ആകണമെങ്കിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം കൂടിയേ തീരൂ. പരിശുദ്ധ അമ്മയുടെ സാന്നിധ്യമില്ലാതെ വിശുദ്ധിയുടെ സ്പർശനം ലഭിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. യുവജനങ്ങളുടെ പാതകൾ ഇടറാതെ വിശുദ്ധിയുടെ മാർഗ്ഗത്തിലൂടെയുള്ള പ്രയാണം പൂർത്തിയാക്കാൻ പരിശുദ്ധ അമ്മയുടെ നിരന്തര സാന്നിധ്യം കൂടെയുണ്ടാകണം.

എന്നെ സംബന്ധിച്ച് ഈശോയിലേക്കുള്ള ചാലക ശക്തിയാണ് പരിശുദ്ധ അമ്മ. ഈശോയുമായുള്ള ബന്ധം നിരന്തരം സൂക്ഷിക്കുവാനും പ്രാർത്ഥിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ ഈശോയിലേക്ക് ചേർത്ത് നിർത്തുവാനും പരിശുദ്ധ അമ്മ ഏറെ സഹായിക്കുന്നുണ്ട്. പുതിയ തലമുറയിൽ ഈശോയിൽ കേന്ദ്രീകൃതമായി വളരണമെങ്കിൽ പരിശുദ്ധ അമ്മയുടെ നിരന്തരമായ സാന്നിധ്യവും സംരക്ഷണവും അനുഭവിക്കാൻ കഴിയണം. ഒറ്റയ്ക്കുള്ള യാത്രകളിലെ പ്രാർത്ഥന അമ്മയെ ഒത്തിരി പ്രിയപ്പെട്ടതാക്കി .എത്രയും ദയയുള്ള മാതാവേ... എന്ന പ്രാർത്ഥന ചൊല്ലി കുറേ യാത്ര ചെയ്തിട്ടുണ്ട് .ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞു എന്നു മാത്രമല്ല ജീവിതത്തിൽ എന്തൊക്കെയോ ഉള്ളിൽ നിറയ്ക്കാനും കഴിഞ്ഞു എന്നുള്ളത് ഈ പ്രാർത്ഥനയുടെ മഹത്വം.

ഒറ്റയ്ക്കുള്ള പ്രാർത്ഥനകൾ ദൈവത്തിങ്കലേക്ക് കൂടുതൽ അടുപ്പിക്കും എന്ന് തോന്നുന്നു. ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ പ്രാർത്ഥിക്കാൻ തോന്നിയാൽ ഒറ്റയ്ക്കാണ് തോന്നൽ പോലും മാറിപ്പോകും. ജീവിതത്തിൻറെ പ്രലോഭനങ്ങളിൽ കാപ്പ ക്കുള്ളിൽ ഒളിപ്പിക്കുന്ന സ്നേഹമാണ് പരിശുദ്ധ അമ്മ. ശരീരവും മനസ്സും നിർമ്മലവും വിശുദ്ധമായി കാത്തുസൂക്ഷിക്കുവാനുള്ള കൃപ തരണമേയെന്ന് ഈശോയോട് പ്രാർത്ഥിക്കണമേ എന്ന് അമ്മയോട് നമ്മൾ നിരന്തരം പ്രാർത്ഥിക്കണം. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് അത്തരമൊരു ശീലം വളർത്തിയെടുക്കുന്നത് തീർച്ചയായും നല്ലതാണ്.

ധാരാളം വിശ്വാസ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ കൂടിത്തന്നെയാണ് ഇന്നത്തെ യുവത്വം കടന്നു പോകുന്നത് ആത്മീയമായും ഭൗതികമായും കുറെയേറെ വെല്ലുവിളികൾ .കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അഭിമുഖീകരിക്കുവാൻ കഴിയുമ്പോൾ മാത്രമാണ് യഥാർത്ഥമായ വിശ്വാസജീവിതത്തെ ഹൃദയത്തിൽ ഏറ്റു വാങ്ങാൻ സാധിക്കുകയുള്ളൂ. പരിശുദ്ധ അമ്മ ഒരു പാഠശാലയാണ് ക്രൈസ്തവ വിശ്വാസം അതിൻറെ പൂർണ്ണതയിൽ പരിശീലിപ്പിക്കുന്ന അനുഭവത്തിന്റെ രുചിയുള്ള പാഠശാല. കാലത്തിന്റെ കുത്തൊഴുക്കിൽ വിശ്വാസം ഹോമിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വിശ്വാസ തീഷ്ണതയോടെ കത്തുന്ന ഹൃദയവുമായി വിശ്വാസം ജീവിക്കാൻ കുരിശുമരണത്തോളം സ്വപുത്രനെ അനുഗമിച്ച പരിശുദ്ധ അമ്മയാണ് നമുക്ക് മുമ്പിൽ പ്രകാശഗോപുരമായി മാറുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ വിശ്വാസത്തിൻറെ പ്രകാശഗോപുരം ആണ് പരിശുദ്ധ കന്യകാമറിയം.

ജപമാല മാസം അമ്മയോടൊപ്പം വിശുദ്ധിയിലേക്ക് വളരാനുള്ള കാലമാണ് ജീവിതത്തിലെ സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും ഒക്കെ പരിശുദ്ധ അമ്മയോടൊത്ത് അനുഭവിക്കുവാൻ വേണ്ടി തിരുസഭ മാറ്റിവച്ചിരിക്കുന്ന കാലഘട്ടം വിശുദ്ധിയുടെ പരിമളം പരത്തുന്ന റോസാപ്പൂക്കൾ പുണ്യ നാളുകളിൽ വിരിയട്ടെ പരിശുദ്ധ അമ്മയുടെ കൃപയുള്ള മക്കൾ ആക്കി അമ്മ തന്നെ നമ്മളെ രൂപാന്തരപ്പെടുത്തി ഈശോയ്ക്ക് സമർപ്പിക്കട്ടെ.

- സോന ജേക്കബ് (പൂയംകുട്ടി ഇടവകാംഗമായ ലേഖിക പാലാ അൽഫോൻസാ കോളേജിലെ ചരിത്ര വിദ്യാർത്ഥിനിയാണ്)


Related Articles »