News - 2024

കൂടെക്കൂടെ ജപമാല ചൊല്ലുക: ബ്രിട്ടീഷ് ബിഷപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 10-10-2018 - Wednesday

ലണ്ടന്‍: ആത്മീയമായി ബലഹീനമാണെങ്കില്‍ പോലും കത്തോലിക്കര്‍ക്ക് ജപമാലയില്‍ അഭയം തേടാമെന്നും കൂടെക്കൂടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും ബ്രിട്ടീഷ് ബിഷപ്പ് ജോണ്‍ വില്‍സണിന്റെ ഓര്‍മ്മപ്പെടുത്തല്‍. ദൈവീക വാഗ്ദാനത്തിന്റെ തീര്‍ത്ഥാടകരെപ്പോലെ നമ്മളും പരിശുദ്ധ കന്യകാമാതാവിനോടൊപ്പം സഞ്ചരിക്കണമെന്നും വെസ്റ്റ്മിന്‍സ്റ്ററിലെ സഹായക മെത്രാന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച പരിശുദ്ധ ജപമാല രാജ്ഞിയുടെ ആദരവിനായി ലണ്ടന്റെ വടക്ക് ഭാഗത്തുള്ള ഹാവെര്‍സ്റ്റോക്ക് ഹില്ലിലെ റോസറി ദേവാലയത്തില്‍ വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയിലാണ് ബിഷപ്പ് ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്.

ജപമാലയുടെ മുത്തുകള്‍ നമ്മുടെ വിരലുകള്‍ക്കിടയിലൂടെ ചലിക്കുമ്പോള്‍, പരിശുദ്ധ കന്യകാമാതാവിനൊപ്പം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവിലേക്കുള്ള മാര്‍ഗ്ഗം മാതാവ് നമുക്ക് കാണിച്ചുതരികയും, യേശുവിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. മോക്ഷത്തിലേക്കുള്ള, ഓരോ പടികളും കടത്തി മാതാവ് നമ്മെ യേശുവിന്റെ നിര്‍മ്മലമായ ഹൃദയത്തിലേക്ക് നയിക്കുന്നു. പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുന്ന കന്യകാമറിയമെന്ന വിദ്യാലയത്തിലേക്ക് വിദ്യാര്‍ത്ഥികളെപ്പോലെയാണ് നമ്മള്‍ കടന്നുവരുന്നതെന്നും, ദൈവത്തിന്റെ വാഗ്ദാനമനുസരിച്ച് എപ്രകാരം ജീവിക്കണമെന്നും മാതാവ് പഠിപ്പിച്ചു തരുന്നു.

യേശുവിനെ നമ്മുടെ ജീവിതത്തിലും, ഹൃദയത്തിലും സ്വീകരിക്കേണ്ടതിന്റെ നേര്‍ സാക്ഷ്യമാണ് ദൈവമാതാവ്. യേശുവിനെ എപ്രകാരം പിന്തുടരണമെന്ന് ഒരു കണ്ണാടിയിലൂടെയെന്നവണ്ണം മാതാവ് നമ്മെ കാണിച്ചുതരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ ദൈവപുത്രനെ ഉദരത്തില്‍ സ്വീകരിച്ച മാതാവ്, അവനെ നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. ദൈവീക വാഗ്ദാനത്തിന്റെ ഒരു ഓര്‍മ്മപുതുക്കലാണ് ജപമാലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും മെത്രാന്മാര്‍ക്കൊപ്പം താന്‍ ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ച കാര്യവും ബിഷപ്പ് ജോണ്‍ പരാമര്‍ശിക്കുകയുണ്ടായി. ബന്ധനങ്ങളഴിക്കുന്ന പരിശുദ്ധ ദൈവമാതാവിലുള്ള വിശ്വാസത്തെക്കുറിച്ച് പാപ്പായോട് ചോദിച്ച കാര്യവും അദ്ദേഹം വിവരിച്ചു. ലോകത്തേയും, സഭയേയും, നമ്മുടെ ജീവിതത്തേയും ബാധിച്ചിരിക്കുന്ന ഏത് ബന്ധനങ്ങളേയും അഴിക്കുവാന്‍ ശക്തിയുള്ള ജപമാലയിലാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു പാപ്പായുടെ മറുപടിയെന്ന് മെത്രാന്‍ പറഞ്ഞു.


Related Articles »