News - 2024

ഭൂഗർഭ സഭയെ തഴഞ്ഞ് ചൈനയിലെ ഔദ്യോഗിക കത്തോലിക്ക വെബ്സൈറ്റ്

സ്വന്തം ലേഖകന്‍ 10-10-2018 - Wednesday

ബെയ്ജിംഗ്: മെത്രാൻ നിയമനം സംബന്ധിച്ചു വത്തിക്കാൻ- ചൈന ഉടമ്പടി ഒപ്പുവച്ചതിനു ശേഷവും ചൈനീസ് സഭയില്‍ അനിശ്ചിതത്വം തുടരുന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റിൽ ഭൂഗർഭ സഭയിലെ അംഗങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നതാണ് ആശങ്കക്കു കാരണമായിരിക്കുന്നത്. ഉടമ്പടിക്കു ശേഷവും ഭൂഗർഭ സഭയെ അവഗണിച്ച് മാറ്റി നിര്‍ത്താന്‍ ഭരണകൂടം നീക്കം നടത്തുകയാണെന്നാണ് പൊതുവില്‍ ഉയരുന്ന ആരോപണം. ചൈനീസ് പാട്രിയോട്ടിക്ക് കത്തോലിക്ക അസോസിയേഷനും കൗൺസിൽ ഓഫ് ചൈനീസ് ബിഷപ്സും സംയുക്തമായാണ് പുതിയ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വെബ്സൈറ്റിന്റെ പുതിയ ഘടനയിൽ വൈദികർക്കും ദേവാലയങ്ങൾക്കും പ്രത്യേക കോളങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവ അപൂര്‍ണ്ണമാണ്.

ഓരോ രൂപതയിലെയും ദേവാലയങ്ങളും വിശ്വാസികളുടെ എണ്ണവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ ഔദ്യോഗിക ദേവാലയങ്ങളുടെ പട്ടികയിൽ ഭൂഗർഭ പ്രാർത്ഥനാലയങ്ങളും വൈദികരുടെയും മെത്രാന്മാരുടെയും പേരുകളും ഒഴിവാക്കിയത് ആശങ്കക്ക് കാരണമായിരിക്കുകയാണ്. ചൈനയിലെ കത്തോലിക്ക സമൂഹം ഒന്നായി പ്രവർത്തിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണകൂടത്തിന്റെയും പാട്രിയോട്ടിക്ക് അസോസിയേഷൻ അംഗീകാരം ലഭിച്ച മെത്രാന്മാരെ മാത്രം പരിഗണിക്കുന്നതിനെയാണ് ഭൂഗർഭ സഭയിലെ അംഗങ്ങൾ ചോദ്യം ചെയ്യുന്നത്. നീണ്ട വര്‍ഷങ്ങളായുള്ള സന്ധി സംഭാഷണങ്ങളെ തുടർന്നാണ് വത്തിക്കാനുമായുള്ള ഉടമ്പടി അംഗീകരിക്കാം എന്ന തീരുമാനത്തിൽ ചൈന എത്തിച്ചേർന്നത്.

ഉടമ്പടി നിലവിൽ വന്നതിന് ശേഷവും കത്തോലിക്ക സഭയുടെ നയങ്ങൾ നടപ്പിലാക്കാൻ ഭരണകൂടവും പാട്രിയോട്ടിക്ക് അസോസിയേഷനും വിമുഖത കാണിക്കുന്നത് കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. പാട്രിയോട്ടിക്ക് അസോസിയേഷന്റെ പരിധിയിൽ നിന്നും തീരുമാനങ്ങൾ വത്തിക്കാനിലേക്ക് പോകുമെന്ന ഭയമാണ് ഭൂഗർഭ സഭയെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ഭൂഗർഭ സഭയെ അസോസിയേഷനു കീഴിൽ കൊണ്ട് വരാനും സമ്മർദ്ധം ചെലുത്തുന്നതായാണ് പുറത്തു വരുന്ന സൂചനകൾ. ഡിസംബറിൽ നടക്കാനിരിക്കുന്ന സന്ധി സംഭാഷണങ്ങളിൽ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.


Related Articles »