News - 2024

ഇറാഖി ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൽദായ ബിഷപ്പ്

സ്വന്തം ലേഖകന്‍ 11-10-2018 - Thursday

ചെസ്റ്റർ: ഇറാഖിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ വീണ്ടും ശ്രമങ്ങൾ നടക്കുന്നുവെന്നും വിശ്വാസികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ബസ്രയിലെ കൽദായ കത്തോലിക്ക ആർച്ച് ബിഷപ്പ് ഹബീബ് നഫാലി. കത്തോലിക്ക ന്യൂസ് സർവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇറാഖിലെ അവശേഷിക്കുന്ന ക്രൈസ്തവരെയും അധികം വൈകാതെ പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്ന സൂചന നൽകിയത്.

കഴിഞ്ഞ പതിനഞ്ചു വർഷം നടന്ന ക്രൈസ്തവ നരഹത്യയുടെ തുടർച്ചയാണ് ഇപ്പോഴും തുടരുന്ന മതമർദ്ധനങ്ങൾ. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ക്രൈസ്തവ വിശ്വാസത്തെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനാണ് ശ്രമം. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആഗോളതലത്തിൽ തന്നെ നീക്കം ആരംഭിച്ചിരിക്കുന്നു; എങ്കിലും അന്തിമ വിജയം ക്രൈസ്തവരുടേതായിരിക്കും. പിന്‍വാങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും ഐ‌എസ് വേരുകള്‍ ഇറാഖില്‍ സജീവമാണ്. ക്രൈസ്തവരെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ.

കുടുംബങ്ങളെ ശിഥിലമാക്കി ഇറാഖിൽ നിന്നും നാടുകടത്തുകയാണ് ക്രൈസ്തവ വിരുദ്ധരുടെ ഉദ്ദേശം. യേശു സംസാരിച്ച അറമായ ഭാഷ സംസാരിക്കുന്ന ക്രൈസ്തവരുടെ സംഖ്യ പതിനഞ്ച് ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവർ. 2003 മുതൽ ആരംഭിച്ച യുഎസ് അധിനിവേശവും ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിന് കാരണമായി. മാതൃരാജ്യത്ത് നിലനില്ക്കുവാൻ പോരാടുന്ന ക്രൈസ്തവരാണ് ഇറാഖിലേതെന്നും ആർച്ച് ബിഷപ്പ് നഫ്താലി കൂട്ടിച്ചേർത്തു.


Related Articles »