News - 2024

യുവജനങ്ങളുടെ പ്രേഷിതാഭിമുഖ്യമാണ് സഭയെ യുവത്വത്തില്‍ നിലനിറുത്തുന്നത്: സിനഡില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 12-10-2018 - Friday

വത്തിക്കാന്‍ സിറ്റി: ഈശോയെ അനുകരിക്കുന്ന യുവതീയുവാക്കളുടെ പ്രേഷിതാഭിമുഖ്യമാണ് സഭയെയും യുവത്വത്തില്‍ നിലനിറുത്തുന്നതെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. യുവജനങ്ങളുടെ വിശ്വാസത്തെയും വിളിയെയും കുറിച്ച് വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭ യുവജനങ്ങളെ സഹഗമിക്കുക മാത്രമല്ല, സഭാശുശ്രൂഷകര്‍ യുവജനങ്ങളാല്‍ അനുയാത്ര ചെയ്യപ്പെടാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

തന്റെ സന്ദേശത്തില്‍ ഭാരതത്തിലെ അല്മായ പ്രേഷിത മുന്നേറ്റങ്ങളുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്ന് സുവിശേഷവേല ചെയ്യുന്ന കാര്യം കര്‍ദ്ദിനാള്‍ പ്രത്യേകം പരാമര്‍ശിച്ചു. ഫിയാത്ത് മിഷന്‍ എന്ന പ്രേഷിതസംഘം ലോകമാകമാനം ബൈബിള്‍ വിതരണംചെയ്യുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ജീസസ് യൂത്ത് എന്ന യുവജനസംഘടന പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര പ്രേഷിതസമൂഹമാണ്. ഇതിനു പുറമേ സ്വന്തം വീടും നാടും ഉപേക്ഷിച്ച് നിശ്ചിത കാലയളവില്‍ മിഷന്‍ പ്രദേശങ്ങളിലും പ്രവാസികളുടെയിടയിലും സുവിശേഷവേലയ്ക്കുവേണ്ടി മാറിനില്‍ക്കുന്ന യുവജനങ്ങളും ഭാരതസഭയിലുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

യുവജനങ്ങളോടൊപ്പമുള്ള അജപാലന അനുയാത്രയെ വിശദീകരിക്കാനായി ഉത്ഥിതനായ ക്രിസ്തുവിന്റെ കല്ലറയിലേക്ക് പത്രോസും യോഹന്നാനും നടത്തുന്ന ഓട്ടത്തെയാണ് ഉദാഹരണമായി മനസിലാക്കേണ്ടതെന്നും ആദ്യമെത്തിയ യോഹന്നാനെപ്പോലെ യുവജനങ്ങള്‍ പല കാര്യങ്ങളിലും സഭാ നേതൃത്വത്തിന്റെ മുന്‍പേ പറക്കുന്ന പക്ഷികളാണെന്നും തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. ഗതകാലത്തിന്റെ പാപഭാരങ്ങള്‍ തിരുസഭയെ പിന്നോട്ടു നയിക്കുന്‌പോള്‍ യുവജനങ്ങളുടെ കര്‍മോത്സുകതയില്‍നിന്നും സഭാ നേതൃത്വത്തിനു പുതിയ ഊര്‍ജവും ശക്തിയും ആര്‍ജിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »