India - 2024

ഇടുക്കി രൂപത 107 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം നല്‍കും

സ്വന്തം ലേഖകന്‍ 13-10-2018 - Saturday

തൊടുപുഴ: പ്രളയ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന്റെ ആദ്യഘട്ടമായി ഇടുക്കി രൂപത 107 വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം നല്‍കും. രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആഹ്വാനപ്രകാരം മുപ്പതോളം സ്ഥലങ്ങളില്‍നിന്നായി വ്യക്തികളും പള്ളികളും സന്ന്യാസ ഭവനങ്ങളും സ്ഥലങ്ങള്‍ സംഭാവന ചെയ്യുകയായിരിന്നു. സന്നദ്ധത അറിയിച്ചവരുടെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മാണയോഗ്യമെന്ന് ഉറപ്പുവരുത്തിയശേഷമാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. അഞ്ചുകോടിയിലധികം രൂപ മാര്‍ക്കറ്റ് വിലയുള്ള പത്തേക്കറോളം സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. സമാഹരിച്ച സ്ഥലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജാതിമത ഭേദമന്യേ അര്‍ഹരായവര്‍ക്ക് കൈമാറും.

രൂപത കൈമാറുന്ന സ്ഥലത്ത് വീടു നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടറും എംപിയും ഉറപ്പുനല്‍കിയതായി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ഇടുക്കി രൂപത അതിര്‍ത്തിയില്‍ 606 കുടുംബങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടു. ഇവരില്‍ 302 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലമുണ്ട്. 304 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടമായി. 107 വീടിനുള്ള സ്ഥലമാണ് രൂപത കണ്ടെത്തിയിട്ടുള്ളത്. 197 കുടുംബങ്ങള്‍ക്ക് വീടിനുള്ള സ്ഥലംകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് രൂപത. നേരത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുകോടിയിലധികം രൂപ ചെലവുവരുന്ന കിറ്റുകള്‍ രൂപത വിതരണം ചെയ്തിരിന്നു.


Related Articles »