News

പോള്‍ ആറാമന്‍ പാപ്പ ഉള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവര്‍ ഇന്ന് വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 14-10-2018 - Sunday

വത്തിക്കാന്‍ സിറ്റി: പോള്‍ ആറാമന്‍ പാപ്പ ഉള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തൂം. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രാദേശിക സമയം രാവിലെ 10.15ന് (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.45) ആരംഭിക്കുന്ന ആഘോഷമായ തിരുക്കര്‍മ്മ മദ്ധ്യേയാണ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

വെടിയേറ്റ് കൊല്ലപ്പെട്ട ആര്‍ച്ച് ബി​ഷപ്പ് അർനു​ൾ​ഫോ ഓസ്കർ റൊ​മേ​റോ, പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍, മാറാരോഗത്തിന്‍റെതായ വേദനകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനവുമായി കടന്നുചെല്ലുകയും പത്തൊമ്പതാമത്തെ വയസ്സില്‍ മരണമടയുകയും ചെയ്തനുണ്‍ത്സിയൊ സുള്‍പ്രീത്സിയൊ, വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ എന്നിവരാണ് വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

1963-1978 കാലഘട്ടത്തില്‍ തിരുസഭയെ നയിച്ച പോള്‍ ആറാമന്‍ പാപ്പ ഭ്രൂണഹത്യക്കെതിരെ ശക്തമായ സ്വരം ഉയര്‍ത്തിയിരിന്നു. മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ മാരകമായ ഒരു രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ രോഗം സൗഖ്യപ്പെട്ടത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം ഫെബ്രുവരി മാസമാണ് അംഗീകരിച്ചത്. പോള്‍ ആറാമന്റെ വിഖ്യാതമായ ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തന്നെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

ലാ​റ്റി​ന​മേ​രി​ക്ക​യി​ല്‍ 1917-80 കാലഘട്ടത്തില്‍ ജീവിച്ച ആ​ർ​ച്ച് ബിഷപ്പ് ഓ​സ്ക​ർ റൊ​മേ​റോ​ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നും ചൂ​ഷ​ണ​ത്തി​നു​മെ​തി​രേ ശക്തമായി പോ​രാ​ടി​യിരിന്നു. 1980 മാ​ർ​ച്ച് 24-നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ൾ ദി​വ്യ​ബ​ലി മ​ധ്യേ അ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു കൊലപ്പെടുത്തുകയായിരിന്നു.

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നാലുപേര്‍ ഇറ്റലി സ്വദേശികളും രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേറോ എല്‍ സാല്‍വദോര്‍ സ്വദേശിയും വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ ജര്‍മ്മന്‍കാരിയും വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ സ്പെയിന്‍ സ്വദേശിനിയുമാണ്. വിശുദ്ധ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍, വത്തിക്കാനില്‍ നടന്നുവരുന്ന മെത്രാന്‍മാരുടെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന, സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായിരിക്കും.


Related Articles »