India - 2024

ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി

സ്വന്തം ലേഖകന്‍ 14-10-2018 - Sunday

നെയ്യാറ്റിന്‍കര: കര്‍മലീത്ത വൈദികനും മിഷ്ണറിയുമായിരുന്ന ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ഇന്നലെ രാവിലെ 11നാണ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേല്‍ വായിച്ചു. തുടര്‍ന്ന് നാമകരണ നടപടികള്‍ തുടങ്ങുന്നതിനുളള സമ്മതം അറിയിച്ചുകൊണ്ടുളള പ്രഖ്യാപനം കര്‍മലീത്താസഭ മലബാര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നടത്തി.

തുടര്‍ന്ന് ഫാ. അദെയോദാത്തൂസിന്റെ ലഘു ജീവചരിത്രം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ വായിച്ചു. നെയ്യാറ്റിന്‍കര റീജണ്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ഡി. സെല്‍വരാജന്‍ നാമക രണ നടപടികളുടെ എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റായും രൂപതാ ചാന്‍സലര്‍ റവ. ഡോ.ജോസ് റാഫേല്‍ നോട്ടറിയായും രൂപതാ ട്രിബ്യൂണല്‍ ജഡ്ജ് റവ. ഡോ. രാഹുല്‍ലാല്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസായും സത്യപ്രതിജ്ഞ ചെയ്തു ചുമതലകള്‍ ഏറ്റെടുത്തു.

വൈസ് പോസ്റ്റുലേറ്ററായി ഫാ. സക്കറിയാസ് കരിയിലക്കുളം ഒസിഡി സത്യപ്രതിജ്ഞ ചെയ്തു. പോസ്റ്റുലേറ്റര്‍ കര്‍മലിത്താസഭയുടെ സുപ്പീരിയര്‍ ജനറല്‍ വത്തിക്കാനില്‍ നിന്നുളള ഫാ. റൊമാനോ ഗാന്പലുങ്ക ഒസിഡിയാണ്. ദൈവദാസ പദവിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഈ മാസം 20ന് തിരുവനന്തപുരത്തു പാങ്ങോട് കാര്‍മല്‍ ഹില്‍ ആശ്രമത്തില്‍ നടക്കും. അന്നു വൈകുന്നേരം 4.30 ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബല അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.


Related Articles »