Social Media

അമ്മയുടെ കരം പിടിക്കാം, അമ്മയെ സ്നേഹിക്കാം, അമ്മയുടെ സ്നേഹം അനുഭവിക്കാം

സിസ്റ്റര്‍ പുഷ്പ മരിയ എസ്‌എച്ച് 15-10-2018 - Monday

സഹനത്തിന്റെ നിഴൽ വീണ താഴ് വരകളിൽ മാതൃസ്നേഹത്തിന്റെ അമൃത് വിളമ്പി തന്ന ഒരമ്മയുണ്ട് നമുക്ക്. പരിശുദ്ധ കന്യകാമറിയം. കരങ്ങൾ കൂപ്പി ദൈവഹിതത്തിന് കാതോർത്തവൾ. നസ്രസിലെ കൊച്ചുവീട്ടിൽ മാതൃസ്നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിശ്വസ്തതയുടെയും തിരിനാളമായി കത്തിയെരിഞ്ഞവൾ .. ജനനം മുതൽ മരണം വരെ ഈശോയുടെ കാലടിപ്പാതകളിൽ അമ്മയുണ്ടായിരുന്നു. ഒരു സാന്ത്വനമായി..... മുറിവുകളിൽ തൈലമായി....... വീഴ്ചകളിൽ കരബലമായി ........!

പരി. അമ്മ നമുക്കും ആശ്രയിക്കാവുന്ന ഒരു ദിവ്യസങ്കേതമായി മാറുവാൻ കാരണമെന്താ? അമ്മയുടെ ആർദ്രമായ മൗനമാണ് അതിനു കാരണം. "നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും" എന്ന ശിമയോന്റെ പ്രവചനത്തെയും മൗനം കൊണ്ടവൾ ഏറ്റുവാങ്ങി. പിന്നീടങ്ങോട്ട് കനൽവഴികളിലൂടെയുള്ള യാത്രയായിരുന്നു. എല്ലായിടത്തും അമ്മ പരിപൂർണ വിശ്വസ്തയായിരുന്നു. ദൈവത്തോടും മനുഷ്യരോടും പ്രപഞ്ചത്തോടുമെല്ലാം. ലോകത്തൊരു സ്ത്രീക്കും ലഭിക്കാത്ത കയ്പുനീരല്ലേ പുത്രനെ പ്രസവിക്കുന്ന നാളിൽ അമ്മക്കൂ ലഭിച്ചത്. പുത്രനെ പ്രസവിച്ചത് കാലിത്തൊഴുത്തിൽ. ഈശോയുടെ 12-ാം വയസ്സിൽ പുത്രനഷ്ടത്തിന്റെ വേദന അനുഭവിച്ച അമ്മ.

പുത്രനെ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ സർവം മറന്ന് നിറമിഴികളോടെ ദൈവത്തെ വിളിച്ചിട്ടുണ്ടാവാം.മുപ്പതാം വയസുവരെ മാതാവിന്റെ തണലിൽ ജീവിച്ച് പരസ്യ ജീവിതത്തിന് പുറപ്പെട്ട പുത്രനെക്കുറിച്ചു അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു .പുത്രനെ കുറിച്ച് നല്ലത് മാത്രം കേൾക്കാൻ ഏതൊരു അമ്മയെയും പോലെ പരിശുദ്ധ അമ്മയും ആഗ്രഹിച്ചിരുന്നു. അനുഗ്രഹാശീർവാദത്തോടെ മകൻ നടന്നകന്നപ്പോൾ അമ്മയുടെ ഹൃദയത്തിലും പ്രതീക്ഷകളുടെ അലയടികൾ. എന്നാൽ തച്ചന്റെ മകൻ, ഭ്രാന്തൻ, ദൈവനിഷേധി എന്നിങ്ങനെ പുത്രനെ കുറിച്ച് കേൾക്കേണ്ടി വന്നപ്പോഴും അമ്മ മൗനം പാലിച്ചു. മറ്റാരേക്കാൾ അധികമായി ഈശോയെ മനസ്സിലാക്കിയ അമ്മയ്ക്ക് അറിയാമായിരുന്നു ഏതാണ് ശരിയെന്ന്. നിസ്സഹായനായി നിന്ന് പീഡനങ്ങൾ ഏൽക്കേണ്ടി വന്ന സ്വന്തം മകനെ ആ മാതൃഹൃദയം നെഞ്ചോട് ചേർത്തുവച്ചു. ചാട്ടവാറുകൾ കൊണ്ട് പൊന്നു മകന്റെ ശരീരത്തിൽനിന്നും പച്ചമാംസം കൊത്തി എടുത്തപ്പോഴും നിലവിളിയുടെ ആൾരൂപമായി ഒരു വിളിപ്പാടകലെ അമ്മയുണ്ടായിരുന്നു.

അരുതേ ....അരുതേ ...എന്ന് നെഞ്ചിടിപ്പിനോടൊപ്പം അമ്മയും നിലവിളിച്ചിട്ടുണ്ടാവും. യൗസേപ്പിതാവിനോടൊപ്പം പണിപ്പുരയിലായിരുന്നപ്പോൾ ആശ്വാസമായി എപ്പോഴും അമ്മ കൂടെയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരുപാട് ഭാരവും ഉയരവുമുള്ള കുരിശ് പുത്രന് ചുമക്കേണ്ടി വന്നപ്പോൾ അമ്മ നിസ്സഹായയായി. കാൽതട്ടി കുരിശുമായി വീണ മകനെ മാറോട് ചേർത്തണക്കുവാൻ അമ്മ ഓടിയെത്തി. എന്നാൽ ക്രൂരരായ ആയുധധാരികളുടെ മധ്യേ അമ്മയ്ക്ക് കരം നൽകാനായില്ല. നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ടാകാം അമ്മ . കുരിശിൽ പിടഞ്ഞു മരിക്കുന്ന പുത്രന്റെ വേദന കാണേണ്ടി വരുന്ന ഒരു അമ്മ. അവന്റെ ചുടുചോര വീണത് അമ്മയുടെ ഹൃദയത്തിലേക്കായിരുന്നു. അവന്റെ ശവശരീരവും മടിയിൽ കിടത്തിയുള്ള ഹൃദയം തകർന്നുള്ള അമ്മയുടെ നിലവിളി....!

ഒരു സ്ത്രീയും ഈ ലോകത്ത് അനുഭവിക്കാത്ത സഹനത്തിന്റെ ആൾരൂപമായി മാറി പരി. അമ്മ. വേദനയുടെ എരിതീയിൽ എരിഞ്ഞമർന്ന അമ്മയെ പ്രാണപീഡകളുടെ ഉച്ചസ്ഥായിയിലും ഈശോ മറന്നില്ല. കരുതലോടെ അമ്മയെ ഭരമേൽപിച്ചു പ്രിയ ശിഷ്യന്. ഇന്ന് നിനക്കും എനിക്കും മുൻപിൽ പ്രത്യാശയുടെ തണലായി അമ്മ നിലകൊള്ളുമ്പോൾ നാം എന്തിന് ഭയപ്പെടണം? എന്തിന് ആകുലപ്പെടണം?കണ്ണുനീർ ചാലുകൾ വറ്റാത്ത അമ്മയുടെ മിഴികൾക്ക് നമ്മുടെ നൊമ്പരങ്ങൾ മനസ്സിലാക്കാനുള്ള തെളിച്ചമുണ്ട് .കാരണം വേദന അറിഞ്ഞവനെ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനാവൂ. ഈശോ നമുക്കു നൽകിയ മനോഹര സമ്മാനമാണ് അമ്മ. അമ്മക്കൊരിക്കലും നമ്മെ തള്ളിക്കളയാനാവില്ല.മക്കൾ വിളിക്കുമ്പോൾ അമ്മ കേൾക്കാതിരിക്കുമോ? ഹൃദയം നുറുങ്ങിയുള്ള നിലവിളികൾക്ക് അമ്മയുടെ കരങ്ങളിൽ അപ്പോൾതന്നെ ഉത്തരമുണ്ട്.

ജീവിതത്തിന്റെ ഇടനാഴിയിൽ നിരാശയിൽ നിപതിക്കുന്ന മക്കൾക്ക് അഭയ സങ്കേതമായ അമ്മയ്ക്ക് നാമും പ്രതിസ്നേഹം നൽകേണ്ടേ? ജപമണികളിലൂടെയുള്ള തീർത്ഥാടനത്തിന്റെ നാളുകളാണ് ഇത്. നൊമ്പരപ്പാടുകളേറ്റ ചിപ്പിക്കുള്ളിലെ മുത്താണ് ഓരോ ജപമാല മണികളും. കൈവിരലുകൾക്കിടയിലൂടെ ജപമാലയുടെ മുത്തുകൾ ഓരോന്നും കടന്നു പോകുമ്പോൾ അധരവും ഹൃദയവും 'നന്മനിറഞ്ഞ മറിയമേ..... ' എന്ന പ്രാർത്ഥനയാൽ മുഖരിതമാകട്ടെ. ഹൃദയം അമ്മയോടുള്ള സ്നേഹവാത്സല്യങ്ങളാൽ നിറയട്ടെ. പാപത്തിന്റെ ലാഞ്ചനപോലും ഏൽക്കാത്ത അമ്മയുടെ പവിത്രത നിന്റെയും എന്റെയും ജീവിതത്തിലുണ്ടാകട്ടെ. അമ്മയുടെ കരം പിടിക്കാം. അമ്മയെ സ്നേഹിക്കാം. അമ്മയുടെ സ്നേഹം അനുഭവിക്കാം.

More Archives >>

Page 1 of 7