News - 2018

മെക്സിക്കോയിൽ വൈദിക കൊലപാതകം തുടരുന്നു

സ്വന്തം ലേഖകന്‍ 16-10-2018 - Tuesday

മെക്സിക്കോ സിറ്റി: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക കൊലപാതകം നടക്കുന്ന മെക്സിക്കോയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൻ ലൂയിസ് റെ ഡെ ഫ്രാൻസിയയിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ഫാ. ഇസ്മാർ ആർതുറോ ഒർട്ട എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. വൈദികന്റെ മരണ വിവരം തിജുവാന ആർച്ച് ബിഷപ്പ് മോൺ.ഫ്രാൻസിസ്കോ മോറെനോ ബാരൺ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ഒക്ടോബർ പതിനൊന്നിന് കൊളോണിയ ഒബറേറയിൽ ബലിയർപ്പിച്ച ഫാ. ഒർട്ടയെ പിന്നീട് കാണാതാവുകയായിരുന്നു.

കൈക്കാലുകൾ ബന്ധിച്ച് ശരീരത്തിൽ മുറിവുകളോടുകൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച മോൺ.ബാരൺ സാൻ ലൂയിസ് ദെ ഫ്രാൻസിയ ഇടവകയ്ക്ക് എഴുതിയ ഇടയലേഖനത്തിൽ ഫാ. ഓർട്ടയുടെ മരണം അറിയിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. വൈദികന്റെ സംസ്കാര ശുശ്രൂഷകൾ പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ 26 കത്തോലിക്ക വൈദികരാണ് രാജ്യത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരാണ്.


Related Articles »