News - 2024

കത്തോലിക്ക പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: കര്‍ദ്ദിനാള്‍ സാറ

സ്വന്തം ലേഖകന്‍ 17-10-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ലൈംഗീകത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാലാകാലങ്ങളായുള്ള കത്തോലിക്കാ സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങളില്‍ ചുരുക്കം ചില യുവജനങ്ങള്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ വെള്ളം ചേര്‍ക്കുന്നത് ശരിയല്ലെന്ന് വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍വെച്ചാണ് സഭാപ്രബോധനങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞത്.

ചിലര്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ സഭാ പ്രബോധനങ്ങള്‍ അവ്യക്തമോ, മാറ്റപ്പെടേണ്ടതോ അല്ലെന്നും, മറിച്ച് തിരുസഭയും അജപാലകരും ക്രിസ്ത്യന്‍ ആശയങ്ങളെ ധൈര്യപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും ഇക്കഴിഞ്ഞ ചൊവ്വാഴ്ച സിനഡ് മെത്രാന്‍മാരോട് കര്‍ദ്ദിനാള്‍ പറഞ്ഞു. അല്ലാത്ത പക്ഷം യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ സഭ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലൈംഗീകതയെ ആസ്പദമാക്കിയുള്ള വിഭാഗീയത, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവയെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ വ്യക്തമാക്കണമെന്ന് സിനഡിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ ഒരു കൂട്ടം യുവജനങ്ങള്‍ ആവശ്യപ്പെട്ടകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

എന്നാല്‍ മുന്‍വിധികളോട് കൂടിയല്ലാത്ത ഒരു തുറന്ന ചര്‍ച്ചക്ക് പുറമേ സഭാ പ്രബോധനങ്ങളില്‍ നിന്നുള്ള വ്യതിചലനവും, സമഗ്രമായ മാറ്റവുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ എല്ലാവര്‍ക്കും ദഹിച്ചെന്നു വരികയില്ലെങ്കിലും, അത് അവ്യക്തമാണെന്ന് പറയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ചില അജപാലകരെ സംബന്ധിച്ചിടത്തോളം ചില ഭാഗങ്ങള്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍ സ്വന്തം ബോധമണ്ഡലത്തില്‍ ഒരു സമഗ്ര പരിശോധന നടത്തുകയാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു.

വളരുവാനും, പുരോഗതി പ്രാപിക്കുവാനും ആഗ്രഹിക്കുന്ന ഒരു സമുദായത്തിന്റെ ഏറ്റവും അമൂല്യമായ ഉറവിടമാണ് യുവജനത, അതിനാല്‍ യുവജനങ്ങളുടെ ആദര്‍ശനിഷ്ഠയെ വില കുറച്ച് കാണുന്നത് ഒരു ഗൗരവമേറിയ തെറ്റാകുമെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ സാറ തന്റെ ചിന്ത ഉപസംഹരിച്ചത്. സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തെ ഇതിനുമുന്‍പും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ശക്തമായി എതിര്‍ത്തിട്ടുണ്ട്.


Related Articles »